പരസ്യങ്ങളിൽ പുതിയ കാറുകളുടെ വില പ്രദർശിപ്പിക്കണം; ഖത്തറിൽ വാഹന ഡീലർമാർക്ക് കർശന നിർദേശങ്ങൾ, ചട്ടലംഘനത്തിന് നിയമ നടപടി

Mail This Article
ദോഹ ∙ കാർ ഡീലർമാർക്ക് കർശന മാർഗനിർദേശങ്ങളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. പരസ്യങ്ങളിൽ പുതിയ കാറുകളുടെയും സ്പെയർ പാർട്സുകളുടെയും കൃത്യമായ വിലയും സ്പെസിഫിക്കേഷനുകളും പ്രദർശിപ്പിച്ചിരിക്കണമെന്ന് നിർദേശം. നിശ്ചിത ഇടവേളകളിൽ അറ്റകുറ്റപ്പണികൾക്ക് വരുന്ന തുകയും കാണിച്ചിരിക്കണം.
ഉപഭോക്താക്കളുടെ അനുഭവ പരിചയം മെച്ചപ്പെടുത്താനും കാർ ഡീലർമാരുമായുള്ള പരസ്പര വിശ്വാസം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ നിർദേശങ്ങൾ. 2008 ലെ എട്ടാം നമ്പർ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമാണ് പുതിയ നിർദേശങ്ങൾ. നിർദേശങ്ങൾ പാലിക്കാത്ത ഡീലർമാർക്കെതിരെ കർശന നിയമ നടപടികളും സ്വീകരിക്കും.
ഷോറൂമുകളിൽ പുതിയ കാറുകളുടെ വിലയും സ്പെസിഫിക്കേഷനും ഷോറൂമുകളിലോ അറ്റകുറ്റപണി കേന്ദ്രങ്ങളിലോ എൻജിൻ, ട്രാൻസ്മിഷൻ തുടങ്ങിയ സ്പെയർ പാർട്സുകളുടെ വിലയും അറ്റകുറ്റപ്പണിയുടെ നിരക്കും പ്രദർശിപ്പിച്ചിരിക്കണം. 42 ഇഞ്ചിൽ കുറയാത്ത വലിയ ഇന്ററാക്ടീവ് സ്ക്രീൻ ഷോറൂമുകളിലും അറ്റകുറ്റപണി കേന്ദ്രങ്ങളിലും സ്ഥാപിച്ചിരിക്കണം. അറ്റകുറ്റപണി സേവനങ്ങളുടെ അല്ലെങ്കിൽ സ്പെയർ പാർട്സിന്റെ പേരുകൾ, അവയുടെ വിശദ വിവരങ്ങൾ എന്നിവയെല്ലാം ഈ സ്ക്രീനുകളിൽ കാണിച്ചിരിക്കണം.
ഇത്തരം സ്ക്രീനുകളിലും അല്ലെങ്കിൽ ഡീലർമാരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും കൃത്യമായ വിവരങ്ങൾ നൽകുന്നതിലൂടെ കാർ വാങ്ങുന്നതിന് മുൻപു തന്നെ വിലയും അറ്റകുറ്റപണികൾക്കുള്ള അടിസ്ഥാന നിരക്കുകളെക്കുറിച്ചും ഉപഭോക്താക്കളെ ബോധവൽക്കരിക്കാൻ കഴിയും. ചട്ട ലംഘനങ്ങൾ സംബന്ധിച്ച് മന്ത്രാലയത്തിന്റെ കോൾ സെന്റർ അല്ലെങ്കിൽ സാമൂഹിക മാധ്യമങ്ങൾ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് അറിയിക്കാം.