ദുബായിൽ ‘ഓഫ് സീസൺ’: ആറ് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് താൽക്കാലിക പൂട്ട്

Mail This Article
ദുബായ് ∙ വേനൽക്കാലം അടുത്തെത്തിയതോടെ ദുബായിൽ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ആറ് കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കുന്നു. എല്ലാ ഓഫ് സീസണുകളിലുമുള്ള അറ്റകുറ്റപ്പണികൾക്കായാണ്, സന്ദർശകർ കുറയുന്ന സമയത്ത് ഈ ആകർഷണകേന്ദ്രങ്ങൾ അടയ്ക്കുന്നത്. ഇവയിൽ ചിലത് ഇതിനകം അടച്ചുകഴിഞ്ഞു.
വേനൽക്കാലത്ത് അടച്ചുപൂട്ടുന്ന വിനോദ കേന്ദ്രങ്ങൾ:
∙ഗാർഡൻ ഗ്ലോ
കുടുംബങ്ങൾക്ക് അനുയോജ്യമായ ഈ വിനോദസഞ്ചാര കേന്ദ്രം കഴിഞ്ഞ വർഷം സെപ്റ്റംബർ 11 നാണ് അവധിക്ക് ശേഷം വീണ്ടും തുറന്നത്. പിന്നീട് അതിന്റെ പത്താം സീസൺ അവസാനിപ്പിച്ചു.

∙ദുബായ് ഫൗണ്ടെയ്ൻ
ഈ മാസം 19 ന് അവസാന ഷോ നടത്തി നവീകരണത്തിനായി ദുബായ് മാളിലെ ദുബായ് ഫൗണ്ടെയ്ൻ അടച്ചുപൂട്ടി. ജനപ്രിയ അബ്ര റൈഡുകൾ, ഫൗണ്ടെയ്നിന്റെ നൃത്തസംവിധാനം, ലൈറ്റിങ്, ശബ്ദം എന്നിവ മെച്ചപ്പെടുത്തിയായിരിക്കും വീണ്ടും തുറക്കുക. ഈ വർഷം ഒക്ടോബറോടെ ഫൗണ്ടെയ്ൻ പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് ദുബായ് മാളിന്റെ ലക്ഷ്യം.

∙റൈപ് മാർക്കറ്റ്
പുതിയ ഉൽപന്നങ്ങൾ, പ്രാദേശിക ഫാഷൻ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് പേരുകേട്ട പ്രിയപ്പെട്ട കമ്മ്യൂണിറ്റി വിപണിയായ റൈപ് മാർക്കറ്റ് അടുത്ത മാസം(മേയ്) 11ന് സീസൺ അവസാനിപ്പിക്കും.

∙ഗ്ലോബൽ വില്ലേജ്
ലോക സംസ്കാരങ്ങളുടെയും വിപണികളുടെയും വിനോദത്തിന്റെയും സംഗമ കേന്ദ്രമായ ദുബായിലെ ഗ്ലോബൽ വില്ലേജ് വേനൽക്കാലത്ത് അടയ്ക്കും. എന്നാൽ ഇതിന് മുൻപ് സന്ദർശകർക്ക് ഇനിയും സമയം നൽകി സീസൺ 29 മേയ് 11ന് അവസാനിപ്പിക്കാനാണ് തീരുമാനം.

∙മിറക്കിൾ ഗാർഡൻ
പൂക്കളുടെ സാമ്രാജ്യമായി അറിയപ്പെടുന്ന മിറക്കിൾ ഗാർഡൻ ജൂൺ 15ന് അടയ്ക്കും. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ദുബായ് മിറക്കിൾ ഗാർഡനിൽ പൂക്കൾ കൊണ്ട് നിർമ്മിച്ച മനോഹരമായ സവിശേഷതകൾ കുറച്ച് ആഴ്ചകൾ കൂടി ആസ്വദിക്കാം.

∙ദുബായ് സഫാരി പാർക്ക്
വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ ദുബായ് സഫാരി പാർക്ക് ജൂൺ ഒന്നിനാണ് അടയ്ക്കുക.