ട്രാഫിക് നിയമങ്ങൾ ലംഘിച്ച് 13 വയസ്സുകാരിയുടെ സ്കൂട്ടർ യാത്ര; പിതാവിനെതിരെ നിയമനടപടിയുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ

Mail This Article
ദുബായ് ∙ പെൺകുട്ടിയുടെ ഇ-സ്കൂട്ടർ അപകടത്തിൽ ജാഗ്രതക്കുറവ് കാണിച്ചെന്ന് കുറ്റത്തിന് പിതാവിനെതിരെ നിയമനടപടിയുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് 13 വയസ്സുകാരി സ്കൂട്ടറിൽ യാത്ര ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. കുട്ടിയെ ഫാമിലി ആൻഡ് ജുവിനൈൽ പ്രോസിക്യൂഷനിലേക്ക് തൽക്കാലം മാറ്റിയിട്ടുണ്ട്.
"എ ലെസൺ ടു ലേൺ" എന്നബോധവത്കരണ ക്യാംപെയ്‌നിന്റെ ഭാഗമായാണ് ഈ സംഭവം പങ്കുവച്ചുകൊണ്ട് അധികൃതർ രക്ഷിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. പഠനത്തിൽ മകൾ മികവ് കാണിച്ചതിനെ തുടർന്ന് പിതാവിന്റെ സമ്മാനമായിരുന്നു പുതിയ ഇ-സ്കൂട്ടർ. ഒരു ദിവസം ഉച്ചയ്ക്ക് കുടുംബത്തെ അറിയിക്കാതെ പെൺകുട്ടി കൂട്ടുകാരിയെ കാണാനായി സമീപത്തെ പാർക്കിലേക്ക് ഇ-സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
പാർക്കിലേക്ക് പോകുന്നതിനായി പ്രധാന റോഡ് കടക്കേണ്ടിവന്നപ്പോൾ നിയമപ്രകാരമുള്ള പാതയിൽ നിന്ന് വിട്ടുമാറിക്കടന്ന് നേരെ റോഡിലേക്ക് പ്രവേശിച്ചത് അപകടകാരണമായി. റോഡിലൂടെ വന്ന കാറിടിച്ചുണ്ടായ അപകത്തിൽ പെൺകുട്ടിക്ക് പരുക്കേൽക്കുകയും ചെയ്തു. മാപ്പ് നൽകാനാവാത്ത ട്രാഫിക് ലംഘനമാണ് പെൺകുട്ടി നടത്തിയത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അതേസമയം, രക്ഷിതാവിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതിനും കുട്ടിക്ക് അപകടം വരുത്തിയതെന്നതിനും നിയമപരമായി ഉത്തരവാദിത്തം ചുമത്തിയാണ് പിതാവിനെതിരെ നിയമനടപടി സ്വീകരിച്ചത്.
മക്കൾക്ക് ഇ-സ്കൂട്ടറുകളടക്കം അനുവദനീയമല്ലാത്ത വാഹനങ്ങളും മറ്റും വാങ്ങിക്കൊടുക്കുന്നതുപോലുള്ള സംഭവങ്ങൾ താത്ക്കാലികമായ ആനന്ദം സമ്മാനിക്കുമെങ്കിലും അതിന് പിന്നിൽ ജീവിതം മാറ്റിമറിക്കുന്ന അപകട സാധ്യതകൾ ഉണ്ടെന്ന് അധികൃതർ ഓർമിപ്പിച്ചു.
ഇ-സ്കൂട്ടർ പോലുള്ള വാഹനങ്ങളുടെ അപകട സാധ്യതകൾ രക്ഷിതാക്കൾ മനസിലാക്കണം. കുട്ടികളെ നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുകയും അവർക്കൊപ്പം ചെറിയ യാത്രയിൽ പോലും കൂട്ടു പോകണമെന്നും നിർദേശിച്ചു.
∙ 2023ൽ ദുബായിൽ മരിച്ചത് 10 പേർ
ദുബായിൽ ഇ-സ്കൂട്ടറും സൈക്കിളും ഉൾപ്പെട്ട അപകടങ്ങളിൽ 2023-ൽ മാത്രം 10 പേർ മരിച്ചു, 259 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നിങ്ങളുടെ ചെറിയ അനാസ്ഥയായേക്കാം കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്നതെന്ന് രക്ഷിതാക്കൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.