ബാങ്ക് തട്ടിപ്പ്; 13 ഏഷ്യക്കാരുൾപ്പെടെ മൂന്ന് ക്രിമിനൽ സംഘങ്ങളെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

Mail This Article
ദുബായ് ∙ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 13 ഏഷ്യക്കാരടങ്ങിയ മൂന്ന് ക്രിമിനൽ സംഘങ്ങളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഫോണുകൾ വഴി ആളുകളുടെ ബാങ്ക് വിവരങ്ങൾ അപഹരിച്ചാണ് തട്ടിപ്പ് നടത്തിയത്. പൊലീസ്, ബാങ്കുകൾ തുടങ്ങിയ ഔദ്യോഗിക ഏജൻസികളുടെ ഉദ്യോഗസ്ഥരെ പോലെ നടിച്ച്, ബാങ്ക് വിവരങ്ങൾ പുതുക്കൽ, ട്രാഫിക് പിഴകൾ അടയ്ക്കൽ, വീസ പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ വ്യാജ കാരണങ്ങൾ കാട്ടിയാണ് ഇവർ ആളുകളെ സമീപിച്ചതെന്ന് ദുബായ് പൊലീസ് അറിയിച്ചു.
സംഘാംഗങ്ങൾ ബാങ്ക് കാർഡുകളുടെ മൂന്ന്-അക്കമുള്ള സിവിവി കോഡും ഒടിപി അടക്കമുള്ള രഹസ്യ വിവരങ്ങൾ ശേഖരിച്ച് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം കവരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഓദ്യോഗിക സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ആണ് തട്ടിപ്പുകാർ ദുരുപയോഗം ചെയ്തത്.
അറസ്റ്റിലായവരുടെ ഫോൺ, ഗാഡ്ജറ്റുകൾ എന്നിവയുടെ ചിത്രങ്ങൾ അധികൃതർ പങ്കുവച്ചു. സൈബർ തട്ടിപ്പിനെതിരെ പോരാടുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനും വേണ്ടി നടത്തുന്ന തുടർച്ചയായ ബോധവൽക്കരണ ക്യാംപെയിനുകളുടെ ഭാഗമായാണ് ഈ അറസ്റ്റുകൾ എന്നും അറിയിച്ചു.
ബാങ്കുകൾ ആരുടെയും വ്യക്തിഗതവിവരങ്ങൾ ഫോൺ, ഇ-മെയിൽ, മെസേജ് വഴി അഭ്യർഥിക്കാറില്ല. അത്തരം സംശയാസ്പദമായ വിളികൾ ലഭിച്ചാൽ ഉടൻ തന്നെ അടുത്ത പൊലീസ് സ്റ്റേഷനിൽ റിപോർട്ട് ചെയ്യണം. അല്ലെങ്കിൽ, www.ecrime.ae എന്ന വെബ്സൈറ്റ് വഴിയോ ദുബായ് പൊലീസ് ആപ്പ് വഴിയോ പരാതിപ്പെടണമെന്നും അധികൃതർ അറിയിച്ചു.