പാക്ക്– ഇന്ത്യ സംഘർഷം: വ്യോമഗതാഗതം സ്തംഭിച്ചു; സർവീസുകൾ റദ്ദാക്കി, യാത്രയിൽ ആശങ്ക

Mail This Article
അബുദാബി/ ദുബായ്∙ പാക്കിസ്ഥാൻ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിനു പിന്നാലെ വ്യോമ ഗതാഗതമേഖല സ്തംഭിച്ചു. പ്രധാന വിമാന കമ്പനികൾ പാക്കിസ്ഥാനിലേക്കുള്ള യാത്രാ വിമാനങ്ങൾ റദ്ദാക്കി. പാക്ക് വ്യോമപാത വഴി ഇന്ത്യയിലേക്കുള്ള സർവീസുകളും നിർത്തി വച്ചു. അതേസമയം, കേരളത്തിലേക്കുള്ള സർവീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല.
യുഎഇയിൽനിന്ന് ഉത്തരേന്ത്യയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്നാണിത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയുടെ സർവീസുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടും.
അതതു ദിവസത്തെ സാഹചര്യം അനുസരിച്ചാകും ഇനി സർവീസ് നടത്തുക. അതിനാൽ, യാത്ര പുറപ്പെടും മുൻപ് വിമാന കമ്പനികളിൽ വിളിച്ചു യാത്ര ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ഫ്ലൈ ദുബായുടെ ഇന്ത്യൻ സർവീസുകൾ പതിവു പോലെയാണെന്ന് മാനേജ്മെന്റ് അറിയിച്ചു. യുഎഇയിൽ നിന്ന് ശ്രീനഗറിലേക്ക് സർവീസ് റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്ത വിമാനങ്ങളിലെ യാത്രക്കാർക്ക് സൗജന്യമായി വീണ്ടും ബുക്ക് ചെയ്യാനോ യാത്ര റദ്ദാക്കാനോ അവസരമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ധർമശാല, ലേ, ജമ്മു, ശ്രീനഗർ, അമൃതസർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചതിനാൽ ഈ സെക്ടറുകളിലേക്ക് യുഎഇയിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി സ്പൈസ് ജെറ്റ് അറിയിച്ചു.
സിയാൽകോട്ട്, ലഹോർ, ഇസ്‌ലാമാബാദ്, പെഷവാർ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കി. ഈ വിമാനങ്ങളിലെ യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടരുതെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ കറാച്ചിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ തുടരുമെന്നും എമിറേറ്റ്സ് അറിയിച്ചു. ഇത്തിഹാദിന്റെ ലഹോർ, കറാച്ചി, ഇസ്‌ലാമാബാദ് സെക്ടറുകളിലേക്കു ചൊവ്വാഴ്ച പുറപ്പെട്ട വിമാനങ്ങൾ അബുദാബിയിൽ തന്നെ തിരിച്ചിറക്കി. ഈ 3 സെക്ടറുകളിലെയും വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കുന്ന മറ്റു വിദേശ കമ്പനികളും സർവീസുകൾ വഴി തിരിച്ചുവിട്ടു. യുഎഇയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള 13 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. ഫ്ലൈ ദുബായുടെ കറാച്ചി സെക്ടർ മാത്രമാണ് സർവീസ് തുടരുന്നത്.
∙ പുതിയ റൂട്ടിലൂടെ സർവീസ്
ലഹോർ, സിയാൽകോട്ട്, ഇസ്‌ലാമാബാദ് എന്നിവിടങ്ങൾ വഴിയുള്ള കണക്‌ഷൻ വിമാനങ്ങൾ ഇനി അറിയിപ്പ് ഉണ്ടാകും വരെ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു.
പാക്കിസ്ഥാൻ വഴിയും പാക്കിസ്ഥാനിലേക്കുമുള്ള എല്ലാ സർവീസുകളും നിർത്തിയതായി എയർ അറേബ്യയും അറിയിച്ചു. ലുഫ്താൻസ, എയർ ഫ്രാൻസ്, ബ്രിട്ടിഷ് എയർവേയ്സ് എന്നിവ പാക്ക് വ്യോമപാത ഒഴിവാക്കി, പുതിയ റൂട്ടിലൂടെയാണ് സർവീസ് നടത്തുന്നത്. ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ പാക്കിസ്ഥാനു മുകളിലൂടെ സർവീസ് നടത്തില്ലെന്ന് എയർ ഫ്രാൻസും ലുഫ്താൻസയും അറിയിച്ചു
∙ സംഘർഷം ഒഴിവാക്കണമെന്ന് യുഎഇ
ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നും പ്രാദേശിക, രാജ്യാന്തര സമാധാനത്തിന് ഭീഷണിയാകാവുന്ന കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കണമെന്നും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു. ദക്ഷിണേഷ്യയിലെ സ്ഥിരത ശക്തിപ്പെടുത്താനും പ്രാദേശിക പിരിമുറുക്കങ്ങൾ ഒഴിവാക്കി തുറന്ന ചർച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും പറഞ്ഞു.പ്രാദേശിക, രാജ്യാന്തര പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനും മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുമുള്ള എല്ലാ സംരംഭങ്ങൾക്കും യുഎഇ പിന്തുണ തുടരുമെന്നും പറഞ്ഞു.
∙ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഖത്തർ
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ സംഘർഷം പടരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഖത്തർ. ഇരുരാജ്യങ്ങളോടും പരമാവധി സംയമനം പാലിക്കാൻ ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ ആശയ വിനിമയത്തിനുള്ള വഴി തുറന്നിടണമെന്നും നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. മേഖലയുടെ സമധാനത്തിനും സുരക്ഷയ്ക്കും എല്ലാ പിന്തുണയും ഖത്തർ വാഗ്ദാനം ചെയ്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ഫോണിൽ സംസാരിച്ചു.
∙ സർവീസ് വിവരങ്ങൾ അറിയാൻ...
∙ ഫ്ലൈദുബായ് സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ +971) 600 54 44 45.
∙ ഇത്തിഹാദ് എയർവേയ്സ് : +971 600 555 666.