ഇന്ത്യൻ കൾചറൽ സെന്റർ ഇന്ത്യൻ കാർണിവൽ മേയ് 15 മുതൽ

Mail This Article
ദോഹ ∙ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി) സംഘടിപ്പിക്കുന്ന ഇന്ത്യൻ കാർണിവൽ മേയ് 15, 16 തീയതികളിലായി ഐഡിയൽ ഇന്ത്യൻ സ്കൂൾ മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഐസിസി സംഘടിപ്പിച്ചുവരുന്ന പാസേജ് ടു ഇന്ത്യ, ഭാരത് ഉത്സവ് തുടങ്ങിയ ആഘോഷങ്ങളുടെ തുടർച്ചയാണ് ഇത്തവണത്തെ ഇന്ത്യൻ കാർണിവല്ലെന്നും സംഘാടകർ പറഞ്ഞു. കലാ, സാംസ്കാരിക നൃത്ത പരിപാടികളും, കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും സോഷ്യൽ സർവീസ് സ്കീമുകൾ പരിചയപ്പെടുത്തുന്ന പവലിയനുകൾ, ഭക്ഷ്യ മേള, കരകൗരശല പ്രദർശനം, എന്നിവയാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യൻ കാർണിവൽ ഉണ്ടാവുകയെന്ന് പ്രസിഡന്റ് എപി മണികണ്ഠൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കറിന്റെ നേതൃത്തിൽ രണ്ടാം ദിനമായ വെള്ളിയാഴ്ച സംഗീത വിരുന്നും ഒരുക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
രണ്ടു ദിവസങ്ങളിലും വൈകുന്നേരം നാല് മുതൽ രാത്രി 11 വരെ നീണ്ടു നിൽക്കുന്നതാണ് കാർണിവൽ. കലാവിരുന്നുകൾ രാത്രി ഏഴ് മണിക്ക് ആരംഭിക്കും. ഇന്ത്യൻ കൾചറൽ സെന്ററിനു കീഴിലെ വിവിധ അസോസിയേറ്റഡ് സംഘടനകളും, പ്രാദേശിക കലാകാരന്മാരും, വിവിധ സ്കൂളുകളിൽ നിന്നുള്ള നൃത്ത സംഘങ്ങളും ചേർന്ന് 25ഓളം പരിപാടികളാണ് ഒന്നാം ദിനത്തിൽ വേദിയിലെത്തിക്കുന്നത്. പരിപാടിയുടെ സ്ക്രീനിങ് ആരംഭിച്ചതായും സംഘാടകർ പറഞ്ഞു.രണ്ടാം ദിനത്തിൽ മെഗാ തിരുവാതിര, ഗർബ നൃത്തം തുടങ്ങി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ തനത് കലാപരിപാടികളും വേദിയിലെത്തിക്കും. വെള്ളിയാഴ്ച രാത്രിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ കാർണിവലാലിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഖത്തറിലെ സർക്കാർ പ്രതിനിധികൾ, കമ്യൂണിറ്റി നേതാക്കൾ ഉൾപ്പെടെ അതിഥികളായി പങ്കെടുക്കും. കാർണിവലിനോടനുബന്ധിച്ച് കൾചറൽ പവലിയൻ, പ്രവാസികളുമായി ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾ പരിചയപ്പെടുത്തുന്ന പവലിയൻ, ഇന്ത്യൻ കരകൗശലങ്ങൾ, പരമ്പരാഗത വസ്ത്രങ്ങളുടെ പ്രദർശനം, ആഭരണങ്ങൾ, ഭക്ഷ്യമേള എന്നിവയും ഉണ്ടാകും.
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി പ്രിവിലേജ് കാർഡ് പുറത്തിറക്കുമെന്ന് പ്രസിഡന്റ് എ പി മണികണ്ഠൻ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ, ചില്ലറ വിൽപന കേന്ദ്രങ്ങൾ ഉൾപ്പെടെ ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ ഡിസ്കൗണ്ട് ലഭ്യമാക്കുന്നതാണ് പ്രവിലേജ് കാർഡ്. നിശ്ചിത ഫീസ് ഈടാക്കിയാവും കാർഡ് അനുവദിക്കുന്നത്. രണ്ട് വർഷമാണ് ഒരു കാർഡിന്റെ കാലാവധി. ഐസിസിയുടെ വിവിധ പരിപാടികളും സേവനങ്ങളും, അസോസിയേറ്റഡ് സംഘടനങ്ങളുടെ പരിപാടികളും, ഖത്തറിലെ വിവിധ വിവരങ്ങളുമായി ഐസിസി മൊബൈൽ ആപ്പും കാർണിവലിൽ പുറത്തിറക്കും. ഖത്തറിലുള്ള പ്രവാസികൾക്കും, ഇന്ത്യയിലുള്ളവർക്കും ആവശ്യമായ വിവരങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർണിവലിൽ ദിവസവും 20,000ത്തോളം പേരെ പ്രതീക്ഷിക്കുന്നതായി ഐസിസി അശോക ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. ഖത്തറിലെ എട്ടര ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തെ കൂടുതലായും ഐസിസിയുമായി ചേർത്തു നിർത്തുകയാണ് കാർണിവൽ ഉൾപ്പെടെ സാംസ്കാരിക പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐസിസി ഉപദേശക സമിതി ചെയർമാൻ പി.എൻ ബാബുരാജൻ പറഞ്ഞു.
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡേ, സെക്രട്ടറി പ്രദീപ് പിള്ള, അംഗങ്ങളായ ബിശ്വജിത് ബാനർജി, നന്ദിനി അബ്ബഗൗനി, രാകേഷ് വാഗ്, വെങ്കപ്പ ഭഗവതുലെ, അരവിന്ദ് പ്രസാദ്, സന്ദീപ് ശ്രീറാംറെഡ്ഡി, അനു ശർമ എന്നിവർ പങ്കെടുത്തു.