'ഫ്രീ ടിക്കറ്റി'ൽ ഒളിഞ്ഞിരുന്നത് ലക്ഷങ്ങൾ; 'ആദ്യം കേട്ടപ്പോൾ വിശ്വസിക്കാനായില്ല': മലയാളികളടക്കം അഞ്ച് പ്രവാസികളെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം

Mail This Article
അബുദാബി ∙ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ നേട്ടം സ്വന്തമാക്കി ബഹ്റൈനിൽ ജോലി ചെയ്യുന്ന മലയാളികളടക്കം അഞ്ച് പ്രവാസികൾ. ഓരോരുത്തർക്കും 35 ലക്ഷത്തിലേറെ രൂപ(ഒന്നര ലക്ഷം ദിർഹം) വീതമാണ് സമ്മാനമായി ലഭിച്ചത്. ഇന്ത്യക്കാരെ കൂടാതെ ബംഗ്ലദേശ്, പാക്കിസ്ഥാൻ സ്വദേശികളും സീരീസ് 274 നറുക്കെടുപ്പിൽ ഭാഗ്യവാന്മാരായി.
ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പ്രശാന്ത് തോട്ടത്തൊടി മരപ്പ, കമലാസനൻ ഓമന റിജി(52), ശിവാനന്ദൻ രാമഭദ്രൻ, പാക്കിസ്ഥാൻ സ്വദേശി ഇമ്രാൻ അഫ്താബ് എന്നിവരാണ് വിജയികൾ. പത്ത് സുഹൃത്തുക്കളുള്ള ഗ്രൂപ്പായാണ് ഭൂരിഭാഗം പേരും ഭാഗ്യപരീക്ഷണം നടത്തിയത്. പലരുടെയും വിജയത്തിലേക്ക് നയിച്ചത് രണ്ട് ടിക്കറ്റെടുക്കുമ്പോൾ ലഭിക്കുന്ന സൗജന്യ ടിക്കറ്റും.
ബഹ്റൈനിൽ 15 വര്‍ഷമായി മെക്കാനിക്കൽ ഫിറ്റർ ആയ പ്രശാന്തിനെ സൗജന്യ ടിക്കറ്റാണ് വിജയത്തിലേക്കെത്തിച്ചത്. പത്തംഗ സംഘത്തോടൊപ്പമാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ഷാര്‍ജയില്‍ 18 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന കമലാസനൻ ഓമന റിജി സുഹൃത്ത് വഴിയാണ് വിജയവാര്‍ത്ത അറിഞ്ഞത്. ആദ്യം കേട്ടപ്പോൾ വിശ്വസിക്കാനായില്ലെന്നും വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബുദാബിയില്‍ 1986 മുതല്‍ താമസിക്കുന്ന ശിവാനന്ദൻ രാമഭദ്രൻ രണ്ട് ദശകത്തിലേറെയായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നു. ഇത്തവണ തനിക്ക് സമ്മാനമുണ്ടാകുമെന്ന് തോന്നിയതിനാലാണ് ഫലം പരിശോധിച്ചതെന്നും തന്നെ അത്ഭുതപ്പെടുത്തി വിജയിയാവുകയും ചെയ്തുവെന്ന് ശിവാനന്ദൻ പറഞ്ഞു. ഷാര്‍ജയില്‍ 18 വര്‍ഷമായി താമസിക്കുന്ന മ്യുനിസിപ്പാലിറ്റി തൊഴിലാളിയായ ബംഗ്ലദേശ് സ്വദേശി ഷോഹാഗ് നൂറുല്‍ ഇസ് ലാം, ദുബായില്‍ 16 വര്‍ഷമായി ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി ഇമ്രാന്‍ അഫ്താബ് എന്നിവരാണ് മറ്റു വിജയികൾ.