അപകടം: രക്ഷാപ്രവർത്തനം വൈകുന്നത് ജീവൻ നഷ്ടപ്പെടാൻ കാരണമാകും; മുന്നറിയിപ്പുമായി ഷാർജ പൊലീസ്

Mail This Article
ഷാർജ ∙ അപകടസ്ഥലങ്ങളിലെത്തേണ്ട അടിയന്തര വാഹനങ്ങൾക്ക് വഴിയില്ലാത്തത് മൂലം രക്ഷാപ്രവർത്തനം വൈകുന്നത് ജീവൻ നഷ്ടപ്പെടുത്താൻ കാരണമായേക്കുമെന്ന മുന്നറിയിപ്പുമായി ഷാർജ പൊലീസ്. തീപിടിത്തം, മുങ്ങൽ, റോഡ് അപകടങ്ങൾ തുടങ്ങി ഒട്ടേറെ സാഹചര്യങ്ങളിൽ ഒരു സെക്കന്റിന്റെ വൈകൽ പോലും ജീവനുകളെ ബാധിക്കുമെന്ന് ജനറൽ ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ ബ്രി. അഹമ്മദ് ഹാജി അൽ സെർക്കൽ പറഞ്ഞു.
∙ 2024-ൽ ആകെ 325 അപകടങ്ങൾ
കഴിഞ്ഞ വർഷം യുഎഇയിൽ ആകെ 325 വാഹനാപകടങ്ങൾ ഉണ്ടായി. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ദുബായിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. കുറവ് ഫുജൈറയിലും. ദുബായ് (160), അബുദാബി (107), അജ്മാൻ (31), ഷാർജ (17), റാസൽഖൈമ(5), ഉമ്മുൽഖുവൈൻ(3), ഫുജൈറ(2) എന്നിങ്ങനെയാണ് റിപോർട്ട് ചെയ്ത കണക്കുകൾ.
സൈറൺ മുഴക്കുന്ന ആംബുലൻസുകളോ അഗ്നിശമന വാഹനങ്ങളോ കാണുമ്പോൾ മാർഗ തടസ്സം സൃഷ്ടിക്കാതെ പെട്ടെന്ന് വഴിയൊരുക്കുക എന്ന് അൽ സെർക്കൽ ഡ്രൈവർമാരോട് പറഞ്ഞു. ഇത് നിയമം മാത്രമല്ല. ഓരോരുത്തരുടെയും ബാധ്യതയുമാണെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സാമി അൽ നഖ്ബിയും പറഞ്ഞു. ചുവപ്പ് ലൈറ്റിൽ നിൽക്കുന്ന സമയത്തും അടിയന്തര വാഹനം പിൻഭാഗത്ത് എത്തുമ്പോൾ ജാഗ്രതയോടെ മഞ്ഞവരയ്ക്ക് അപ്പുറത്തേയ്ക്കോ ഒഴിഞ്ഞ സ്ഥലത്തേയ്ക്കോ നീങ്ങാമെന്നും എന്നാൽ ചുവന്ന സിഗ്നൽ ലൈറ്റ് മറികടക്കരുതെന്നും അധികൃതർ അറിയിച്ചു.
∙ പ്രകൃതിദുരന്ത സാഹചര്യങ്ങളിൽ ശിക്ഷ വർധിക്കും
അടിയന്തര വാഹനങ്ങൾക്ക് വഴിയൊരുക്കാൻ പരാജയപ്പെടുന്നവർക്ക് 3,000 ദിർഹമാണ് പിഴ. കൂടാതെ 6 ബ്ലാക്ക് പോയിന്റ്, 30 ദിവസത്തേയ്ക്ക് വാഹനം കണ്ടുകെട്ടൽ എന്നിവയും ശിക്ഷയാണ്. പ്രകൃതിദുരന്തങ്ങൾ പോലുള്ള സാഹചര്യങ്ങളിൽ പിഴ 4,000 ദിർഹമായി വർധിക്കുകയും 60 ദിവസം വരെ വാഹനം പിടിച്ചെടുക്കുകയും ചെയ്യും.