അബുദാബിയിൽ 2 വർഷത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; കുതിപ്പ് 81%

Mail This Article
അബുദാബി ∙ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ എണ്ണം വർധിപ്പിച്ച് പ്രകൃതിസൗഹൃദ പാതയിലൂടെ അതിവേഗം കുതിക്കുകയാണ് അബുദാബി. 2 വർഷത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിലുണ്ടായത് 81% വർധനയാണ്.
2024 മാർച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് അബുദാബിയിൽ റജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 10,013 ആയി ഉയർന്നിട്ടുണ്ട്. അതിനു പുറമേ 11,139 ഹൈബ്രിഡ് വാഹനങ്ങളും റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) ആക്ടിങ് ഡയറക്ടർ അബ്ദുല്ല അൽ ഹാഷ്മി പറഞ്ഞു.
എമിറേറ്റിൽ മാത്രം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള 313 പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയുമായി സഹകരിച്ച് കൂടുതൽ സ്ഥലങ്ങളിൽ ചാർജിങ് പോയിന്റുകൾ സജ്ജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രകൃതിസൗഹൃദ ഗതാഗത സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കും. പൊതുഗതാഗത ശൃംഖലയിലെ കൂടുതൽ ഇലക്ട്രിക് വാഹന സർവീസ് ഉറപ്പാക്കും. ആഗോളതാപനം കുറയ്ക്കുന്നതിലെ ഞങ്ങളുടെ പങ്ക് നിർവഹിക്കുന്നതോടൊപ്പം അബുദാബിയെ സുസ്ഥിര ഗതാഗത മാതൃകയായി ഉയർത്തിക്കൊണ്ടുവരികയും ലക്ഷ്യമാണ്. അതുവഴി കാർബൺരഹിത രാജ്യമെന്ന യുഎഇയുടെ ലക്ഷ്യമായ നെറ്റ് സീറോ 2050യിലേക്കു കൂടുതൽ അടുക്കുകയും ചെയ്യും’– അദ്ദേഹം പറഞ്ഞു.
2021 മുതൽ അബുദാബിയിലെ വിവിധ സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവറില്ലാ ഇലക്ട്രിക് ടാക്സികൾ ഓടുന്നുണ്ട്. ആദ്യഘട്ടത്തിൽ സൗജന്യ സേവനമായിരുന്നു നടത്തിയിരുന്നത്. യാസ് ഐലൻഡിലായിരുന്നു തുടക്കം. പിന്നീട് നഗരത്തിന്റെ വിവിധ മേഖലകളിലേക്കു വ്യാപിപ്പിച്ചു. ഇലക്ട്രിക് ബസും നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. സാധനങ്ങളും മരുന്നും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനു ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. 2026ൽ ഫ്ലയിങ് ടാക്സി സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ജൂണോടെ ഇലക്ട്രിക് ഫ്ലയിങ് ടാക്സികളും പരീക്ഷണപ്പറക്കൽ നടത്തും. |