ADVERTISEMENT

ദുബായ് ∙ ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി നീളുന്നതിനാൽ കഴിഞ്ഞ 20 മണിക്കൂറിലേറെയായി സ്ത്രീകളും വയോധികരും കുട്ടികളുമടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാത്രി 8.40ന് പുറപ്പെടേണ്ട ഐഎക്സ് 540 നമ്പർ വിമാനമാണിത്. അതേസമയം വിമാനം വൈകുന്നതിന്റെ കൃത്യമായ കാരണം യാത്രക്കാരോട് വ്യക്തമാക്കിയിട്ടില്ല.

ഈ വിമാനത്തിൽ  യാത്ര ചെയ്യാനായി ആളുകൾ ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് വിമാനത്താവളത്തിലെത്തിയിരുന്നു. ഇതിൽ രണ്ടു പ്രാവശ്യം ഹൃദയാഘാതം സംഭവിച്ച 84 വയസ്സുകാരനും ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാല് ദിവസത്തെ അടിയന്തര അവധിക്ക് പോകുന്ന യുവാവും 10 ദിവസത്തെ അവധിക്ക് പോകുന്ന യുവതിയുമുണ്ട്. പലരും 20,000 രൂപ (900 ദിർഹം) മുതൽ നൽകിയാണ് ടിക്കറ്റെടുത്തിട്ടുള്ളത്

ബോർഡിങ് കഴിഞ്ഞ ശേഷമായിരുന്നു വിമാനം ഒരു മണിക്കൂർ വൈകി മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചത്. പിന്നീട് രാത്രി 10.45നായിരിക്കും പുറപ്പെടുക എന്നും അറിയിച്ചു. എന്നാൽ ഇതോടെ അക്ഷമരായ യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് എയർ ഇന്ത്യാ അധികൃതർ ചർച്ച നടത്തി.

ഇന്ന് വൈകിട്ട് 3.3ന് മാത്രമേ പോകുകയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് യാത്രക്കാർക്ക് ഹോട്ടലിൽ താമസ സൗകര്യവും ഭക്ഷണവും നൽകി. എന്നാൽ ഇന്ന് വൈകിട്ട് 6.30ന് വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യ-പാക്കിസ്ഥാൻ സൈനിക സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ വൈകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

പക്ഷേ, എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ വിമാനങ്ങളൊക്കെ സർവീസ് നടത്തുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസിന് മാത്രമെന്താണ് കുഴപ്പം എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ഹൃദ്രോഗിയായ വയോധികന്റെതടക്കം പലരുടെയും മരുന്നുകൾ ലഗേജിലാണ് ഉള്ളത് എന്നതിനാൽ ഇതുവരെ കഴിക്കാൻ കഴിഞ്ഞിട്ടില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതുപോലെ കുട്ടികളുടേതടക്കം അത്യാവശ്യ വസ്ത്രങ്ങൾ പോലും ലഗേജിൽപ്പെട്ടുപോയതിനാൽ ഉടുതുണി മാറ്റാതെയാണ് യാത്രക്കാർ കഴിഞ്ഞ 20 മണിക്കൂറോളമായി കഴിയുന്നത്. എത്രയും പെട്ടെന്ന് പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

English Summary:

Air India flight from Dubai to Thiruvananthapuram delayed, passengers wait over 20 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com