മെട്രോ യാത്രയ്ക്കിടെ സെൽഫി; റിയാദിൽ മലയാളി യുവാവ് അറസ്റ്റിൽ, ഒടുവിൽ..?

Mail This Article
റിയാദ് ∙ റിയാദ് മെട്രോയിൽ യാത്രയ്ക്കിടെ സെൽഫി പകർത്തിയ മലയാളി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞു. മെട്രോയിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളുടെ ചിത്രം ഇദ്ദേഹത്തിന്റെ മൊബൈലിൽ പതിഞ്ഞതാണ് നടപടിക്ക് കാരണം എന്നാണ് സൂചന. കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീകൾ ആരും പരാതി നൽകിയിരുന്നില്ല.
എന്നാൽ എഐ ക്യാമറയിലെ നിരീക്ഷണങ്ങളാകാം മലയാളിയെ കുടുക്കിയത് എന്നാണ് കരുതുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പൊലീസ് സ്വമേധയാ വിട്ടയച്ചതോടെയാണ് മുറിയിൽ എത്തിയത്.
റിയാദിലെ ബത്ഹയില്‍ നിന്ന് ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സെൽഫിയെടുത്തത്. മെട്രോ കാഫ്ദില്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ മെട്രോ സുരക്ഷ ഉദ്യോഗസ്ഥര്‍ അടുത്തെത്തി മൊബൈലും ഇഖാമയും ആവശ്യപ്പെട്ടു. ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ പൊലീസിന് കൈമാറുകയായിരുന്നു.
കൂടെ യാത്ര ചെയ്ത ഒരാളും ഇദ്ദേഹത്തിന് എതിരെ പരാതി നൽകിയിട്ടില്ലായിരുന്നു. എഐ ക്യാമറ നിരീക്ഷണമാകാം പിടി വീഴാൻ കാരണം. ട്രെയിനിനകത്ത് അനുവദനീയമല്ലാത്ത സ്ഥലത്ത് ഭക്ഷണം കഴിച്ചാലും ഇതുപോലെ പിഴ ഈടാക്കാറുണ്ട്. അടുത്ത സ്റ്റേഷനിൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിഴ ഈടാക്കുകയാണ് ചെയ്യുക. മെട്രോ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ പൂർണമായും പൊതുമര്യാദ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സന്നദ്ധപ്രവർത്തകർ നിർദേശിക്കുന്നുണ്ട്.