വാഹന നമ്പർ പ്ലേറ്റ് ലേലത്തിൽ പുതിയ റെക്കോർഡുമായി ദുബായ് ആർടിഎ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം

Mail This Article
ദുബായ് ∙ വാഹന നമ്പർ പ്ലേറ്റ് ലേലത്തിൽ പുതിയ റെക്കോർഡ് സ്‌ഥാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ). 98.83 ദശലക്ഷം ദിർഹമാണ് ലേലത്തിൽ നിന്ന് നേടിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണിതെന്ന് അധികൃതർ പറഞ്ഞു. സിസി 22 എന്ന നമ്പർ പ്ലേറ്റ് 8.35 ദശലക്ഷം ദിർഹത്തിന് വിറ്റുപോയതാണ് ഇപ്രാവശ്യത്തെ ഏറ്റവും വലിയ സവിശേഷത.
7.52 ദശലക്ഷം ദിർഹം നേടിയ ബിബി 20, 6.68 മില്യൻ ദിർഹം നേടിയ ബിബി 19 എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 3.31 ദശലക്ഷം ദിർഹത്തിന് എഎ 707ഉം, 3.3 ദശലക്ഷം ദിർഹത്തിന് എഎ 222 ഉം ലേലത്തിൽ പോയി. എഎ, ബിബി, സിസി, ഐ, ജെ, ഒ, പി, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, ഇസഡ് എന്നിവയുൾപ്പെടെ 14 വ്യത്യസ്ത കോഡുകളിൽ നിന്നുള്ള രണ്ട് മുതൽ അഞ്ചക്ക കോംപിനേഷനുകളിലായി 90 പ്രീമിയം നമ്പർ പ്ലേറ്റുകൾ ലേലത്തിൽ ഉണ്ടായിരുന്നു.
പ്ലേറ്റുകളുടെ ആകെ അടിസ്ഥാന മൂല്യം 16.565 ദശലക്ഷം ദിർഹമായിരുന്നെങ്കിലും ആറ് മടങ്ങ് കൂടുതൽ തുക ലഭിച്ചു. ആർടിഎ വെബ്‌സൈറ്റ് മുഖേനയോ, മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ ഉമ്മു റമൂൽ, ദെയ്റ, അൽ ബർഷ എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിൽ നേരിട്ടോ റജിസ്റ്റർ ചെയ്ത് ആർക്കുവേണമെങ്കിലും ലേലത്തിൽ പങ്കെടുക്കാം.
സാധുവായ ദുബായ് ട്രാഫിക് ഫയൽ കൈവശം വയ്ക്കുകയും 25,000 ദിർഹത്തിന്റെ സുരക്ഷാ ചെക്കും 120 ദിർഹത്തിന്റെ റീഫണ്ട് ചെയ്യാത്ത റജിസ്ട്രേഷൻ ഫീസും സമർപ്പിക്കുക എന്നതായിരുന്നു യോഗ്യത നേടുന്നതിനുള്ള മാനദണ്ഡങ്ങൾ. ആർടിഎ ഇടയ്ക്കിടെ ഇത്തരം നമ്പർ പ്ലേറ്റ് ലേലം നടത്തി വൻതുകകൾ നേടാറുണ്ട്. മലയാളികളും ലേലത്തിൽ പങ്കെടുക്കുന്നു.