‘യഥാർഥ മേതിൽ ദേവികയെ കേരളം തിരിച്ചറിഞ്ഞിട്ടില്ല’; ഷൂ ലെതർ ജേണലിസവും ഇളാ ഗാന്ധിയുടെ കൂടെയുള്ള സ്നേഹയാത്രയും: ഓർമകൾ പങ്കുവച്ച് മേതിൽ രേണുക

Mail This Article
ദുബായ്∙ അക്ഷരവഴിയിലൂടെ സഞ്ചരിച്ച് ലോകത്തോട് സംവദിക്കുന്ന മേതിൽ രേണുക മാധ്യമപ്രവർത്തന രംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുകയാണ്. മൊബൈൽ ഫോണും ഇ-മെയിലും ഇന്റർനെറ്റുമൊന്നും ഇല്ലാത്ത കാലത്ത് ഈ മേഖലയിലേയ്ക്ക് പ്രവേശിച്ച, കേരളത്തിലെ എണ്ണപ്പെട്ട വനിതാ മാധ്യമപ്രവർത്തകരിൽ ഒരാളായ ഈ പാലക്കാടുകാരി ഇന്ന് രാജ്യാന്തര തലത്തിൽ ഏറെ പ്രശസ്തയാണ്. ഫോർബ്സ് ആഫ്രിക്ക മാനേജിങ് എഡിറ്ററായ രേണുക ദുബായെയും ദക്ഷിണാഫ്രിക്കയെയും തന്റെ രണ്ടാം വീടായി കരുതുന്നു. പാലക്കാട്ടെ പ്രശസ്തമായ മേതിൽ കുടുംബാംഗമായ ഇവർ യുഎഇയുടെയത്രയും സുരക്ഷിതമായ രാജ്യം മറ്റൊന്നില്ലെന്ന് അഭിപ്രായപ്പെടുന്നു. മാധ്യമപ്രവർത്തന രംഗത്തേക്ക് കടന്നുവന്നതിന് പിന്നിലെ കഥയും യുഎഇയിലെ ജീവിതവും ദക്ഷിണാഫ്രിക്കയിലെ ഔദ്യോഗിക ദിനങ്ങളുടെ പ്രത്യേകതയുമെല്ലാം മനോരമ ഓൺലൈനുമായി പങ്കിടുകയാണ്, ദുബായ് ജുമൈറയിൽ സ്ഥിരതാമസമാക്കിയ ഈ പ്രതിഭ.
∙ആദ്യം ദുബായിലെത്തിയത് മൂന്ന് മാസം പ്രായമുള്ളപ്പോൾ, പിന്നെ സ്വന്തം നാടായി
മേതിൽ രേണുകയുടെ പിതാവ് രാജഗോപാൽ എത്തിസാലാത്ത് ആരംഭിക്കുന്നതിന് മുൻപ് യുഎഇയുടെ ടെലികോം സംവിധാനമായ കേബിൾ ആൻഡ് വയർലെസിൽ വർഷങ്ങളോളം എൻജിനീയറായിരുന്നു. മാതാവ് മേതിൽ രാജേശ്വരി വീട്ടമ്മയായിരുന്നെങ്കിലും സാഹിത്യപ്രേമിയും സാംസ്കാരിക രംഗത്ത് ഇടപെട്ടിരുന്ന വ്യക്തിയുമായിരുന്നു. ദുബായിൽ കലാ-സാംസ്കാരിക സംഘടനകളിലും സജീവ പ്രവർത്തക. ചെറുകഥാ രചനയിലായിരുന്നു കമ്പം. ഒട്ടേറെ കഥകളെഴുതി. പിന്നീടവർ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നൂറു മുപ്പതു പെറ്റ മുപ്പത്തി എന്ന നോവൽ, കഴിഞ്ഞ വർഷം 75-ാം വയസ്സിലാണ് പ്രസിദ്ധീകരിച്ചത്. തീർച്ചയായും ആ മാതാവ് പകർന്ന ആത്മധൈര്യം തന്നെ മൂന്ന് മക്കളുടെയും വിജയത്തിന് ഹേതുവായത്. ദമ്പതികളുടെ മൂത്ത മകൾ രാധിക. രണ്ടാമത്തെയാൾ രേണുക നാട്ടിലാണ് ജനിച്ചത്. മൂന്ന് മാസം പ്രായമുള്ളപ്പോൾ ആദ്യമായി ദുബായിലെത്തി. ദുബായിൽ ജനിച്ച മൂന്നാമത്തെയാൾ മേതിൽ ദേവികയ്ക്ക് ശാസ്ത്രീയ സംഗീതത്തോടും നൃത്തത്തോടുമാണ് ആഭിമുഖ്യമെങ്കിൽ ചേച്ചി രേണുകയ്ക്ക് വായനയോടായിരുന്നു അഭിനിവേശം.
∙യഥാർഥ മേതിൽ ദേവികയെ കേരളം തിരിച്ചറിഞ്ഞിട്ടില്ല
ഒരു ഇളയ സഹോദരിക്കുമപ്പുറം മാറി നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് മേതിൽ ദേവിക എന്ന പ്രമുഖ നർത്തകിയെ മാത്രമല്ല, അതിലുമപ്പുറമുള്ള സമ്പൂർണ കലാകാരിയെ കൂടിയാണ്. അവർ നൃത്തത്തിനും സംഗീതത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വനിതയാണ്. പുറംലോകമറിയുന്ന ദേവികയ്ക്കുമപ്പുറം അവരുടെയുള്ളിലെ കഴിവ് കണ്ടെത്താൻ സാധിച്ചിട്ടുള്ള വ്യക്തിയാണ് താനെന്ന് രേണുക പറയുന്നു.

അക്കാദമിക് വിദഗ്ധ, സാമൂഹിക പ്രവർത്തക, ഡോക്യുമെന്ററി സംവിധായിക എന്നീ നിലകളിലും പ്രശസ്തയാണ്. പാരമ്പര്യ സമ്പത്ത് സംരക്ഷണത്തിന് വേണ്ടി അവർ ശബ്ദിച്ചു. മേതിൽ ദേവികയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ കലാരംഗത്തും സാമൂഹികരംഗത്തും തികച്ചും പ്രഭാവമുള്ളതാണെന്നും കേരളം യഥാർഥത്തിൽ അത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് രേണുകയുടെ അഭിപ്രായം.
∙സാഹിത്യ തറവാട്ടിലെ അംഗം, വായനയോട് അടങ്ങാത്ത പ്രിയം
അതെ, അഭിനിവേശം തന്നെ. അന്ന് കിട്ടുന്നതെന്തും ഞാൻ വായിക്കും. അച്ഛന്റെയും അമ്മയുടെയും പൂർണപിന്തുണയോടെ വായന ഗംഭീരമായി മുന്നോട്ടു പോയി-രേണുക ഓർക്കുന്നു. ദുബായ് ഇന്ത്യൻ ഹൈസ്കൂളിലായിരുന്നു രാധിക, രേണുക, ദേവിക എന്നിവർ പഠിച്ചത്. സ്കൂൾ വിട്ടുവന്നാൽ അന്നത്തെ പ്രമുഖ ഇംഗ്ലിഷ് പത്രങ്ങളായ ഗൾഫ് ന്യൂസും ഖലീജ് ടൈംസും അരിച്ചു പെറുക്കും. അതിലെ വാർത്തകളും സമകാലിക ലേഖനങ്ങളുമെല്ലാം എന്നെ വേറൊരു ലോകത്തേയ്ക്ക് നയിച്ചു. ലോകത്തിന്റെ സ്പന്ദനങ്ങൾക്കൊപ്പം ഞാനും സഞ്ചരിച്ചു. അക്ഷരങ്ങൾ ലഹരിയാണെന്ന് പറയാറില്ലേ, അക്ഷരാർഥത്തിൽ എന്റെ കാര്യത്തിൽ അതാണ്. പക്ഷേ, പാഠ പുസ്തകങ്ങളോട് വല്ലാത്ത അലർജിയും. അമ്മ ഇതു കണ്ട് ഭയന്നു. പാഠപുസ്തകങ്ങളെ ഇത്രമാത്രം അകറ്റുന്ന മകളുടെ ഭാവിയോർത്തായിരിക്കും അമ്മയുടെ അന്നത്തെ പേടി. എങ്കിലും കോളജ് മുതൽ കോഴിക്കോട് യൂണിവേഴ്സിറ്റി മാസ്റ്റേഴ്സ് വരെ മികച്ച വിജയം നേടി ഒന്നാമതായി. പ്രശസ്ത ഹാസ്യ സാഹിത്യകാരൻ വികെഎൻ മേതിൽ രേണുകയുടെ അമ്മയുടെ മൂത്ത ചേച്ചിയുടെ ഭർത്താവാണ്. എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ അമ്മയുടെ അടുത്ത ബന്ധുവും. മേതിൽ സഹോദരിമാർ അദ്ദേഹത്തെ കൊച്ചുമാമ എന്നാണ് വിളിക്കുന്നത്.

∙കോളജ് ചുവരുകളിൽ വിരിഞ്ഞ സർഗരചനകൾ
പാലക്കാട് മെഴ്സി കോളജിലായിരുന്നു രേണുകയുടെ പ്രിഡിഗ്രി പഠനം. ബിരുദം വിക്ടോറിയ കോളജിലും പൂർത്തിയാക്കി. അപ്പോഴെല്ലാം വായനയായിരുന്നു കൂട്ട്. അനുജത്തി ദേവിക അന്ന് പാലക്കാട് മെഴ്സി കോളജിൽ പ്രിഡിഗ്രിക്ക് ചേർന്നു. ദേവിക നൃത്ത, സംഗീത മത്സരങ്ങളിൽ മുന്നേറിയപ്പോൾ രേണുക സർഗരചനകളിലും പ്രസംഗകലയിലും മികവു പുലർത്തി. മിക്ക മത്സരങ്ങളിലും സമ്മാനം സ്വന്തമാക്കി. ദേവിക കലാപ്രതിഭയായപ്പോൾ, രേണുക സർഗപ്രതിഭയായി.പരിചിതവൃത്തങ്ങളിൽ ഞങ്ങൾ അന്ന് മേതിൽ സിസ്റ്റേഴ്സ് എന്നറിയപ്പെട്ടു. ക്യാംപസിലെ ചുമർ മാസിക ആരംഭിച്ചതായിരുന്നു കോളജ് ജീവിതത്തിലെ വഴിത്തിരിവ്. എഴുതിത്തുടങ്ങുന്നവർക്ക് വളരെ കുറച്ച് അച്ചടി മാധ്യമങ്ങളിൽ മാത്രം അവസരമുള്ള അക്കാലത്തെ വിദ്യാർഥികളുടെ ഏക ആശ്രയം ഇത്തരം ചുമർ മാസികകളായിരുന്നു. തങ്ങളുടെ രചനകൾ മറ്റുള്ളവർ വായിക്കുമ്പോഴുള്ള വിദ്യാർഥികളുടെ സന്തോഷവും അഭിമാനവും നേരിൽ കാണുമ്പോഴുള്ള ആത്മസംതൃപ്തി വളരെ വലുതാണ്. അക്കാലത്ത് കോളജിൽ പതിവായി വരാറുള്ള ഒരു പൂർവ വിദ്യാർഥിയുണ്ടായിരുന്നു, വിമൽ കുമാർ. അദ്ദേഹം ഒരിക്കൽ രേണുകയെഴുതിയ കഥ ന്യൂസ് മാഗസിനിൽ വായിച്ച് അഭിനന്ദിച്ചത് മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്ധനമായി.
പിന്നീടുള്ള എല്ലാ ചുവടുവയ്പുകൾക്കും കൂട്ടായി വിമൽ രേണുകയോടൊപ്പമുണ്ട്. നല്ലൊരു സുഹൃത്തായും പിന്നീട് നല്ലൊരു ഭർത്താവായും കഴിഞ്ഞ 28 വർഷമായി, യുഎഇയിലെയും ആഫ്രിക്കയിലെയും മുൻ ബാങ്കറും സിഇഒയും ഇപ്പോൾ ഫിൻടെക് ബിസിനസുകാരനുമായ അദ്ദേഹം ഒപ്പമുണ്ട്.

∙പഠനം കഴിഞ്ഞാൽ ന്യൂസ് റൂമിലേയ്ക്കോ, അടുക്കളയിലേയ്ക്കോ
ബിരുദപഠനം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇനിയെന്ത് എന്ന പ്രതിസന്ധിയിൽ നിന്ന കാലം. അന്ന് എംഎസ് സിക്കും എംഎ ലിറ്ററേച്ചറിനും സീറ്റ് കിട്ടി. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. എന്നാൽ വിമലിന്റെ അഭിപ്രായം ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പഠിക്കണമെന്നായിരുന്നു. അച്ഛനും ഇതേ അഭിപ്രായമായിരുന്നു. രണ്ട് മെന്റർമാരുടെയും അഭിപ്രായം ഒന്നാണെന്നതിനാൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന് ചേർന്നു. 1994-96 കാലഘട്ടമായിരുന്നു അത്. ഈ കോഴ്സിന് പഠിക്കാനെത്തിയ ആകെ 25 വിദ്യാർഥികളിൽ രേണുകയടക്കം ആകെ നാല് പെൺകുട്ടികൾ. ഒരിക്കൽ ക്ലാസ് മീറ്റിങ്ങിൽ ഒരു പ്രഫസർ ഞങ്ങൾ നാല് പേരോടും പഠനം പൂർത്തിയായാൽ പത്രപ്രവർത്തനം ഉപേക്ഷിച്ച് നിങ്ങൾ ന്യൂസ് റൂമിൽ പോകുന്നതിനു പകരം അടുക്കളയിലേയ്ക്ക് പോകുമോ എന്ന് തമാശയായി ചോദിച്ചു. അതു കേട്ടപ്പോൾ, എന്നിലെ ഫെമിനിസ്റ്റ് ഉണർന്നു. ഞാൻ പറഞ്ഞു, അത് കാലം തെളിയിക്കും സാർ എന്ന്. പിന്നീട് ജേണലിസം യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെ പാസായപ്പോൾ അദ്ദേഹം അഭിനന്ദിക്കാതിരുന്നില്ല ഒരുപക്ഷേ, അതും ഒരുതരം മോട്ടിവേഷനെന്ന നിലയ്ക്കായിരിക്കാം അദ്ദേഹം പറഞ്ഞത്. ഇന്നും അദ്ദേഹത്തെ ഞാനെന്റെ മെന്ററായി കരുതുന്നു.
∙കുട്ടിക്കാലത്തിന്റെ ഗന്ധമുള്ള മാസികകൾ
തുടർന്നായിരുന്നു എന്റെയും വിമലിന്റെയും വിവാഹം. എനിക്കന്ന് 24 വയസ്സായിരുന്നു. വിമൽ അന്ന് ബെംഗളൂരുവിൽ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഞാനവിടെ ഏഷ്യൻ ഏജ് ഇംഗ്ലിഷ് പത്രത്തിൽ ജേണലിസ്റ്റ് ട്രെയിനിയായി ചേർന്നു. അന്ന് പഴയ പ്രഫസറുടെ ഒരു കാർഡ് കിട്ടി, അഭിനന്ദനം അറിയിച്ച്. അവിടെ നിന്നാണ് മേതിൽ രേണുക എന്ന മാധ്യമപ്രവർത്തകയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. വിമലിന് ചെന്നൈയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയതോടെ ഞാനും കൂടെ ചെന്ന് അവിടെ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിലും പിന്നീട് ഇന്ത്യാ ടുഡേയിലും ജോലി ചെയ്തു. നാല് വർഷത്തെ സംഭവബഹുലമായ പത്രപ്രവർത്തനം.

തുടർന്ന് വിമലിന് ഡൽഹിയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ ഇന്ത്യാ ടുഡേ വിടാൻ തീരുമാനിച്ചു. എന്നാൽ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, അന്നത്തെ എഡിറ്റർ പ്രഭൂചൌള എന്നോട് ഡൽഹിയിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് ജീവിതത്തിലെ നാഴികക്കല്ലായി. പണ്ട് ചെറുപ്പത്തിൽ വായിച്ച ഇന്ത്യാ ടുഡേ മാസികയൊക്കെ അവിടെ കണ്ടപ്പോൾ, അതെടുത്തു നോക്കിയപ്പോൾ ഗൃഹാതുരത്വത്തിന്റെ നനുനനുത്ത ഓർമകളിലൂടെ ആ ഗന്ധം ആസ്വദിച്ച് സഞ്ചരിക്കാനായി. രേണുകയിലെ മാധ്യമപ്രവർത്തകയെ വാർത്തെടുത്തത് ആ സ്ഥാപനത്തിൽ നിന്നാണ്. ഇരവുപകലുകളുടെ വ്യത്യാസമില്ലാതെ റിപ്പോർട്ടിങ്ങിനായി പലയിടത്തും ഒറ്റയ്ക്കും തെറ്റയ്ക്കും അലഞ്ഞു. ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ലാത്ത കാലത്ത് ഡൽഹി പോലുള്ള സ്ഥലത്തെ മാധ്യമപ്രവർത്തനം ഓർക്കാവുന്നതേയുള്ളൂ. ബസിലും ഓട്ടോ പിടിച്ചുമായിരുന്നു എല്ലായിടത്തും എത്തിയിരുന്നത്. ഷൂ ലെതർ ജേണലിസം എന്ന് പറയാം. അന്ന് പത്ര ഓഫിസിൽ വളരെ കുറച്ച് ലാൻഡ് ലൈൻ ഫോണും ബോക്സ് കംപ്യൂട്ടറുകളുമാണ് ഉണ്ടായിരുന്നത്. ബുക്ക് ചെയ്ത് വേണം ഒരു കോൾ ലഭിക്കാൻ. അന്നത്തെയും എഐ കാലത്തെയും മാധ്യമപ്രവർത്തനം തമ്മിൽ താരതമ്യം ചെയ്യാനേ സാധിക്കില്ല. ഇത്തരത്തിൽ വളരെ കഷ്ടപ്പെട്ട് തയ്യാറാക്കിയ സ്റ്റോറികൾ പലതും പ്രസിദ്ധീകരിക്കപ്പെടാതെയുമിരുന്നിട്ടുണ്ട്. ഇന്ത്യാ ടുഡേ മാസികയ്ക്ക് വേണ്ടി ഒട്ടേറെ സ്പെഷൽ, കവർ സ്റ്റോറികൾ ചെയ്തു.
അച്ചടി മാധ്യമങ്ങൾ മാത്രമുള്ള അക്കാലത്ത് ആധുനിക സൗകര്യങ്ങളില്ലെങ്കിലും അന്നും താനൊരു മൾട്ടിമീഡിയ-മൾട്ടി ടാസ്കിങ് ജേണലിസ്റ്റാണെന്ന് രേണുക പറയുന്നത് ഇതുകൊണ്ടാണ്.

∙ദക്ഷിണാഫ്രിക്കയിൽ ഇളാ ഗാന്ധി കാറോടിച്ചു, ഗാന്ധിജിയുടെ ഭവനം സന്ദർശിച്ചു
ഇടയ്ക്ക് സിംഗപ്പൂരിൽ ഒരു ജീവകാരുണ്യ സംഘടനയിൽ കുറച്ചുനാൾ രേണുക പ്രവർത്തിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഹ്രസ്വ കോഴ്സായ ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് കൾചറൽ പൊളിറ്റിക്സ് പഠിക്കണമെന്ന ആഗ്രഹം നിറവേറ്റി. പിന്നീടാണ് ഫോർബ്സിൽ ചേർന്ന് ദക്ഷിണാഫ്രിക്കയിലെത്തിയത്. ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ നമ്മുടെയൊക്കെ മനസിലേയ്ക്ക് കയറിവരിക പണ്ട് സ്കൂളിലൊക്കെ പഠിച്ച ഇരുണ്ട ഭൂഖണ്ഡം എന്നതൊക്കെയാണ്. പക്ഷേ, ഇന്ന് തീർത്തും വ്യത്യസ്തമായ നാടാണത്. നേരത്തെ ആഫ്രിക്കയെക്കുറിച്ച് കുറേയേറെ വായിച്ചിരുന്നെങ്കിലും ഇന്ന് ആഫ്രിക്കൻ രാജ്യങ്ങളൊന്നും പഴയ ആഫ്രിക്കയല്ല. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിലാണ് ഫോർബ്സ് ആഫ്രിക്കയുടെ ഓഫിസ്. പ്രിന്റ് മീഡിയ അവിടെ പ്രതിസന്ധിയിലാണ്.
കോവിഡ് 19 പാശ്ചാത്യ രാജ്യങ്ങളിലെന്നപോലെ അവിടെയും കുറേ മാസികകൾ നിർത്തലാക്കി. എന്നാൽ ഫോർബ്സ് ആഫ്രിക്ക മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. ഇന്ത്യയിലെ വിവിധ മാധ്യമസ്ഥാപനങ്ങളിൽ നിന്ന് നേടിയ പരിശീലനം മാനേജിങ് എഡിറ്ററെന്ന നിലയിലെ പ്രവർത്തനങ്ങൾക്ക് കരുത്തായി. കഴിഞ്ഞ പതിനൊന്നര വർഷമായി ഞാനവിടെയായിരുന്നു ജോലി ചെയ്തത്. തൊഴിലില്ലായ്മയും അക്രമപ്രവർത്തനങ്ങളും ഇപ്പോഴും തുടരുകയാണെങ്കിലും ഈ കാലത്തിനിടയിൽ ആഫ്രിക്കയുടെ ഓരോ കോണിലും സന്ദർശിക്കാനും ജീവിതം പഠിക്കാനും സാധിച്ചു. 54 ആഫ്രിക്കൻ രാജ്യങ്ങളിൽ നൈജീരിയ ഒഴിച്ച് മിക്കയിടങ്ങളിലും യാത്ര ചെയ്തു. റുവാണ്ടയിൽ പലപ്രാവശ്യം പോയി, മാസങ്ങളോളം അവിടെ താമസിച്ചു. ലോകത്തെ തന്നെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണത്. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ മഹാത്മാഗാന്ധിയുടെ പൗത്രി ഇള ഗാന്ധിയുടെ വീട് സന്ദർശിച്ചു. അവരെ അഭിമുഖം നടത്തി.
ഇളാ ഗാന്ധി സ്വന്തം കാർ ഡ്രൈവ് ചെയ്ത് എന്നെ മഹാത്മാഗാന്ധി വർഷങ്ങളോളം ജീവിച്ച ഫിനിക്സ് ഫാമിലേയ്ക്ക് കൊണ്ടുപോയത് ഇന്നും രോമാഞ്ചത്തോടെ ഓർക്കുന്നു. കൂടാതെ, രാഷ്ട്രപിതാവിന്റെ ഭവനം സന്ദർശിക്കുകയും വർണവിവേചന കാലത്ത് അദ്ദേഹം തന്റെ പത്രം പ്രസിദ്ധീകരിക്കാൻ ഉപയോഗിച്ചിരുന്ന അച്ചടിയന്ത്രം തൊടാൻ സാധിക്കുകയും ചെയ്തു.
ബിൽ ഗേറ്റ്‌സ്, ഓപ്ര വിൻഫ്രി, ടോണി ബ്ലെയർ, നിരവധി ആഫ്രിക്കൻ പ്രസിഡന്റുമാർ, പ്രമുഖ വ്യവസായ പ്രമുഖർ തുടങ്ങിയ പലരെയും കാണാനും സംസാരിക്കാനും അവസരം ലഭിച്ചു. നെൽസൺ മണ്ടേലയുടെയും മുൻ ഭാര്യയും ആക്ടിവിസ്റ്റായിരുന്ന വിന്നി മണ്ടേലയുടെ താമസ സ്ഥലമടക്കം ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. വീണ്ടും ദുബായിലേയ്ക്ക് പറിച്ചുനട്ടപ്പോൾ ഞാനും തിരിച്ചുവന്നതാണ്. പക്ഷേ, ഇപ്പോഴും രണ്ട് മാസത്തിലൊരിക്കലെങ്കിലും ഇവിടെ നിന്ന് അവിടുത്തെ ഓഫിസിലെത്തി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. കൂടാതെ, ഇവിടെയിരുന്ന് ഓൺലൈനിലൂടെയും. ജോഹന്നസ്ബർഗിലേയ്ക്കുള്ള ഒരു മടക്ക ടിക്കറ്റ് എപ്പോഴും എന്റെ ബാഗിലുണ്ടായിരിക്കും.

∙നിർമിതബുദ്ധിക്ക് മനുഷ്യവികാരങ്ങൾ ഉൾക്കൊള്ളാനാവില്ല
ബാല്യകാലത്ത് വായിക്കാൻ ലഭിക്കുന്ന അവസരം, സാഹചര്യം, പരിതസ്ഥിതി എല്ലാത്തിലുമപരി മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണ, ഇതൊക്കെയാണ് ഒരു വ്യക്തിയെ പരുവപ്പെടുത്തിയെടുക്കുന്നത്. എനിക്കതെല്ലാം ആവോളം ലഭിച്ചു. ഇന്നിപ്പോൾ നിർമിത ബുദ്ധി(എഐ) ഉപയോഗിച്ച് ലേഖനവും മറ്റും എഴുതാൻ സാധിച്ചേക്കാം. പക്ഷേ, ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മുടെ എഴുത്തിലുണ്ടാകുന്ന ഇമോഷനൽ എംപതി അതിനുണ്ടാകില്ല. നമുക്കൊരു അവസരം ലഭിക്കുമ്പോൾ അത് പരമാവധി മുതലാക്കാൻ ശ്രമിക്കണമെന്നാണ് ഞാൻ ഫോർബ്സിലെ എന്റെ ജേണലിസ്റ്റുമാരെ ഉപദേശിക്കാറുള്ളത്. കാരണം, എല്ലാവർക്കും ലഭിക്കുന്ന ഒരു കഴിവല്ല ജേണലിസ്റ്റുമാർക്കും എഴുത്തുകാർക്കുമുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനകം 47ലേറെ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞതും ഈ മേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ടാണെന്ന് കരുതുന്നു. എനിക്ക് മികച്ച അവസരം നൽകിയതിനും ഒരു പ്രഫഷണൽ എന്ന നിലയിൽ എന്റെ കഴിവുകളിൽ വിശ്വസിച്ചതിനും ഫോർബ്സ് ആഫ്രിക്കയിലെ നേതൃത്വത്തിനോട് ഞാൻ നന്ദിയുള്ളവളാണ്.
∙ചിക്കൻ ടിക്കയും കരാമയിലെ പോസ്റ്റാഫിസും
ദുബായ് എന്നത് മേതിൽ സഹോദരിമാരുടെ ബാല്യകാല ഓർമകൾ ജ്വലിച്ചുനിൽക്കുന്ന നഗരമാണ്. അന്ന് അച്ഛനുമമ്മയ്ക്കുമൊപ്പം മിക്കപ്പോഴും കറങ്ങുമായിരുന്നു. ഇന്നും മോടി നശിക്കാത്ത പഴയ കേന്ദ്രങ്ങളും കരാമയിലെ പോസ്റ്റാഫീസ്, സിനിമാ തിയറ്ററുകൾ, പള്ളികൾ, ഇവിടുത്തെ റസ്റ്ററന്റുകളിലെ ചിക്കൻ ടിക്ക, ഷവർമ തുടങ്ങിയവയെല്ലാം പലപ്പോഴും ഓർമകളെ ഹരിതാഭമാക്കുന്നു. ദുബായിൽ ഇപ്പോൾ താമസിക്കുന്ന ജുമൈറയിലെ വില്ലയിലേയ്ക്ക് തൊട്ടടുത്തെ പള്ളിയിൽ നിന്ന് ബാങ്കുവിളി ഒഴുകിയെത്തും. അതു കേൾക്കാനായി മാത്രം ഞാൻ മട്ടുപ്പാവിൽ ഇരിക്കും. ആ വൈകാരിക അനുഭൂതി ഒന്നു വേറെ തന്നെ. അതതെല്ലാം ഇവിടുത്തെ പ്രവാസികളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. രാധികയും ദേവികയും ഇടയ്ക്കിടെ ദുബായിൽ വരാറുണ്ട്.
മൂവരും പഴയ കേന്ദ്രങ്ങളിലെല്ലാം കറങ്ങിനടക്കും. ഇപ്പോൾ രേണുകയുടേത് മൂന്നാമത്തെ ഇന്നിങ്സാണ്. ഇവിടെ പഠിച്ചു വളർന്നു, നാട്ടിൽ പോയി കോളജ് വിദ്യാഭ്യാസത്തിന് ശേഷം ജോലി ചെയ്തു, വീണ്ടും ദുബായിലെത്തി. ആഫ്രിക്കയിൽ ജോലി ചെയ്തു വീണ്ടും തിരിച്ചെത്തി. ലോകത്ത് എവിടെ ചെന്നാലും ഈ മണ്ണും അതിന്റെ ഗന്ധവും മാടി വിളിച്ചുകൊണ്ടിരിക്കുമെന്ന് കഴിഞ്ഞ 50 വർഷത്തിലേറെയായി യുഎഇയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന രേണുക പറയുന്നു.ഇന്ത്യ, മധ്യപൂർവദേശം, ആഫ്രിക്ക എന്നീ മൂന്ന് സുപ്രധാന മേഖലകളിൽ ജോലി ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യമായി കരുതുന്നു. കൂടാതെ, ഞാൻ മൂന്ന് മൾട്ടിപ്പിൾ റഫറൻസ് പോയിന്റുകളിലും ഞാൻ തുടരുന്നു.
∙ കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് അവസരങ്ങൾ ഒരുക്കണം
വർഷങ്ങളായി വിദേശത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. ദുബായിൽ കുടുംബജീവിതം. ആഫ്രിക്കയിൽ ഔദ്യോഗിക ജീവിതം. ശരിക്കും ഒരു മൾട്ടി ഹൈഫനേറ്റ് എന്ന് പറയാം. മാതാപിതാക്കൾ കേരളത്തിലേക്ക് മടങ്ങിയപ്പോൾ അവരെയും സഹോദരിയെയും കാണാൻ വേണ്ടി ഇടയ്ക്കിടെ പോകും. മൂന്ന് പേരിൽ ഏറ്റവും ബുദ്ധിമതിയായ മൂത്ത ചേച്ചി രാധിക വർഷങ്ങളായി ശാസ്ത്രജ്ഞനായ ഭർത്താവിനോടും മകനോടുമൊപ്പം അമേരിക്കയിലാണ്. തീർച്ചയായും സ്വന്തം മണ്ണായ കേരളത്തെ ഒരിക്കലും ഉപേക്ഷിക്കാനാവില്ല. എന്റെ സംസ്ഥാനം വളരെ മനോഹരമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നതിനോട് പൂർണമായും യോജിക്കുന്നു. എങ്കിലും പറയാതെ വയ്യ, കേരളത്തിൽ ഇന്ന് ജീവിക്കാൻ മുൻപത്തേക്കാൾ ഇത്തിരി പ്രയാസമാണ്. ലഹരിമരുന്ന് ഉപയോഗം വർധിച്ചു, കൊലപാതകങ്ങളും അക്രമപ്രവർത്തനങ്ങളും പെരുകി സാധാരണ ജീവിതം ദുസ്സഹമായി. പേടിപ്പെടുത്തുന്ന വാർത്തകൾ കേൾക്കുമ്പോൾ പുതുതലമുറയെ ഓർത്ത് ഖിന്നയാണ്. അതുകൊണ്ട് തന്നെ റിട്ടയർ ജീവിതം പോലും ദുബായിൽ തന്നെ കഴിയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, കേരളത്തിലേയ്ക്ക് തിരിച്ചുപോയി അവിടെ ഒരു വീട് നിർമിച്ച് സ്വസ്ഥമായി താമസിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികൾ ഇന്ന് വളരെ ചെറിയ ശതമാനമായിരിക്കും. കേരളത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്യണം. കൂടാതെ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തുടർ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരങ്ങളും സാഹചര്യങ്ങളുമൊരുക്കണമെന്നുമാണ് എന്റെ അഭിപ്രായം.
∙ആർജവമുള്ള മാധ്യമപ്രവർത്തക, സ്ത്രീപക്ഷവാദി
ഫോർബ്സ് ആഫ്രിക്കയിൽ രേണുക പതിനൊന്നര വർഷം പൂർത്തിയാക്കിയിരിക്കുന്നു. മാധ്യമപ്രവർത്തക എന്ന നിലയിൽ മനുഷ്യാവകാശ വിഷയങ്ങൾ, സ്ത്രീപക്ഷ നിലപാടുകൾ, സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനമാണ് മേതിൽ രേണുക നടത്തിവരുന്നത്. 2020ൽ നടന്ന കേരള ലോക് സഭ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു നടത്തിയ പ്രസംഗം ശ്രദ്ധേയമായി. നിഷ്‌കളങ്കതയും ധൈര്യവുമുള്ള സ്വഭാവം, സാധാരണക്കാർക്ക് വേണ്ടി പ്രത്യേകിച്ച്, പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി ശക്തമായ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്നതിലുള്ള ആർജവം.. ഇതൊക്കെയാണ് ഈ മുതിർന്ന മാധ്യമപ്രവർത്തകയുടെ മുഖമുദ്ര. ചിലപ്പോൾ ഈ സ്വഭാവം വൈരുധ്യങ്ങളിലേക്കും വിമർശനങ്ങളിലേക്കും നയിച്ചിട്ടുണ്ട്. സാഹിത്യത്തിലും സാമൂഹിക ശാസ്ത്രങ്ങളിലുമുള്ള ഗാഢമായ വായനാനുഭവം എഴുത്തുകളിലും പ്രതികരണങ്ങളിലും പ്രതിഫലിക്കുന്നു.
ഫോർബ്സ് ആഫ്രിക്കയുടെ സഹോദരസ്ഥാപനമായ സിഎൻബിസി(ആഫ്രിക്ക)ക്ക് വേണ്ടി കുറേയേറെ അഭിമുഖങ്ങൾ നടത്തി. ഒട്ടേറെ യുവ ആഫ്രിക്കൻ മാധ്യമപ്രവർത്തകരെ വളർത്തിയെടുക്കുന്നതിൽ പങ്കുവഹിച്ചു. കഴിഞ്ഞ 10 വർഷമായി ലോക സെലിബ്രിറ്റികളടക്കം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ വനിതാ സമ്മേളനത്തിലെ എഡിറ്റോറിയൽ ക്യുറേഷന് നേതൃത്വം നൽകിവരുന്നു. കൂടാതെ, ഒട്ടേറെ ആഗോള ഉച്ചകോടികളിൽ പാനലുകളും ചർച്ചകളും മോഡറേറ്റ് ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തി. അടുത്തിടെ ദുബായിൽ മാധ്യമങ്ങളിലെ സ്ത്രീ ശാക്തീകരണത്തിലെ മുന്നേറ്റം എന്ന വിഭാഗത്തിൽ പുരസ്കാരം ലഭിച്ചു.