‘പൊന്നോമനയെ ചേർത്തു പിടിച്ച് മുത്തം നൽകി ഷെയ്ഖ് മുഹമ്മദ്’; ഹൃദയം കവരുന്ന ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ

Mail This Article
ദുബായ്∙ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവെച്ച ഹൃദയസ്പർശിയായ ചിത്രം വൈറലായി. പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൊച്ചുമകളായ ഹിന്ദിനെ കയ്യിലെടുത്ത ചിത്രമാണ് ഏവരുടെയും മനം കവരുന്നത്. നേരത്തെ കുട്ടികൾക്ക് സ്നേഹം പകർന്ന് അവരോടൊപ്പം ചെലവഴിക്കുന്ന വിഡിയോയും ഷെയ്ഖ് ഹംദാൻ പുറത്തുവിട്ടിട്ടുണ്ട്.
ഹിന്ദ് ബിൻത് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നാണ് ഷെയ്ഖ് ഹംദാന്റെ നാലാമത്തെ മകളുടെ പേര്. അദ്ദേഹത്തിന് ഹിന്ദിന് പുറമെ രണ്ട് ആൺമക്കളും പെൺകുട്ടിയുമുണ്ട്. 2021ൽ പിറന്ന ഇരട്ടക്കുട്ടികളായ റാഷിദും ഷെയ്ഖയുമാണ് അദ്ദേഹത്തിന്റെ ആദ്യ മക്കൾ. 2023ൽ മൂന്നാമത്തെ മകനും ജനിച്ചു. നാലാമത്തെ കുട്ടിക്ക് ‘ഹിന്ദ്’ എന്ന പേര് നൽകിയത് ഷെയ്ഖ് ഹംദാന്റെ മാതാവായ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമ അൽ മക്തൂമിനുള്ള ആദര സൂചകമായിട്ടാണ്.
ഷെയ്ഖ് ഹംദാനെ ഇൻസ്റ്റഗ്രാമിൽ 17 ദശലക്ഷം പേർ പിന്തുടരുന്നുണ്ട്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ അദ്ദേഹം പലപ്പോഴും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്.