കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് പുതിയ നേട്ടവുമായി യുഎഇ

Mail This Article
അബുദാബി ∙ മധ്യപൂർവദേശം, ഉത്തരാഫ്രിക്ക, അറബ് ലോകം എന്നിവിടങ്ങളിലെ മികച്ച താമസയോഗ്യമായ രാജ്യമായി യുഎഇ. ഈ വർഷത്തെ യുഎൻ മാനവശേഷി വികസന സൂചികയിൽ (യുഎൻ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡെക്സ് 2025) ആണ് യുഎഇ ഒന്നാമതും ആഗോളതലത്തിൽ 15-ാമതുമായ റാങ്കിൽ എത്തിയതായ റിപോർട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 8 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം.
കാനഡ, ന്യൂസീലൻഡ്, യുഎസ്, ഓസ്ട്രിയ, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെക്കാൾ മുന്നിലാണ് യുഎഇ. ജീവിതനിലവാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ്. 'വെരി ഹൈ ഹ്യൂമൻ ഡവലപ്മെന്റ്' വിഭാഗത്തിൽ ഉൾപ്പെട്ട യുഎഇക്ക് പുറമേ സൗദി (37), ഖത്തർ (43), ഒമാൻ (50), കുവൈത്ത് (52) എന്നിവയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. 1990ൽ 0.713 ആയിരുന്ന യുഎഇയുടെ സ്കോർ 2023ൽ 0.940 ആയി ഉയർന്നു.
∙എഐ മേഖലയിൽ മുൻപന്തിയിൽ
ലിങ്ക്ഡ്ഇൻ ഡാറ്റ പ്രകാരം, എഐ നിപുണരായ പ്രവാസികളെ ആകർഷിക്കുന്നതിൽ യുഎഇ മൂന്നാമതാണ് (ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് ശേഷം). എഐ സ്കിൽ പീനെട്രേഷനിൽ യുഎഇ അറബ് ലോകത്തിലും മധ്യപൂർവദേശം-ഉത്തരാഫ്രിക്ക മേഖലയിലുമെല്ലാം മുൻപന്തിയിലാണ്. എങ്കിലും ആഗോള ശരാശരിയേക്കാൾ കുറവാണെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു. എഐ മേഖലയിലേക്ക് യുഎഇ ശക്തമായി നിക്ഷേപം നടത്തുന്നുണ്ട്. നാലു വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ എഐ പഠനം നിർബന്ധമാക്കിയത് ഈ നയത്തിന്റെ ഭാഗമാണ്. 2024ൽ ഏറ്റവും കൂടുതൽ എഐ നിക്ഷേപം യുഎസിലാണ് (70.2 ബില്യൻ ഡോളർ), തുടർന്ന് ചൈന (6.5 ബില്യൻ), മധ്യപൂർവദേശം (0.7 ബില്യൻ ഡോളർ) എന്നിങ്ങനെയാണ് കണക്കുകൾ.