42 ദശലക്ഷം ദിർഹം വിലമതിക്കുന്ന വ്യാജ ഉൽപന്നങ്ങൾ പിടികൂടി ദുബായ് കസ്റ്റംസ്

Mail This Article
ദുബായ് ∙ ഈ വർഷം ആദ്യ 3 മാസത്തിൽ ദുബായ് കസ്റ്റംസ് നടത്തിയ 69 പരിശോധനകളിൽ 42.195 ദശലക്ഷം ദിർഹം വിലമതിക്കുന്ന വ്യാജ ഉൽപന്നങ്ങൾ പിടികൂടി. അതേസമയം, കഴിഞ്ഞ വർഷം ഏകദേശം 92.695 ദശലക്ഷം ദിർഹം വിലമതിക്കുന്ന 285 വസ്തുക്കളുടെ കണ്ടുകെട്ടലുകളാണ് റിപോർട്ട് ചെയ്തത്. കൂടാതെ, 63 വാണിജ്യ ഏജൻസികൾ 159 വ്യാപാരമുദ്രകളും ഒരു ബൗദ്ധിക സ്വത്തവകാശ ആസ്തിയും റജിസ്റ്റർ ചെയ്തതായും റിപോർട് ചെയ്തു. വാച്ചുകൾ, കണ്ണടകൾ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, ബാഗുകൾ, ഷൂസ് തുടങ്ങിയ വ്യാജ വസ്തുക്കൾ എന്നിവയാണ് പിടികൂടിയത്.
വ്യാജ വസ്തുക്കളുടെ വിതരണത്തെ ചെറുക്കുന്നതിനായി അധികൃതർ ബോധവൽക്കരണ ശിൽപശാലകൾ നടത്തുകയും നിയമ സ്ഥാപനങ്ങളുമായി ചേർന്ന് 31 ഇൻസ്‌പെക്ടർമാരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. വിവിധ സർക്കാർ ഏജൻസികളും ട്രേഡ്‌മാർക്ക് ഉടമകളും തമ്മിലുള്ള സഹകരണത്തിലൂടെ വ്യാജ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രാദേശിക വിപണികളിലേക്കുള്ള അവയുടെ പ്രവേശനം തടയുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളും നടക്കുന്നു.
∙ തടവും ഒന്നു മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും
വ്യാജ വസ്തുക്കൾ കൈവശം വയ്ക്കുന്നതിനും വിൽക്കുന്നതിനുമുള്ള ശിക്ഷകൾ കോടതിയാണ് യുഎഇയിൽ തീരുമാനിക്കുക. പിഴകൾ, കണ്ടുകെട്ടൽ, നശിപ്പിക്കൽ, തടവ്, നാടുകടത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വ്യാപാരമുദ്രകളെക്കുറിച്ചുള്ള നിയമം അനുസരിച്ച് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിൽ വ്യാപാരമുദ്ര വ്യാജമായി നിർമിക്കുന്നവർക്ക് കടുത്ത ശിക്ഷകൾ ചുമത്തുന്നു. ഇതിൽ കുറഞ്ഞത് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും തടവും അല്ലെങ്കിൽ ഈ രണ്ടിൽ ഏതെങ്കിലും ഒന്നും ഉൾപ്പെടുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി വ്യാജ വ്യാപാരമുദ്ര അറിഞ്ഞുകൊണ്ട് ഉപയോഗിച്ചതിനും വ്യാജ വ്യാപാരമുദ്രയുള്ള സാധനങ്ങൾ അറിഞ്ഞുകൊണ്ട് ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ ചെയ്തതിനും നിയമലംഘകർക്ക് പിഴ ചുമത്തും.