ദുബായ് ടാക്സി കമ്പനിക്ക് ആദ്യ പാദത്തിൽ വരുമാന വർധന

Mail This Article
ദുബായ് ∙ ദുബായ് ടാക്സി കമ്പനി (ഡിടിസി) ഈ വർഷം ആദ്യ മൂന്ന് മാസത്തിൽ (2025 ആദ്യ പാദം) വരുമാനത്തിൽ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രാ എണ്ണത്തിലും വർധനവുണ്ടായി.
കമ്പനിയുടെ ടാക്സികളും ലിമോസിനുകളും ചേർന്ന് ആദ്യ പാദത്തിൽ 1.3 കോടി യാത്രകളാണ് നടത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8 ശതമാനം വർധനയാണ്. ഈ കാലയളവിൽ 588.3 ദശലക്ഷം ദിർഹം വരുമാനം നേടിയ കമ്പനി, വരുമാനത്തിൽ 5 ശതമാനം വർധന കൈവരിച്ചു. അതേസമയം, ആദ്യ പാദത്തിലെ അറ്റാദായം (നെറ്റ് പ്രോഫിറ്റ്) 84 ദശലക്ഷം ദിർഹമാണ്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം കുറവാണ്.
2024 ഡിസംബറിൽ ബോൾട്ട് ആപ്പ് ആരംഭിച്ചതു മുതൽ 2.79 ലക്ഷം ഡൗൺലോഡുകൾ നടന്നു. വിമാനത്താവള സർവീസിന്റെ ഭാഗമായി 700 ടാക്സികളാണ് ബോൾട്ട് വഴി നിലവിൽ ഉപയോഗിക്കുന്നത്.
2025 ൻ്റെ തുടക്കത്തിൽ 250 ഇലക്ട്രിക് ടാക്സികൾ കൂടി ഉൾപ്പെടുത്തിയതോടെ ദുബായ് ടാക്സി കമ്പനിയുടെ ടാക്സികളുടെ എണ്ണം 6,200 കടന്നു. ദുബായ് വിമാനത്താവളങ്ങളുമായി അഞ്ചുവർഷത്തെ പുതുക്കിയ കരാറിലും കമ്പനി ഒപ്പുവച്ചിട്ടുണ്ട്.