മാധവൻ പാടി അവാർഡുകൾ പ്രഖ്യാപിച്ചു

Mail This Article
ഷാർജ ∙ സാമൂഹിക- സാംസ്കാരിക പ്രവർത്തകനും മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ദീർഘകാല ഭരണ സമിതി അംഗവുമായിരുന്ന മാധവൻ പാടിയുടെ സ്മരണാർഥം മാസ് ഏർപ്പെടുത്തിയ നാലാമതു മാധവൻ പാടി അവാർഡുകൾ പ്രഖ്യാപിച്ചു.
ഷാർജ ഇന്ത്യൻ സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്കാണ് അവാർഡ്. ഹിദ ഫാത്തിമ, ആദിൽ ജിമ്മി എന്നിവരാണ് ഇത്തവണത്തെ അവാർഡ് ജേതാക്കൾ. മാസ് മുൻ പ്രസിഡന്‍റ് ഇബ്രാഹിം അംബിക്കാന ചെയർമാനും മുൻ പ്രസിഡന്‍റുമാരായ താലിബ്, വാഹിദ് നാട്ടിക എന്നിവരും മാസ് ഭാരവാഹികളും അടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഈ മാസം 11ന് വൈകീട്ട് 5ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന കൊച്ചു കൃഷ്ണൻ, മാധവൻ പാടി അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും പ്രഭാഷകനുമായ ഡോ. പി.കെ. ഗോപൻ മുഖ്യാതിഥിയായിരിക്കും. ഗസൽ സന്ധ്യയും അരങ്ങേറുമെന്ന് ജനറൽ സെക്രട്ടറി ബിനു കൊറോം, പ്രസിഡന്‍റ് അജിത രാജേന്ദ്രൻ, ട്രഷറർ സുരേഷ് നമ്പലാട്ട് എന്നിവർ അറിയിച്ചു.
