ADVERTISEMENT

ഷാര്‍ജ ∙ മദാമിൽ മോട്ടോർ ബൈക്ക് അപകടത്തില്‍ 24 വയസ്സുള്ള എമിറാത്തി ദേശീയ ആർച്ചറി(അമ്പെയ്ത്തു) താരവും 14 വയസ്സുള്ള ഇളയ സഹോദരനും മരിച്ചു. ചൊവ്വാഴ്ച രാത്രി മദാം റോഡില്‍ ഫിലി പ്രദേശത്തായിരുന്നു അപകടം.

അമിതവേഗത്തിലായിരുന്ന മോട്ടോര്‍സൈക്കിള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണു അപകടകാരണമെന്ന് ഷാർജ പൊലീസ് പറഞ്ഞു ബൈക്ക് ഓടിച്ചിരുന്നത് മുതിര്‍ന്ന സഹോദരനായിരുന്നു.  ഇളയ സഹോദരന്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ ആർച്ചറി താരത്തെ ഉടൻ ദൈദ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാത്രി 8 നായിരുന്നു പൊലീസ് ഓപറേഷന്‍സ് റൂമിലേക്ക് അപകട വിവരം ലഭിച്ചത്. ഉടനടി പൊലീസും ദേശീയ ആംബുലന്‍സ് വിഭാഗവും സ്ഥലത്തെത്തി,  ഇളയ സഹോദരന്റെ മരണം സ്ഥിരീകരിച്ചു. ബുധനാഴ്ച ഫിലി പള്ളിയില്‍ രണ്ട് സഹോദരന്മാരുടെയും മയ്യിത്ത് നമസ്കാരത്തിന് ശേഷം ഫിലി കബര്‍സ്ഥാനിൽ മൃതദേഹങ്ങള്‍ സംസ്കരിച്ചു.

അമിതവേഗവും സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കുന്നതുമാണ്  ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പൊലീസ് പറഞ്ഞു. ഹെല്‍മറ്റും മറ്റ് സംരക്ഷണ ഉപകരണങ്ങളും നിർബന്ധമാക്കണമെന്ന് പൊലിസ് ഓര്‍മിപ്പിച്ചു. ലൈസന്‍സുള്ളവർ അനുമതിയുള്ള ഇടങ്ങളിലൂടെ മാത്രമേ മോട്ടോര്‍സൈക്കിള്‍ ഓടിക്കാവൂ എന്നും  വ്യക്തമാക്കി. രക്ഷിതാക്കൾ കുട്ടികളെ ഇക്കാര്യം അറിയിക്കുകയും അവരെ ഉത്തരവാദിത്വത്തോടെ യാത്രചെയ്യാന്‍ പ്രേരിപ്പിക്കയും വേണം. യുഎഇയിൽ അറിയപ്പെടുന്ന ആർച്ചറായിരുന്ന മുതിര്‍ന്ന സഹോദരന്റെ മരണവാർത്ത സ്വദേശി സമൂഹത്തെയും കായിക ലോകത്തെയും  ഞെട്ടിച്ചു.

English Summary:

Two Emirati brothers die in motorcycle accident in sharjah, UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com