മധ്യപൂർവദേശത്തെ ആദ്യ ഡിസ്നി തീം പാർക്ക് അബുദാബിയിൽ; മാന്ത്രിക പാർക്കാകാൻ യാസ് ഐലൻഡ്

Mail This Article
അബുദാബി ∙ ലോകജനതയെ ഭാവനയുടെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മധ്യപൂർവദേശത്തെ ആദ്യത്തെ ഡിസ്നി തീം പാർക്ക് അബുദാബിയിൽ നിർമിക്കുന്നു. ഭൂമിയിലെ ഏറ്റവും മാന്ത്രിക സ്ഥലങ്ങളിൽ ഒന്നാകാൻ പോകുന്ന ഡിസ്നി ലാൻഡ് അബുദാബി തീം പാർക്കുകളുടെ കേന്ദ്രമായ യാസ് ഐലൻഡിലാണ് ഒരുക്കുന്നത്. 5 വർഷത്തിനകം തുറക്കാനാണ് പദ്ധതി. മിറാൽ കമ്പനിക്കാണ് നിർമാണ ചുമതല. രൂപകൽപനയ്ക്കും പ്രവർത്തന മേൽനോട്ടത്തിനും ഡിസ്നി നേതൃത്വം നൽകും.
അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം.ഇത്രയും വലിയ പദ്ധതി രൂപകൽപന ചെയ്യാൻ ഒന്നോ രണ്ടോ വർഷവും നിർമിക്കാൻ 4 മുതൽ 6 വർഷം വരെയും എടുക്കുമെന്ന് വാൾട്ട് ഡിസ്നി പാർക്സ് ആൻഡ് റിസോർട്സ് ചെയർപഴ്സൻ ജോഷ് ഡി അമാരോ പറഞ്ഞു.
മിറാലും വാൾട്ട് ഡിസ്നി കമ്പനിയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്ത കരാറിനെത്തുടർന്ന് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ഡിസ്നി ചീഫ് എക്സിക്യൂട്ടീവ് ബോബ് ഐഗർ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.ഫെറാരി വേൾഡ്, വാർണർ ബ്രോസ് വേൾഡ് അബുദാബി, യാസ് വാട്ടർ വേൾഡ് എന്നിവ ഉൾപ്പെടെ ദ്വീപിലെ മറ്റ് പ്രധാന ആകർഷണങ്ങളോടൊപ്പം പുതിയ പാർക്ക് ചേരുന്നതോടെ സഞ്ചാരികളുടെ പ്രധാനകേന്ദ്രമാകും യാസ് ഐലൻഡ്.

2016ൽ ഷാങ്ഹായ് ഡിസ്നി റിസോർട്ട് തുറന്നശേഷം കമ്പനിയുടെ പുതിയ പദ്ധതിയാണ് അബുദാബിയിലേത്.കഴിഞ്ഞ വർഷം 3.8 കോടിയിലേറെ സന്ദർശകർ യാസ് ദ്വീപ് സന്ദർശിച്ചു.ഇത് മുൻ വർഷത്തേക്കാൾ 10 ശതമാനം കൂടുതലാണ്. ഇവിടത്തെ തീം പാർക്കുകളിലെ സന്ദർശകരുടെ എണ്ണത്തിൽ 20 ശതമാനം വർധനയുണ്ട്.ഡിസ്നി ആകർഷണത്തിന് പുറമേ, യാസ് വാട്ടർ വേൾഡ് വിപുലീകരിക്കാനും ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് അബുദാബി എന്നിവിടങ്ങളിൽ പുതിയ റൈഡുകൾ ചേർക്കാനും പദ്ധതിയുണ്ട്.ഡിസ്നി ലാൻഡ് അബുദാബി പ്രഖ്യാപനത്തെത്തുടർന്ന് ഇന്നലെ വൈകിട്ടോടെ ഡിസ്നി ഓഹരികൾ 10.3 ശതമാനം ഉയർന്ന് 101.64 ഡോളറിലെത്തി.