യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജൂൺ മുതൽ ക്വലാലംപൂർ-കോഴിക്കോട് സെക്ടറിൽ കൂടുതൽ സർവീസുകളുമായി എയർ ഏഷ്യ

Mail This Article
ക്വലാലംപൂർ ∙ മലേഷ്യയിൽ നിന്നും മലബാർ മേഖലയിലേക്ക് ആദ്യമായി സർവീസ് തുടങ്ങിയ എയർ ഏഷ്യ ജൂൺ 23 മുതൽ കൂടുതൽ സർവീസുകൾ തുടങ്ങും.
നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോട്ടേയ്ക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ക്വലാലംപൂരിലേക്കുമുള്ള മൂന്ന് പ്രതിവാര സർവീസുകളാണുള്ളത്. ഇവയ്ക്ക് പുറമെയാണ് ജൂൺ 23 മുതൽ തിങ്കളാഴ്ചകളിൽ കോഴിക്കോട്ടേയ്ക്കും ചൊവ്വാഴ്ചകളിൽ ക്വലാലംപൂരിലേയ്ക്കും ഓരോ സർവീസ് വീതമാണ് വർധിപ്പിക്കുന്നത്.
ഇന്നലെ മുതൽ ബുക്കിങ് ആരംഭിച്ച പുതിയ സർവീസ് യഥാർഥ്യമാകുന്നതോടെ മലബാറിലെ പ്രവാസികൾക്ക് ആഴ്ചയിൽ നാല് ദിവസങ്ങളിൽ ക്വലാലംപൂർ-കോഴിക്കോട് സെക്ടറിൽ യാത്രചെയ്യാനാകും. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിന് ഈ റൂട്ടിൽ ആദ്യ സർവീസിന് തുടക്കമിട്ടതോടെ യാത്രക്കാരിൽ നിന്നും വൻ പ്രതീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ക്വലാലംപൂരിൽ നിന്നും രാത്രി 9.55-ന് പുറപ്പെട്ട് രാത്രി 11.25-ന് കോഴിക്കോടും അർധരാത്രി 12.10-ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7-ന് ക്വലാലംപൂരിലുമെത്തുന്ന എയർ ഏഷ്യ വിമാന ടിക്കറ്റുകൾക്ക് ഒട്ടുമിക്ക ദിവസങ്ങളിലും ക്ഷാമം നേരിടുന്നുണ്ട്. വിദ്യാർഥികളുൾപ്പടെ നാമമാത്രമായ അവധിക്കെത്തുന്ന പ്രവാസികൾക്കും കോഴിക്കോട്ടേയ്ക്ക് ആരംഭിച്ച സർവീസ് ഏറെ ആശ്വാസമാണ്.
ഇന്ത്യക്കാർക്ക് മലേഷ്യയിലേക്കുള്ള സൗജന്യ സന്ദർശക വീസ സൗകര്യം 2026 ഡിസംബർ 31 വരെ രണ്ട് വർഷത്തേക്ക് കൂടി നീട്ടിയതോടെ മലബാർ മേഖലയിൽ നിന്നും മലേഷ്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലും ഗണ്യമായ വർധനയാണുള്ളത്.