'കേറി വാടാ മക്കളേ': ജപ്പാനിലെ ചെറി ബ്ലോസം ഇവിടുണ്ട്! പൂത്തുലഞ്ഞ് കത്താറ കൾചറൽ വില്ലേജ്; പടുകൂറ്റൻ ബൊക്കെ കാണാൻ സന്ദർശക പ്രവാഹം

Mail This Article
ദോഹ ∙ അത്ഭുത കാഴ്ചകൾ കൊണ്ട് വിസ്മയം തീർക്കുന്ന ഒരു സ്ഥലം കൂടിയാണ് കത്താറ കൾചറൽ വില്ലജ്. നിരവധി വൻകിട ആഘോഷങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും വേദിയാകുന്ന ഖത്തറിന്റെ സാംസ്‌കാരിക തലസ്ഥാനം കൂടിയായ കത്താറ വില്ലേജ് ഒരു അത്ഭുത കാഴ്ചകൂടി സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പ ബൊക്കെ ഒരുക്കിയാണ് ഇപ്പോൾ സന്ദർശകർക്ക് വിസ്മയം തീർത്തിരിക്കുന്നത്. ഒപ്പം ചെറിബ്ലോസം ഫെസ്റ്റിവലും. ഇത് രണ്ടും കാണാൻ ആയിരങ്ങളാണ് കത്താറയിൽ എത്തുന്നത്.
6 മീറ്റർ ഉയരവും 6 മീറ്റർ വീതിയുമുണട് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പ ബൊക്കെക്ക്. ഈ അതിശയകരമായ ബൊക്കെ ഉണ്ടാക്കാൻ 5,564 പെറ്റൂണിയ തൈകളാണ് ഉപയോഗിച്ചത്. കത്താറ കൾചറൽ വില്ലേജിന്റെ പ്രവേശന കവാടത്തിനടുത്ത് തന്നെ ഒരുക്കിയിരിക്കുന്ന ബൊക്കെ ഇപ്പോൾ ആളുകളുടെ പ്രിയപ്പെട്ട സന്ദർശന കേന്ദ്രമായിരിക്കുകയാണ്. ഫോട്ടോ ഷൂട്ടിനും കാഴ്ച കാണാനുമായി കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ എത്തുന്നുണ്ട്.
കത്താറയിലെ 21 ഹൈസ്ട്രീറ്റിൽ ഒരുക്കിയിരിക്കുന്ന ചെറിബ്ലോസം ഫെസ്റ്റിവലാണ് മറ്റൊരു ആകർഷണം. ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലെ ഒരു പ്രധാന സീസണൽ ആഘോഷമാണ് ചെറിബ്ലോസം. മാർച്ച് അവസാന വാരവും ഏപ്രിൽ മാസത്തിലുമാണ് ഇത് നടക്കുനന്നത്. അതിന്റെ ഭാഗമായി കൂടിയാണ് കത്താറ വില്ലജ് ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയത്. റീൽ പ്രേമികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടം.
റീൽ ചിത്രീകരണത്തിനായി വിവിധദേശക്കാരായ നിരവധി പേരാണ് ഇവിടെ എത്തുന്നത്. തലയുയർത്തി നിൽക്കുന്ന ഈ ചെടികൾ ആർട്ടിഫിഷ്യൽ ആണെങ്കിലും കാഴ്ച ഏറെ സുന്ദരമാണ്. അതുകൊണ്ടു തന്നെ ഇവിടെ എത്തുന്ന സന്ദർശകർക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ് ചെറിബ്ലോസം ഫെസ്റ്റിൽ. നിരവധിപേർ ഇതിനകം ഇവിടെ സന്ദർശിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിലും ഈ അത്ഭുത കാഴ്ചകളുടെ ഫോട്ടോകളും റീലുകളും വൻഹിറ്റായി മാറിയിരിക്കുകയാണ്. കത്താറ കൾചറൽ വില്ലജ് വരെ മെട്രോ സർവീസ് ഉണ്ടെന്നതും ആളുകൾക്ക് ഇവിടെ എത്താൻ ഏറെ എളുപ്പമാണ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ കൂടുതൽ പേർ ഇത് കാണാൻ കത്താറയിൽ എത്തും.