സമൂഹമാധ്യമത്തിൽ പ്രായപൂർത്തിയാകാത്ത മകന്റെ ഭീഷണി; പിതാവ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Mail This Article
അൽ ഐൻ ∙ സമൂഹമാധ്യമത്തിലൂടെ പ്രായപൂർത്തിയാകാത്ത മകൻ ഭീഷണി മുഴക്കിയതിന് പിതാവ് നഷ്ടപരിഹാരം നൽകണെമന്ന് കോടതി വിധി. അൽ ഐനിലെ സിവിൽ കോടതിയാണ് യുവാവിന് 3,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.
ബാലൻ സ്നാപ് ചാറ്റിലൂടെ അയച്ച ഭീഷണിസന്ദേശങ്ങൾ കാരണം തനിക്കുണ്ടായ മാനസ്സിക വിഷമത്തിനും നാണക്കേടിനും പകരമായി 50,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് ബാലന്റെ പിതാവിനെതിരെ കേസ് കൊടുത്തിരുന്നു. കേസ് പരിഗണിച്ച അൽ ഐൻ സിവിൽ, കമേഴ്സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതികൾ ചേർന്ന വിചാരണയിൽ 3,000 ദിർഹം നഷ്ടപരിഹാരമായി അനുവദിച്ചു.
∙ സിവിലും സൈബർ ക്രൈമും ബാധകം
യുഎഇ സിവിൽ ട്രാൻസാക്‌ഷൻ കോഡിന്റെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായ ഏതെങ്കിലും പ്രവൃത്തിയാൽ മറ്റൊരാൾക്ക് ബുദ്ധിമുട്ടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശം അയാൾക്കുണ്ടെന്ന് കോടതി വ്യക്തമാക്കി. ബാലൻ അപമാനകരമായ ഭാഷ ഉപയോഗിക്കുകയും പരോക്ഷമായി ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു.
ഇത് മാതാപിതാക്കളുടെ ഉത്തരവാദിത്തം എടുത്തുകാണിക്കുന്ന കേസാണെന്നും യുഎഇ നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർ നടത്തുന്ന നിയമവിരുദ്ധ പ്രവൃത്തികൾക്ക് അവന്റെ രക്ഷിതാക്കൾ ഉത്തരവാദികളാകുമെന്നും യുഎഇയിലെ നിയമവിദഗ്ധർ പറയുന്നു. ഈ സംഭവം ഡിജിറ്റൽ മാധ്യമത്തിലൂടെ നടന്നതിനാൽ സിവിൽ നിയമത്തിന് പുറമേ സൈബർ ക്രൈം നിയമങ്ങളും ബാധകമാണ്.
ഇലക്ട്രോണിക് ആയുള്ള ഭീഷണി, ബ്ലാക്ക്‌മെയിൽ തുടങ്ങിയവ യുഎഇ നിയമപ്രകാരം കുറ്റകരമാണ്. ഭീഷണി പരോക്ഷമായാലും ക്രിമിനൽ ശിക്ഷയ്ക്ക് വിധേയം. രണ്ടര ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെയുള്ള പിഴയും തടവും ലഭിക്കാം.
∙ സൈബർ കുറ്റകൃത്യങ്ങൾ റിപോർട്ട് ചെയ്യാം
∙ സമീപത്തെ പൊലീസ് സ്റ്റേഷൻ
∙ ദുബായ് പൊലീസ് ഇ ക്രൈം(eCrime) പ്ലാറ്റ്ഫോം
∙ ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം പോർട്ടൽ
∙ ഹോട്ട്‌ലൈൻ നമ്പറുകൾ: 999 മുതലായവ