ഷാർജയുടെ വികസനക്കുതിപ്പിന് 15 വർഷം; 52 പദ്ധതികളുടെ റിപ്പോർട്ടുമായി ഷുറൂഖ്

Mail This Article
ഷാർജ∙ ഷാർജയുടെ സമഗ്ര വികസനത്തിൽ നിർണായക പങ്കുവഹിച്ച ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്), സ്ഥാപിതമായി 15 വർഷം പൂർത്തിയാകുന്ന വേളയിൽ 52 വികസനപദ്ധതികളുടെ റിപ്പോർട്ട് പുറത്തിറക്കി.
7.2 ബില്യൻ ദിർഹമിന്റെ നിക്ഷേപം, 60 ദശലക്ഷം ചതുരശ്ര അടിയിലധികം ഭൂമി വികസനം, 3 റിയൽ എസ്റ്റേറ്റ്, 10 ഹോസ്പിറ്റാലിറ്റി, 18 വിനോദപദ്ധതികൾ, 7.7 കിലോമീറ്റർ ബീച്ച് വികസനം എന്നിവയിലൂടെ 5000 തൊഴിലവസരങ്ങൾ നേരിട്ടും പരോക്ഷമായും സൃഷ്ടിക്കപ്പെട്ടു.

നടപ്പാക്കിയ പ്രധാന പദ്ധതികൾ: ഖോർഫക്കാൻ, അൽ ഹിറ ബീച്ച്, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഖസ്ബ, ഫ്‌ളാഗ് ഐലൻഡ്, ഷാർജ സുസ്ഥിര സിറ്റി, മറിയം ഐലൻഡ്, ഹാർട്ട് ഓഫ് ഷാർജ എന്നിവയാണ്.

ഹോസ്പിറ്റാലിറ്റി മേഖലയിൽ ‘ഷാർജ കലക്ഷൻ’ എന്ന പേരിൽ 10 ഹോട്ടൽ പദ്ധതികൾ ആരംഭിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിൽ മാത്രം 5 ബില്യൻ ദിർഹം നിക്ഷേപം നടത്തി. 98 രാജ്യങ്ങളിൽനിന്നുള്ളവർ ഈ പദ്ധതികളിൽ വീടുകൾ വാങ്ങിയിട്ടുണ്ട്.

ഭൂപ്രകൃതിയെയും മനുഷ്യജീവിതത്തെയും മാനിച്ചുള്ള വികസനമാണ് ഷുറൂഖിന്റെ വിജയത്തിന് കാരണമെന്ന് ഷെയ്ഖ് ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയും സിഇഒ അഹമ്മദ് അൽ ഖസീറും പറഞ്ഞു.