അബ്ദുൽ റഹീമിന്റെ മോചനം: കോടതി തീർപ്പാക്കിയത് സ്വകാര്യ അവകാശം മാത്രം; അന്തിമ വിധി നീളാൻ കാരണം പൊതു അവകാശം

Mail This Article
റിയാദ്∙ സൗദി ബാലൻ അനസ് അല്‍ശഹ്‌രി കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് ഇന്നലെ(തിങ്കൾ) കോടതി വീണ്ടും മാറ്റിവെച്ചു. തുടർച്ചയായ പന്ത്രണ്ടാം തവണായാണ് റിയാദിലെ ക്രിമിനൽ കോടതി മാറ്റിവെച്ചത്. ഈ മാസം 26ന് രാവിലെ ഒമ്പതരക്കാണ് ഇനി കേസ് പരിഗണിക്കുക.
കേസ് ഓരോ തവണ വിളിക്കുമ്പോഴും റഹീമിന്റെ മോചന ഉത്തരവുണ്ടാകും എന്ന പ്രതീക്ഷയിലാണ് കുടുംബവും റഹീമിനെ സഹായിച്ച ആയിരങ്ങളും ഉണ്ടാകാറുള്ളത്. എന്നാൽ, പതിവുപോലെ കേസ് ഇന്നലെയും മാറ്റിവെച്ചു. കേസുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ വിശദമായി പരിശോധിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിവെക്കുന്നത് എന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം കോടതി വരുത്തിച്ചിട്ടുണ്ട്. ഈ കേസ് പരിഗണിച്ചിരുന്ന ജഡ്ജിമാരിൽ ഒരാൾ ഏതാനും മാസം മുമ്പ് ബെഞ്ച് മാറിയതും കേസ് വൈകാൻ കാരണമാണ്.
കൊലപാതക കേസിൽ ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ റഹീമിന് നേരത്തെ വിധിച്ച വധശിക്ഷ കോടതി കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. അതേസമയം, പൊതു അവകാശം അനുസരിച്ചുള്ള കേസ് ഇതേവരെ തീർപ്പായിട്ടില്ല. പൊതു അവകാശം സംബന്ധിച്ച കേസ് കൂടി അവസാനിച്ചാൽ റഹീമിന് പുറത്തിറങ്ങാനാകും.
ഇതിനിടയിൽ പഴയ കേസ് സംബന്ധിച്ചുള്ള ചില കാര്യങ്ങളിൽ ന്യായാധിപൻമാർ ചില വിശദീകരണങ്ങൾ ആവശ്യപ്പെട്ടതും കേസ് നീളാൻ ഇടയാക്കി. റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന റഹീമിന്റെ തടവുകാലം നിലവിൽ ഇരുപതാം വര്‍ഷത്തിലേക്ക് കടന്നു. പൊതു അവകാശം സംബന്ധിച്ചുള്ള കേസിൽ പ്രതിക്ക് തടവുശിക്ഷയാണ് വിധിക്കുക. 20 വര്‍ഷമായി തടവിലായതിനാല്‍ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുല്‍ റഹീമിന്റെ മോചനത്തിന് അക്കാര്യം തടസ്സമാകില്ല.
2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട് റഹീം അറസ്റ്റിലായത്. അതേസമയം, കൊലപാതക കേസായതിനാല്‍ സ്വാഭാവികമായ വിശദ പരിശോധനയാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചു. സംഭവത്തിന്റെ മുഴുവൻ ഫയലുകള്‍ പരിശോധിക്കേണ്ടതുണ്ട്.
സ്വകാര്യ അവകാശം, പൊതു അവകാശം എന്നിങ്ങിനെ രണ്ടു ഘട്ടമായാണ് സൗദിയിൽ വ്യക്തികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുക. രണ്ടു വ്യക്തികൾ തമ്മിലുള്ള കേസാണെങ്കിൽ അതിൽ ആദ്യത്തെ ഭാഗമാണ് സ്വകാര്യ അവകാശം. അതായത് ഇരുവ്യക്തികളും തമ്മിലുള്ള കേസ് തീർപ്പാക്കും. തുടർന്നാണ് പൊതുഅവകാശങ്ങൾ സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കുക. കൊലപാതക കേസുകളിൽ ആദ്യം സ്വകാര്യ അവകാശം തീർപ്പാക്കും. റഹീമിന്റെ കേസിന്റെ കാര്യത്തിൽ സ്വകാര്യ അവകാശം തീർപ്പാക്കിയിട്ടുണ്ട്. വാദിഭാഗം പ്രതിക്രിയ ആവശ്യപ്പെടുകയാണെങ്കിൽ വധശിക്ഷ നടപ്പാക്കുകയാണ് ചെയ്യുക. എന്നാൽ റഹീമിന്റെ കാര്യത്തിൽ കുടുംബം മാപ്പ് നൽകിയിട്ടുണ്ട്. ഈ കേസിൽ തന്നെ ചില രേഖകൾ കൂടി കോടതി പരിശോധിക്കാനുണ്ട് എന്നതാണ് കേസ് വീണ്ടും നീണ്ടുപോകാൻ കാരണം എന്നാണ് സൂചന.
മെഡിക്കല്‍ റിപ്പോര്‍ട്ട്, സംഭവം നടന്നപ്പോഴും പിന്നീടുണ്ടായ സാഹചര്യങ്ങള്‍ എന്നിവയെല്ലാം സ്വകാര്യഅവകാശ കേസിലെന്ന പോലെ പൊതുഅവകാശ കേസിലും പരിശോധിക്കും. ഇതിന് ശേഷം മാത്രമേ അന്തിമ വിധിയുണ്ടാകൂ. ഇതെല്ലാം സ്വാഭാവിക നടപടികളാണെന്നുമാണ് റഹീം നിയമസഹായ സമിതി പറയുന്നത്