‘അടുത്ത ഇര നിങ്ങൾ ആകാം’: മലയാളികളെ വലയിൽ വീഴ്ത്തിയ യുഎഇയിലെ ടൂർ പാക്കേജ് തട്ടിപ്പുകൾ, മനോഹര വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ

Mail This Article
ഷാർജ/ദുബായ് ∙ പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ടൂർ പാക്കേജും യുഎഇയിലെ പ്രമുഖ വിനോദകേന്ദ്രങ്ങൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ വൻ നിരക്കിളവോടെ താമസവും വാഗ്ദാനം നൽകി വഞ്ചിക്കുന്ന സംഘങ്ങൾ യുഎഇയിൽ വീണ്ടും സജീവം. അവധി ദിവസങ്ങളിലും മറ്റും പ്രവാസികൾ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന സാഹചര്യം മുന്നിൽക്കണ്ടാണ് ഇവർ ഇപ്പോൾ കൂടുതലായി രംഗത്തെത്തിയത്. ഇവരുടെ വഞ്ചനയിൽപ്പെട്ട് വൻതുകകളും സമയവും നഷ്ടപ്പെട്ടവർ ഒട്ടേറെ. വിദേശയാത്രയ്ക്ക് ഏറ്റവും മുന്നിൽ നിൽക്കുന്നവരാണെന്നതിനാൽ മലയാളികളാണ് വഞ്ചിക്കപ്പെട്ടവരിൽ കൂടുതൽ.
∙എല്ലാവരും ഭാഗ്യവാന്മാരാകുന്നു, പക്ഷേ..
മാളുകൾക്കും സൂപ്പർ-ഹൈപ്പർ മാർക്കറ്റുകൾക്കും മുന്നിൽ ജീവനക്കാരെ നിർത്തിയാണ് കുടുംബവുമായി സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെ ഇവർ വലവീശുന്നത്. മിക്കയിടങ്ങളിലും മലയാളികളടക്കമുള്ള സന്ദർശക വീസയിലെത്തുന്ന ഇന്ത്യൻ, പാക്കിസ്ഥാനി യുവാക്കളാണ് കാൻവാസിങ് നടത്തുന്നത്. ആദ്യം ഒരു കൂപ്പണാണ് നൽകുക. ഇത് പൂരിപ്പിച്ചിട്ടാൽ ഭാഗ്യ നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ എന്നാണ് വാഗ്ദാനം.
ഇത് പാലിക്കുന്നവർക്ക് നറുക്കെടുപ്പ് തീയതി കഴിഞ്ഞയുടൻ ഫോൺ കോളെത്തുന്നു. താങ്കൾക്ക് സമ്മാനം ലഭിച്ചിരിക്കുന്നുവെന്നും കുടുംബ സമേതമായിരിക്കണം തങ്ങളുടെ ഓഫിസിൽ അതു വാങ്ങാനെത്തേണ്ടത് എന്നുമാണ് ആവശ്യപ്പെടുക. ഇതുകണ്ട് ആവേശം മൂത്ത് കുടുംബം ഓഫിസിലെത്തിയാൽ അവിടെ ചുരുങ്ങിയത് ഒരു മണിക്കൂറോളം കമ്പനിയുടെ ടൂർ പാക്കേജിനെക്കുറിച്ച് ക്ലാസെടുക്കും.

2 മുതൽ 5 വരെ വർഷങ്ങളിൽ ഉപയോഗിക്കാവുന്ന രാജ്യാന്തര ടൂർ പാക്കേജാണ് ഇവർ വിഡിയോ ദൃശ്യങ്ങൾ സഹിതം വിവരിക്കുക. ഇന്ത്യയിലടക്കം വിവിധ ലോക രാജ്യങ്ങളിൽ പ്രമുഖ വിനോദ കേന്ദ്രങ്ങളുടെ സന്ദർശനം, ആഡംബര ഹോട്ടലുകളിൽ താമസം, ഭക്ഷണം തുടങ്ങിയവയൊക്കെയാണ് കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുക. ഇന്ത്യയിൽ കശ്മീർ സന്ദർശനം മുതൽ ആലപ്പുഴയിലെ ബോട്ടുയാത്ര കൂടിയുണ്ട്.
യുഎഇയിൽ ബുർജ് ഖലീഫ, ഡോൾഫിനേറിയം, ദുബായ് ഫ്രെയിം, മിറക്കിൾ ഗാർഡൻ അടക്കം 10 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. എന്നാൽ ഇവരെ വിശ്വസിച്ച് വൻ തുക കൊടുത്ത് വിമാന ടിക്കറ്റെടുത്ത് വിദേശങ്ങളിൽ ചെല്ലുമ്പോഴാണ് ഇത്തരത്തിലൊരു കമ്പനിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും മുറി ബുക്ക് ചെയ്ത് ചെയ്തിട്ടില്ലെന്നും മനസ്സിലാവുക.

∙വഞ്ചിതരായവരിൽ ദുബായിലെ മലയാളി ഡോക്ടറും
ഇത്തരത്തിൽ ഷാർജയിലെ ഒരു കമ്പനിക്ക് ടൂർ പാക്കേജിനായി 16,000 ദിർഹം നൽകി വഞ്ചിക്കപ്പെട്ട തിരുവനന്തപുരം കൊച്ചുവേളി സ്വദേശി അനിഷ് അലോഷ്യസ് ഏറെ കാലം നഷ്ടപരിഹാരം ലഭിക്കാൻ വേണ്ടി നിയമത്തിന്റെ വഴിയിൽക്കൂടിയും ശ്രമിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. 'രാജകീയ അവധി ദിനങ്ങൾ' എന്നർഥത്തിൽ ഇംഗ്ലിഷിൽ പേരുള്ള ഈ കമ്പനി നിലവിൽ പ്രവർത്തിക്കാത്തത് തന്നെയാണ് കാരണം. എന്നാൽ ഇവർ മറ്റൊരു പേരിൽ വേറൊരിടത്ത് ആളുകളെ പറ്റിച്ചുകൊണ്ടിരിക്കുന്നുമുണ്ടെന്ന് ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അനിഷ് മനോരമ ഓൺലൈനോട് പറഞ്ഞു.
ഇതുപോലെ ലോക രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കുള്ള പാക്കേജെടുത്ത പത്തനംതിട്ട അടൂർ സ്വദേശിനി സിന്ധുവിന് 10,000 ദിർഹമാണ് നഷ്ടമായത്. ഇവർ 36 ദിവസത്തെ ഹോളിഡേ പാക്കേജിനാണ് ഈ തുക അടച്ചത്. കമ്പനിയുടെ വാഗ്ദാനമനുസരിച്ച് ഇവർക്ക് ലോകത്തെവിടെയും തികച്ചും സൗജന്യമായ താമസ സൗകര്യങ്ങളും വിനോദ പരിപാടികളുമായിരുന്നു ലഭിക്കേണ്ടത്. എന്നാൽ, പിന്നീട് ജറുസലേമിലേയ്ക്ക് പോകാനായി കമ്പനിയെ ബന്ധപ്പെട്ടപ്പോൾ പാക്കേജിന്റെ ഭാഗമായി വീണ്ടും അധികമായി ഓരോ രാത്രിക്കും 99 ദിർഹം ഹോട്ടൽ റിസർവേഷനായി അടക്കണമെന്ന് കമ്പനി അറിയിച്ചതോടെയാണ് ഇവരെക്കുറിച്ച് അന്വേഷണം നടത്തിയതും തട്ടിപ്പാണെന്ന് മനസ്സിലായതും.
ഇതിന് ശേഷം പല തവണ ഇമെയിൽ മുഖേനയും ഓഫിസിലെ നേരിട്ടുള്ള ചർച്ചകളിലും ആവശ്യമുന്നയിച്ചെങ്കിലും ഇഎംഐ റീഇമ്പേഴ്സ്മെന്റ്, കുറവ് നിരക്കുകൾ, “വെൽക്കം കിറ്റ്” എന്നൊക്കെ വാഗ്ദാനങ്ങൾ നൽകി കമ്പനി കാര്യങ്ങൾ നീട്ടിക്കൊണ്ടുപോയി. ഇ-മെയിൽ വഴി പണം തിരിച്ചടക്കുമെന്ന് പല തവണ ഉറപ്പു നൽകിയെങ്കിലും ഒന്നും നടപ്പിലായില്ല. ഓഫിസിൽ ചെന്ന് നിരന്തരം ബഹളമുണ്ടാക്കിയപ്പോൾ പാക്കേജ് ഫീസായ 10,000 മാത്രം മതിയെന്നും മറ്റു ചെലവുകളൊന്നുമില്ലെന്നും മാനേജരും സ്റ്റാഫും ഉറപ്പു നൽകി. എന്നാൽ യാത്രയ്ക്ക് ഒരുങ്ങിയപ്പോഴേയ്ക്കും ഈ ഓഫിസും കമ്പനിയും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
മകനെ കാണാൻ കാനഡയിലേയ്ക്ക് പോകാനും മറ്റു രാജ്യങ്ങൾ സന്ദർശിക്കാനും 22,000 ദിർഹം നൽകി ഹോളിഡേ പാക്കേജെടുത്ത മലയാളി ഡോക്ടറും ചതിക്കപ്പെട്ടു. കമ്പനി നൽകിയ വ്യാജ ബുക്കിങ് രേഖകളുമായി കാനഡയിലെ ആഡംബര ഹോട്ടലിൽ ചെന്ന് ഈ കമ്പനിയുടെ ഹോളിഡേ പാക്കേജിനെക്കുറിച്ച് അറിയിച്ചപ്പോൾ തങ്ങൾക്ക് അവരുമായി യാതൊരു ബന്ധവുമില്ലെന്നും ഹോട്ടൽ ബുക്കിങ് നടത്തിയിട്ടില്ലെന്നും പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു. ഇതോടെ എല്ലാവരുടെയും മുന്നിൽ അപമാനിതനായതിന്റെ സങ്കടവും ഇപ്പോൾ വിദേശരാജ്യത്ത് ജോലി ചെയ്യുന്ന ഡോക്ടർക്കുണ്ട്.
∙കഴിയുന്നത്ര പണം കൈക്കലാക്കി മുങ്ങുന്നു, മറ്റൊരിടത്ത് മറ്റൊരു പേരിൽ പൊങ്ങുന്നു
ഇത്തരത്തിൽ പണം അടച്ച് വഴിയിലായത് സംബന്ധിച്ച് മറ്റ് ഒട്ടേറെ പേർ ഷാർജയിലെ ‘രാജകീയ ഹോളിഡേയ്സ്’ കമ്പനിക്കെതിരെയും മറ്റു തട്ടിപ്പ് കമ്പനികൾക്കെതിരെയും സമൂഹമാധ്യമത്തിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. പലർക്കും 2000 ദിർഹം മുതൽ 25,000 ദിർഹം വരെയാണ് നഷ്ടമായിട്ടുള്ളത്. പണം അടച്ച ശേഷം, ഉപയോക്താക്കൾക്ക് കമ്പനിയുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യം ഉണ്ടായതായി മിക്കവരും പറയുന്നു. പാക്കേജിന്റെ ഭാഗമല്ലാതെ, ഹോട്ടൽ ബുക്കിങ്ങിന് അധികമായി 99 ദിർഹം തട്ടിയെടുക്കാനും ശ്രമിക്കുന്നതായി ഏറെപ്പേർ പരാതിപ്പെടുന്നു.
ചിലർ കമ്പനി ഓഫിസിൽ പണം അടച്ചതായും ഫോൺ നമ്പറുകൾ പ്രവർത്തിക്കുന്നില്ലെന്നും ഇമെയിലുകൾക്ക് മറുപടി ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ടു. 5000 ദിർഹത്തിന്റെ ഫ്രീ സോൺ ലൈസൻസെടുത്ത് ഷാർജയിൽ നിന്ന് ദുബായിലേക്കും നേരെ തിരിച്ചും തട്ടിപ്പ് പ്രവർത്തനങ്ങൾ മാറ്റിയാണ് ഇവർ സ്വൈര്യവിഹാരം നടത്തുന്നത്. ഉപയോക്താക്കൾ മറ്റ് ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ഇത്തരത്തിൽ ഹോളിഡേ കമ്പനികളുമായി ഇടപഴകുന്നതിൽ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെടുന്നു. ആകർഷകമായ ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്യുക, ഇരകളിൽ നിന്ന് കഴിയുന്നത്ര പണം പിരിക്കുക, വാഗ്ദാനങ്ങൾ പാലിക്കാതെ മുങ്ങുക, ഇരകൾക്ക് ബന്ധപ്പെടാൻ കഴിയാത്ത വിധം മറ്റിടങ്ങളിൽ നിന്ന് പ്രവർത്തിക്കുക- ഇതാണ് ഇവരുടെ രീതി. ഇത്തരം സൗജന്യ കൂപ്പണുമായി നിങ്ങളുടെ മുന്നിലെത്തുന്നവരെ തീർത്തും അവഗണിക്കുക.
ജാഗ്രത നിർദ്ദേശങ്ങൾ
∙ പാക്കേജ് വാങ്ങുന്നതിന് മുമ്പ് കമ്പനിയുമായി ബന്ധപ്പെട്ട അവലോകനങ്ങൾ പരിശോധിക്കുക.
∙ കമ്പനിയുടെ റജിസ്ട്രേഷൻ വിവരങ്ങൾ പരിശോധിക്കുക.
∙ പണം അടയ്ക്കുന്നതിന് മുൻപ് എല്ലാ വിവരങ്ങളും വ്യക്തമായി ശേഖരിക്കുക.
∙ തട്ടിപ്പ് സംശയമുള്ള സാഹചര്യങ്ങളിൽ ബന്ധപ്പെട്ട ഉപഭോക്തൃ സംരക്ഷണ അതോറിറ്റികളുമായി ബന്ധപ്പെടുക.
∙ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ജാഗ്രതയും പരിശോധനയും വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കലും അത്യന്താപേക്ഷിതമാണ്.