ADVERTISEMENT

ജിദ്ദ ∙ ആയിരക്കണക്കിന് ദ്വീപുകളുടെ കൂടി രാജ്യമാണ് സൗദി അറേബ്യ. വിശാലമായ നീല സമുദ്രത്തിലെ മുത്തുമണികൾ പോലെ നിരവധി ദ്വീപുകൾ ഒളിപ്പിച്ച മരുഭൂമിയുടെ അദ്ഭുതലോകം. പുതിയ പര്യവേഷണങ്ങളിലൂടെ ഈ ദ്വീപുകൾ ഓരോന്നായി കണ്ടെത്തുകയും അവിടെ മനുഷ്യവാസം സാധ്യമാക്കുകയും ചെയ്യുകയാണ് അധികൃതർ.

ഇതിലെ ഏറ്റവും പുതിയ ഉദാഹരണമാണ് സൗദി അറേബ്യയിലെ ആദ്യത്തെ സ്വകാര്യ റസിഡൻഷ്യൽ ദ്വീപായ ലാഹിഖ്. റെഡ് സീ ഡെവലപ്മെന്റ് കമ്പനിയുടെ കീഴിൽ, അത്യാധുനിക ആഡംബര സൗകര്യങ്ങളോടെയുള്ള ദ്വീപ് കഴിഞ്ഞ ദിവസം തുറന്നുകൊടുത്തു. പവിഴപ്പുറ്റുകൾക്കും നീലനിറത്തിലുള്ള വെള്ളത്തിനും ഇടയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

സീലൈൻ വില്ലകൾ, ഫോർ സീസൺസ് റസിഡൻസസ്, വിറ്റ്‌സ് കാൾട്ടൺ റിസർവ് റസിഡൻസസ്, മിറാവൽ റസിഡൻസസ് എന്നിവയുൾപ്പെടെ അതിശയകരമായ താമസ സൗകര്യങ്ങൾ ലാഹിഖ് ദ്വീപ് പദ്ധതിയിൽ ഉണ്ടാകുമെന്ന് റെഡ് സീ ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. ചെങ്കടലിലും അറേബ്യൻ ഉൾക്കടലിലുമായി 1,285 ദ്വീപുകളാണ് സൗദിയിലുള്ളത് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ 89 ശതമാനം ചെങ്കടലിലും അഖബ ഉൾക്കടലിലും 11 ശതമാനം അറേബ്യൻ ഉൾക്കടലിലുമാണ്. സൗദിയുടെ ജലാതിർത്തിയിൽ ചെങ്കടലിലും അഖബ ഉൾക്കടലിലുമായി 1,150 ദ്വീപുകളും അറേബ്യൻ ഉൾക്കടലിൽ 135 ദ്വീപുകളുമുണ്ട്. പവിഴപ്പുറ്റ് ദ്വീപുകളും മണൽ ദ്വീപുകളും അഗ്നിപർവത ദ്വീപുകളും സൗദിയുടെ പ്രത്യേകതയാണ്. ചില ദ്വീപുകളുടെ തീരങ്ങളിൽ മൃദുലമായ മണൽത്തരികൾ പരന്നുകിടക്കുമ്പോൾ മറ്റു ചില ദ്വീപുകൾക്ക് തീരമില്ലാത്ത കുന്നിൻ പ്രദേശങ്ങളാണ്.

Image Credit: X/DrKarimWafa
Image Credit: X/DrKarimWafa

സൗദിയിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം ഫുർസാനാണ്. ജനവാസമുള്ളതും ഇല്ലാത്തതുമായ ദ്വീപുകൾ ഇവിടെയുണ്ട്. സൗദിയിലെ ഏറ്റവും വലിയ ദ്വീപും ഫുർസാൻ ആണ്, ഇതിന്റെ വിസ്തീർണം 380 ചതുരശ്ര കിലോമീറ്ററാണ്. ജിസാനിൽ നിന്ന് ഫുർസാനിലേക്ക് ദിവസവും കപ്പൽ സർവീസുണ്ട്. ഏറെ ചരിത്രപ്രാധാന്യമുള്ള ദ്വീപ് കൂടിയാണിത്. നിരവധി മലയാളികളും ഇവിടെ ജോലി ചെയ്യുന്നു. സൗദിയിലെ പ്രാദേശിക വിനോദസഞ്ചാരികളും ഫുർസാനിൽ നിത്യവും സന്ദർശിക്കാനെത്തുന്നു.

ലോകത്ത് മറ്റൊരു ദ്വീപിലും കണ്ടെത്താത്ത പരിസ്ഥിതിയും ജൈവ വൈവിധ്യങ്ങളും ഫുർസാൻ ദ്വീപിന്റെ പ്രത്യേകതയാണ്. വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട പക്ഷികളും പവിഴപ്പുറ്റുകളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. അസംസ്കൃത കുന്തിരിക്കവും ധാരാളമായി ഇവിടെയുണ്ട്. ഇടതൂർന്ന് വളരുന്ന കണ്ടൽ ചെടികൾ ഫുർസാൻ ദ്വീപിന്റെ മറ്റൊരു പ്രത്യേകതയാണ്. അപൂർവമായ പവിഴപ്പുറ്റുകൾ ഫുർസാൻ ദ്വീപിലെ ജലം മടിത്തട്ടിൽ ഒളിപ്പിച്ചിരിക്കുന്നു. ആൽഗകളും സമുദ്ര ചെടികളും വൈവിധ്യമാർന്ന സമുദ്രതൃണങ്ങളും ഫുർസാൻ ദ്വീപിൽ വ്യാപിച്ചുകിടക്കുന്നു. വർഷത്തിലെ ചില പ്രത്യേക കാലങ്ങളിൽ കടലാമകളും കടൽ പക്ഷികളും കൂട്ടത്തോടെ ദ്വീപ് തീരങ്ങളിൽ കൂടുകൂട്ടി കഴിയുന്നു. ആമിന, കദംബൽ, ഖുമാഹ്, ദമസ്ക്, സിഫാഫ്, ദോശക്, സുഖൈദ്, കീറ എന്നിവയെല്ലാം ഫുർസാൻ ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപുകളാണ്.

വിസ്തീർണത്തിൽ രണ്ടാം സ്ഥാനത്ത് സജീദ് ദ്വീപ് ആണ്, ഇതിന്റെ വിസ്തീർണം 150 ചതുരശ്ര കിലോമീറ്ററാണ്. അറേബ്യൻ ഉൾക്കടലിലെ ഏറ്റവും വലിയ സൗദി ദ്വീപ് 59 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അബൂ അലിയാണ്. രണ്ടാം സ്ഥാനത്തുള്ള അൽബാതിന ദ്വീപിന് 33 ചതുരശ്ര കിലോമീറ്ററും മൂന്നാം സ്ഥാനത്തുള്ള താറൂത്ത് ദ്വീപിന് 20 ചതുരശ്ര കിലോമീറ്ററും വിസ്തീർണമുണ്ട്.

പവിത്രൻ
പവിത്രൻ

ഫുർസാൻ ദ്വീപിൽ മലയാളികളുടെ സാന്നിധ്യവും ഏറെയാണ്. സൗദി അറേബ്യയുടെ മാത്രമല്ല, ലോക ചരിത്രത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഫുർസാൻ എന്ന് പതിറ്റാണ്ടുകളായി ഫുർസാനിൽ ജോലി ചെയ്യുന്ന പവിത്രൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഹിറ്റ്ലറുടെ കാലത്ത് ജർമൻ സേന താവളമായി ഉപയോഗിച്ച ദ്വീപുകളിലൊന്ന് ഫുർസാനിലായിരുന്നു. ഇതിന്റെ ചരിത്രശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. ജർമനിയിൽനിന്നുള്ളവർ ഓരോ വർഷവും ഇവ കാണാനായി മാത്രം ഫുർസാനിലെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയാണ് ഫുർസാൻ ദ്വീപിൽ ഹരീദ് ഫെസ്റ്റ് നടന്നത്. സൗദിയിലെ തന്നെ ഏറ്റവും വലിയ മത്സ്യോൽസവമാണിത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്നവരാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് അറബിക്കടലിലൂടെ ചെങ്കടലിലേക്ക് ഒരു മാസത്തെ യാത്രയ്ക്ക് ശേഷം ഫർസാന്റെ ശാന്തമായ ബീച്ചുകളിലേക്ക് എത്തുന്നവരാണ് ഹരീദ് മത്സ്യങ്ങൾ. ഇവയുടെ വലിയ കൂട്ടമാണ് ഓരോ വർഷവും എത്തുക. തത്ത മത്സ്യം എന്നും അറിയപ്പെടുന്ന ഇവ, ആഴക്കടലിലെ പവിഴപ്പുറ്റുകളിൽ വസിക്കുന്നതും സമുദ്ര ആവാസവ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നവയുമാണ്. തത്ത പോലുള്ള കൊക്കും തിളക്കമുള്ള നിറങ്ങളും കൊണ്ട് തിരിച്ചറിയാവുന്ന ഇവയിൽ 90ൽ അധികം ഇനങ്ങളുണ്ട്. ഓരോന്നിനും സവിശേഷമായ ആകൃതികളും വർണ്ണ പാറ്റേണുകളുമാണ്. ഹരിദ് മത്സ്യങ്ങളുടെ വിശാലമായ കൂട്ടങ്ങൾ ഫുർസാനിൽ എത്തുമ്പോൾ പ്രകൃതിയിൽ അസാധാരണമായ ഒരു സംഭവം അരങ്ങേറും. ചാന്ദ്ര മാസത്തിലെ 15-ാം ദിവസം സൂര്യാസ്തമയത്തിനുശേഷം കടലിൽ നിന്ന് പ്രത്യേക സുഗന്ധം വരും. ഇവ കണ്ടെത്തി മത്സ്യത്തിന്റെ വരവ് പ്രവചിക്കാനുള്ള അതുല്യമായ കഴിവ് ഫുർസാൻ നിവാസികൾക്ക് ഉണ്ട്.

English Summary:

Saudi Arabia, long known for its vast deserts, is also a nation comprising thousands of islands scattered like pearls across the expansive blue sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com