പ്രതീക്ഷയോടെ അക്ഷയതൃതീയ: ദുബായിൽ സ്വർണ വിലയിൽ വൻ ഇടിവ്; വ്യാപാര യുദ്ധത്തില് കരുത്ത് കാട്ടി പിടിവിട്ട് കുതിക്കുമോ?

Mail This Article
ദുബായ് ∙ അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി ദുബായിൽ സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 367 ദിർഹവും 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 396.25 ദിർഹത്തിലുമാണ് ഇന്ന് വ്യാപാരം. കഴിഞ്ഞ 7 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ യുഎസും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു എന്ന സൂചനകൾക്കിടയിലും താരിഫ് യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപം എന്ന പദവി ശക്തിപ്പെടുത്തുന്നു. ഇത് വില ഉയർന്ന നിലയിൽ തുടരാൻ സഹായിക്കുകയും ചെയ്യും.
കൂടാതെ, വരും മാസങ്ങളിൽ രാജ്യങ്ങളുടെ ധനനയത്തിലെ ഇളവുകളും മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണ വിലയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോളതലത്തിൽ ഔൺസിന് 3,500 ഡോളറും ദുബായിൽ കഴിഞ്ഞയാഴ്ച ഗ്രാമിന് 420 ദിർഹവും എന്ന റെക്കോർഡിൽ സ്വർണ വില എത്തിയിരുന്നു.
തുടർന്ന് വാരാന്ത്യത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. ഇത് ഔൺസിന് 3,318.47 ഡോളറായും ഗ്രാമിന് 400 ദിർഹമായും താഴ്ന്നു. എന്നാൽ, നിലവിലെ സാമ്പത്തിക രാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങൾ തുടരുകയാണെങ്കിൽ സ്വർണം ഉടൻതന്നെ വീണ്ടും 3,450 ഡോളറിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
"ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സംഘർഷം വർധിക്കുകയാണ്. ചൈന ബോയിങ് വിമാനങ്ങളുടെ ഓർഡറുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ വരുന്നു. ചൈനീസ് അധികാരികൾ ഈ നീക്കത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇത് യുഎസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള പരോക്ഷ സാമ്പത്തിക പ്രതികാര നടപടിയായി വിലയിരുത്തപ്പെടുന്നു," എന്ന് എക്സ്എസ് ഡോട്ട് കോം (xs.com)ലെ മാർക്കറ്റ് അനലിസ്റ്റ് ലിൻ ട്രാൻ യുഎഇയിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യുഎസ്-ചൈന വ്യാപാര യുദ്ധത്തിൽ ചില ഉൽപന്നങ്ങളെ താരിഫിൽ നിന്ന് ഒഴിവാക്കിയതാണ് സ്വർണ വിലയുടെ കുതിപ്പ് താൽക്കാലികമായി മന്ദഗതിയിലായിരിക്കുന്നത്. യുഎസ്-ചൈന വ്യാപാര യുദ്ധം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ, ആഗോള നിക്ഷേപകർ കൂടുതൽ ശ്രദ്ധാലുക്കളാണ്. ഈ സാഹചര്യത്തിൽ, സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി തുടരുന്നു.
നിക്ഷേപകർ ഓഹരികളിൽ നിന്നും മറ്റ് അപകടസാധ്യതയുള്ള ആസ്തികളിൽ നിന്നും സുരക്ഷിത നിക്ഷേപത്തിലേക്ക് തിരിയുന്ന പ്രവണത വർധിക്കുകയാണെന്നും ലിൻ ട്രാൻ കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ സ്വർണ വില വീണ്ടും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.