ADVERTISEMENT

മസ്‌കത്ത്∙ ഒമാനിൽ റസിഡന്റ്‌സ് കാർഡ്, വർക്ക് പെർമിറ്റ് (വീസ) എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള പിഴകൾ ഒഴിവാക്കിയത് സംബന്ധിച്ച സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് വിശദീകരണവുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി. തൊഴിൽ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നിർദിഷ്ട കേസുകളിൽ മാത്രമാണ് ഈ ഇളവുകൾ ബാധകമാവുകയെന്നും ജൂലൈ 31 വരെയാണ് ഇതിനുള്ള സമയപരിധിയെന്നും പൊലീസ് വ്യക്തമാക്കി.

റസിഡന്റ്‌സ് കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് നിലവിൽ പിഴകൾ ഇല്ലാതെ തന്നെ കരാർ പുതുക്കാൻ ഈ ഇളവ് വഴി സാധിക്കും. വീസ സ്റ്റാറ്റസ് ശരിയാക്കുന്നതിനനുസരിച്ച് റസിഡന്റ്‌സ് കാർഡിന്റെ എല്ലാ പിഴകളും ഒഴിവാക്കപ്പെടും. വർക്ക് പെർമിറ്റ് പുതുക്കാത്തവർക്ക് പിഴകൾ കൂടാതെ തൊഴിൽ കരാർ റദ്ദാക്കി നിയമപരമായി രാജ്യം വിടുന്നതിനും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

നോൺ വർക്ക് വീസകളുമായി (സന്ദർശന, ടൂറിസ്റ്റ് വീസകളിൽ എത്തി ജോലി ചെയ്തവർ ഉൾപ്പെടെ) ബന്ധപ്പെട്ട പിഴകളും ഒഴിവാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തങ്ങളുടെ പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനോ, ശരിയായ സാഹചര്യത്തിൽ ജോലി നേടാനോ, അല്ലെങ്കിൽ പിഴകൾ കൂടാതെ നിയമപരമായി കരാർ റദ്ദാക്കി തിരികെ പോകാനോ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകുകയാണ് തൊഴിൽ മന്ത്രാലയം ഈ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ജൂലൈ 31ന് മുൻപ് ഈ ഇളവുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ അർഹരായ മുഴുവൻ പേരോടും റോയൽ ഒമാൻ പൊലീസ് നിർദ്ദേശിച്ചു.

കഴിഞ്ഞ ഫെബ്രുവരി മുതൽ ആരംഭിച്ച ഈ ഇളവുകൾ വഴി മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളാണ് ഇതിനോടകം വീസ പുതുക്കുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്തത്. പിഴയിളവുകൾ ലഭിച്ചതിലൂടെ വലിയ സാമ്പത്തിക ഭാരം ഒഴിവാക്കാൻ ഇവർക്ക് സാധിച്ചു. പിഴ ഇളവുകൾ ലഭിക്കുന്നതിനായുള്ള അപേക്ഷകൾ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ബന്ധപ്പെട്ട സേവന കേന്ദ്രങ്ങൾ വഴിയും സമർപ്പിക്കാവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

English Summary:

Oman Police Clarify Visa and Residence Card Fine Waivers; Opportunity Until July 31

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com