നിക്ഷേപകർക്ക് പ്രിയമേറി, മൂന്നാം വർഷം ലാഭത്തിളക്കം: അറേബ്യൻ വിപണി കീഴടക്കി മലയാളി സ്റ്റാർട്ടപ്പ്! അക്കൗണ്ടിങ്ങിൽ അലാൻ 'പുലി'യാണ്

Mail This Article
ദുബായ് ∙ യുഎഇയിലെ മലയാളിയുടെ സ്റ്റാർട്ടപ്പിനു മൂന്നാം വർഷം ലാഭത്തിളക്കം. കമ്പനികളുടെ അക്കൗണ്ടിങ് ആവശ്യങ്ങളെ ഒറ്റ ആപ്പിലൂടെ പരിഹരിക്കുന്നതാണ് ഫിൻടെക് സ്റ്റാർട്ടപ്പായ അലാന്. ഫിൻടെക് മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതിയും ലാഭവും നേടിയ ആദ്യ സ്റ്റാർട്ടപ്പാണിത്.
∙ എന്താണ് അലാന്
സ്ഥാപനങ്ങളുടെ അക്കൗണ്ടിങ് ആവശ്യങ്ങൾക്കുള്ള ഉത്തരമാണ് അലാൻ. ക്ലെയിം ഫോമുകള്‍, പെറ്റി ക്യാഷ്, റീഇംബേഴ്സ്മെന്റ് ഉൾപ്പടെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ ലളിതമാക്കാൻ അലാൻ മാത്രം മതി. ഓരോന്നിനും കണക്കെഴുതി ടാലി ചെയ്യാൻ വേണ്ടി വരുന്ന സമയത്തെ അലാൻ ഇല്ലാതാക്കും. കമ്പനികളുടെ ഫിനാന്‍സ് ടീമിന് വിവിധ ചെലവുകളുടെ നിയന്ത്രണവും നിരീക്ഷണവും അലാനിലൂടെ സാധിക്കും.
∙ അലാന് സേവനങ്ങള്‍ – സ്മാർട്ട് കോർപറേറ്റ് കാർഡുകള്‍
കമ്പനികളുടെ എല്ലാത്തരം ചെലവുകൾക്കുമായി രൂപീകരിച്ച സ്മാർട്ട് കോർപറേറ്റ് കാർഡുകളാണ് അലാന്റെ പ്രധാന ഉൽപനം. ലൈസൻസിങ് ഉൾപ്പെടെ സർക്കാർ ചെലവുകൾക്കായി പിആർഒ മാർക്ക്, പരസ്യ ചെലവുകൾക്കായി മാർക്കറ്റിങ് ടീമുകൾക്ക്, ഇന്ധനത്തിനായി ഡ്രൈവർമാർക്ക്, സോഫ്റ്റ്വെയർ വാങ്ങലിനായി ഐടി ടീമുകൾക്ക്, ഫീൽഡ് ചെലവുകൾക്കായി ഓപറേഷൻസ് ടീമുകൾക്ക് എന്നിങ്ങനെ സ്മാർട് കാർഡ് നൽകാം.
ഓരോ കാർഡിലുമുളള ചെലവുകള്‍ ഫിനാന്‍സ് ടീമിന് നേരിട്ടു നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. റീ ഇംബേഴ്സ് പോലുള്ള നടപടികൾ ഒഴിവാക്കാൻ ഈ കാർഡുകൾ സഹായിക്കും. കാർഡ് വഴി ചെലവാക്കുന്നതിനാൽ അതിന്റെ കണക്ക് എടുപ്പും അതിവേഗത്തിൽ നടക്കും.

∙ എഐ പിന്തുണയോടുകൂടിയ ചെലവ് മാനേജ്മെന്റ് പ്ലാറ്റ്ഫോം
ജീവനക്കാർക്ക് അവരുടെ ബില്ലുകൾ ഡിജിറ്റലായി സമർപ്പിക്കാനാവുന്ന സംവിധാനമാണിത്. സ്ഥാപനങ്ങള്‍ക്ക് എല്ലാ ചെലവുകളും കൃത്യമായി നിരീക്ഷിക്കാനും റിവ്യൂ ചെയ്യാനും കഴിയും. നേരത്തെ മാനുഷിക പിന്‍ബലത്തില്‍ ചെയ്തിരുന്ന പല കാര്യങ്ങളും നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഇന്ന് മുന്നോട്ടുപോകുന്നത്.
ഉദാഹരണത്തിന്, സമർപ്പിച്ച ബില്ലുകളുടെ കൃത്യത പരിശോധിക്കുക, വാറ്റ് ഫയലിങ്ങിന് ആവശ്യമായ വിവരങ്ങളും, അക്കൗണ്ടിങ്ങിനായുളള വിവരങ്ങളും സ്വയം ശേഖരിക്കുക തുടങ്ങിയവയെല്ലാം നിർമിത ബുദ്ധിയുടെ സഹായത്തോടെ ചെയ്യാനാകും. ഇതുവഴി ഫിനാൻസ് ടീമിന്റെ തൊഴില്‍ ഭാരവും സമയം നഷ്ടവും ഗണ്യമായി കുറയ്ക്കാം. ഇത്തരം ജോലികൾക്കായി നിയോഗിക്കുന്ന ആളുകളുടെ എണ്ണവും കുറയ്ക്കാം.
∙ ഇന്റഗ്രേറ്റഡ് അക്കൗണ്ടിങ് സേവനങ്ങള്‍
വിവിധ അക്കൗണ്ടിങ് സോഫ്റ്റ്വെയറുകളുമായി അലാന് ചെയ്യുന്ന ഇന്റഗ്രേഷനുകള്‍ അക്കൗണ്ടന്റുമാരുടെ ജോലി എളുപ്പമാക്കുന്നു. വിവര ശേഖരണം (ഡേറ്റ എന്‍ട്രി) രസീത് വിവരങ്ങള്‍, ക്ലെയിം ഫോമുകള്‍ എന്നിവ ഉള്‍പ്പടെ ചെലവുകളുടെ വിവരങ്ങൾ അക്കൗണ്ടില്‍ അപ്പപ്പോള്‍ ചേർക്കപ്പെടും. ഇതോടെ കൃത്യതയും കാര്യക്ഷതയും വർധിക്കുകയും അക്കൗണ്ടിങ് പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍, ചെലവുകൾ നിയന്ത്രിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്ന സമഗ്രമായ സ്പെൻഡ് മാനേജ്മെന്റ് പ്ലാറ്റ്ഫോമാണ് അലാൻ. അതോടൊപ്പം സ്ഥാപനങ്ങൾക്ക് ചെലവിൽ നിന്നുള്ള ക്യാഷ് ബാക്ക് ലഭിക്കാനും കഴിയും. കമ്പനികളിലെ സാമ്പത്തിക കാര്യങ്ങൾ ലളിതമാക്കിയതോടെ അലാന്റെ ജനപ്രീതിയും വർധിച്ചു. തുടക്കത്തിൽ ഇടത്തരം സ്ഥാപനങ്ങളെ ലക്ഷ്യംവച്ചാണ് അലാൻ പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ പിന്നീട് വലിയ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യങ്ങൾ വന്നു തുടങ്ങി. ഇന്ന് ലുലു എക്സ്ചേഞ്ച്, ടാബി പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളും റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അസീസി, റിവോളി, റോവ് ഹോട്ടലുകളും അടക്കം 1200 സ്ഥാപനങ്ങൾ അലാന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. പ്രവർത്തനം ആരംഭിച്ച് 4 മാസത്തിനുള്ളിൽ നൂറോളം സ്ഥാപനങ്ങൾക്ക് സേവനം നൽകി സൗദി അറേബ്യയിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ചു.
∙ അലാന്, പിന്നില്‍ മലയാളികള്‍
കൊച്ചി സ്വദേശിയായ പാർത്ഥി ദുരൈ സ്വാമിയും തിരുവനന്തപുരം സ്വദേശിയായ കരുണ്‍ കുര്യനുമാണ് അലാന് എന്ന ആശയത്തിന് പിന്നില്‍. ദുബായില്‍ മക്കിന്‍സിയില്‍ ജോലി ചെയ്യവെ, ഇരുവർക്കും ജോലി സംബന്ധമായി നിരവധി യാത്രകള്‍ നടത്തേണ്ടി വന്നു. അത്തരം യാത്രകളിലെ ചെലവുകള്‍ തിരികെ ലഭിക്കാനായി ഒരുപാട് രേഖകളാണ് ഇരുവരും നൽകിയിരുന്നത്.
രസീതുകള്‍ ഉള്‍പ്പടെ ശേഖരിക്കലും മറ്റ് നൂലാമാലകളും കൂടിയായപ്പോള്‍, ഇതിനെല്ലാം എന്താണ് ഒരു പരിഹാരം എന്ന ആലോചനയിലാണ് അലാന് എന്ന സ്റ്റാർട്ടപ്പിന്റെ പിറവി. ഇന്ന് 20 രാജ്യങ്ങളില്‍ നിന്നു 100ൽ അധികം ജീവനക്കാർ അലാന്റെ ഭാഗമാണ്.
∙ വളർച്ചയില്‍ നിർണായകമായി നിക്ഷേപം
പ്രാദേശിക തലത്തിലും ആഗോള തലത്തിലും മികച്ച മുന്നേറ്റം നടത്താന്‍ സഹായകരമായത് വൈ കോമ്പിനേറ്റർ ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ 75 ലക്ഷം ഡോളറിന്റെ നിക്ഷേപമാണ്. ബോട്ടിം, കരീം, വാഷ്മെന്, തലാബത് തുടങ്ങിയവരും അലാനു പിന്തുണ നല്കുന്നു.
∙ വീസയുമായുളള സഹകരണം
ലോകത്തെ മുന്‍നിര ഡിജിറ്റല്‍ പേയ്മന്റ് സ്ഥാപനമായ വീസയുമായി അഞ്ച് വർഷത്തെ മള്‍ട്ടി മില്ല്യന്‍ ഡോളർ സഹകരണ കരാറില്‍ അലാന് ഒപ്പുവച്ചു. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വ്യാപാരങ്ങളില്‍ ഡിജിറ്റല്‍ പണമിടപാടുകളും അനുബന്ധ പ്രവർത്തനങ്ങളും കൂടുതല്‍ ശക്തമാക്കുകയെന്നുളളതാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
∙ കൂടുതല്‍ വിപണികളിലേക്ക്
ഒരു സ്റ്റാർട്ടപ്പിന് വിപണിയില്‍ സ്ഥാനം ഉറപ്പിക്കാനും, ലാഭത്തിലേക്കെത്താനും നിശ്ചിത സമയപരിധി അനിവാര്യമാണ്. വിപണിയില്‍ കൃത്യമായ സ്വാധീനം ചെലുത്താനും വളരാനും ലാഭത്തിലേക്ക് എത്താനും കഴിഞ്ഞത് അലാന്റെ വലിയ നേട്ടമാണ്. രാജ്യാന്തര തലത്തില്‍ വലിയ വളർച്ചയിലേക്ക് അലാന് കുതിക്കുമ്പോള്‍ അതിന് പിന്നില്‍ മലയാളികളാണെന്നുളളത് മലയാളികള്‍ക്കും അഭിമാനത്തിന് വക നല്കുന്നു.