സ്റ്റാറ്റിൻ ഗ്രൂപ്പ് മരുന്നുകൾ രക്താർബുദ രോഗികളുടെ അതിജീവനം വർധിപ്പിക്കുമെന്ന് പഠനം

Mail This Article
ഷാർജ ∙ കൊളസ്ട്രോൾ കുറയ്ക്കാൻ സാധാരണയായി നിർദേശിക്കുന്ന സ്റ്റാറ്റിൻ ഗ്രൂപ്പ് മരുന്നുകൾ ചിലതരം രക്താർബുദ രോഗികളുടെ അതിജീവന നിരക്കു വർധിപ്പിക്കുമെന്നു പഠനം. ഷാർജ യൂണിവേഴ്സിറ്റിയും ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും രാജ്യാന്തര സ്ഥാപനങ്ങളുമായി സഹകരിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഷാർജ സർവകലാശാലയിലെ ഫാർമസി പ്രാക്ടീസ് ആൻഡ് തെറാപ്യൂട്ടിക്സ് അസിസ്റ്റന്റ് പ്രഫ. ഡോ. അഹമ്മദ് അബുഹെൽവയുടെ നേതൃത്വത്തിൽ ബുർജീൽ, ഹാർവാർഡ് യൂണിവേഴ്സിറ്റി, മോഫിറ്റ് കാൻസർ സെന്റർ (യുഎസ്എ), ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി (ഓസ്ട്രേലിയ) എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയായിരുന്നു പഠനം. സ്റ്റാറ്റിൻ ഗ്രൂപ്പ് മരുന്നുകൾ എടുക്കുന്ന രോഗികൾക്ക് അർബുദം മൂലം മരിക്കാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു. ഈ മരുന്നുകളുടെ ഉപയോഗം ഗുരുതര പാർശ്വഫല അപകട സാധ്യതയും കുറയ്ക്കുന്നു.
ആരോഗ്യസംരക്ഷണ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും അർബുദം പോലുള്ള സങ്കീർണ രോഗങ്ങൾക്ക് നൂതന പരിഹാരങ്ങൾ നൽകുന്നതിനും ഫലപ്രദമായ ശാസ്ത്രീയ പഠനങ്ങൾ ഗുണകരമാകുമെന്ന് ഷാർജ യൂണിവേഴ്സിറ്റി കോളജ് ഓഫ് ഫാർമസി ഡീൻ ഡോ. കരീം അൽ സൂബി പറഞ്ഞു.
പഠന ഫലങ്ങളെ മാത്രം അടിസ്ഥാനമാക്കി കാൻസർ ചികിത്സയ്ക്കായി സ്റ്റാറ്റിനുകൾ ശുപാർശ ചെയ്യാൻ കഴിയില്ലെന്നും സൂചിപ്പിച്ചു. ഇക്കാര്യത്തിൽ ഭാവിയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും പറഞ്ഞു.
ഓങ്കോളജിസ്റ്റുകൾ എന്ന നിലയിൽ രോഗിയുടെ അതിജീവനം മെച്ചപ്പെടുത്തുന്നതിനു സുരക്ഷിതവും ഫലപ്രദവുമായ മാർഗങ്ങൾ തേടുന്നതു തുടരുമെന്ന് ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയും ഗവേഷണ അംഗവുമായ പ്രഫ. ഹുമൈദ് അൽ ഷംസി പറഞ്ഞു.