മസ്കത്തിൽ ആസ്റ്റർ അൽ റഫ വാക്ക് എഗെയ്ൻ അഡ്വാൻസ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

Mail This Article
മസ്‌കത്ത് ∙ ജിസിസിയിലെ മുൻനിര സംയോജിത ആരോഗ്യപരിചരണ ദാതാവായ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന് കീഴിലുള്ള ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ്, മസ്‌കറ്റിലെ അൽ ഗുബ്രയിൽ ആസ്റ്റർ അൽ റഫ വാക്ക് എഗെയ്ൻ അഡ്വാൻസ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷൻ സെന്റർ തുറന്നു. സുൽത്താനേറ്റിൽ ഇത്തരത്തിലുള്ള ആദ്യത്തെ സൗകര്യമാണിത്. ആരോഗ്യപരിചരണ രംഗത്തെ ഈ സുപ്രധാന മുന്നേറ്റം ന്യൂറോ റിഹാബിലിറ്റേഷനിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും.
ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ് ഹെൽത്ത് റഗുലേഷൻ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് ബിൻ സാലിം അൽ മന്ദാരി സെന്റർ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ് യുഎഇ, ഒമാൻ, ബഹ്‌റൈൻ സിഇഒ ഡോ. ഷെർബാസ് ബിച്ചു, ആസ്റ്റർ ഹോസ്പിറ്റൽസ് യുഎഇ, ഒമാൻ ഡപ്യൂട്ടി സിഇഒ ശൈലേഷ് ഗുണ്ടു, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഗ്രൂപ്പ് ചീഫ് മാർക്കറ്റിങ് ഓഫിസർ രാഹുൽ കടവക്കോൽ, വാക്ക് എഗെയ്ൻ ഇന്ത്യ സിഇഒ ഡോ. സച്ചിൻ കന്ധാരി എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
സ്‌പെഷലൈസ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷൻ സൗകര്യം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്വകാര്യ ആശുപത്രികളിൽ ഒന്നാണ് ആസ്റ്റർ അൽ റഫ വാക്ക് എഗെയ്ൻ. ഇത് രോഗികൾക്ക് വിവിധ തലത്തിലുള്ള ചികിത്സാരീതികൾ വാഗ്ദാനം ചെയ്യുന്നു. ന്യൂറോളജി, നട്ടെല്ല്, സ്ട്രോക്ക് സംബന്ധിയായ രോഗങ്ങൾ, സ്പോർട്‌സ് പരുക്കുകൾ എന്നിവയുള്ള രോഗികൾക്ക് സഹായം നൽകുന്നതിന് അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ ഇവിടെ ഉപയോഗിക്കുന്നു. ഈ സെന്ററിന് മൂന്ന് നിലകളുണ്ട്.
സ്ട്രോക്ക്, സ്പൈനൽ കോഡ് പരുക്ക് (എസ്സിഐ), ട്രോമാറ്റിക് മസ്തിഷ്ക പരുക്ക് (ടിബിഐ), സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ സ്ക്ലെറോസിസ്, മോട്ടോർ ന്യൂറോൺ രോഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ അവസ്ഥകൾക്ക് വിദഗ്ധ പുനരധിവാസ സൗകര്യം ഈ സെന്റർ നൽകുന്നു. രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സ കുട്ടികൾക്കും മുതിർന്നവർക്കും ഇവിടെ ലഭ്യമാണ്.
ന്യൂറോസയൻസസ്, ഓർത്തോപീഡിക്, സ്പൈൻ, റ്യൂമറ്റോളജി തുടങ്ങിയ വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള ദേശീയ, രാജ്യാന്തര വിദഗ്ധരുടെ ഒരു വലിയ സംഘം ആസ്റ്റർ അൽ റഫ വാക്ക് എഗെയ്ൻ അഡ്വാൻസ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷൻ സെന്ററിൻ്റെ പ്രധാന ശക്തിയാണ്. ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സിലെ വാസ്‌കുലാർ ന്യൂറോളജിസ്റ്റും ന്യൂറോഇന്റർവെൻഷണലിസ്റ്റുമായ കൺസൾട്ടന്റ് ഡോ. അലി അൽ ബലൂഷിയാണ് ഈ ടീമിനെ നയിക്കുന്നത്. സങ്കീർണ്ണമായ ന്യൂറോളജിക്കൽ, മസ്‌കുലോസ്‌കെലറ്റൽ അവസ്ഥകളെ ചികിത്സിക്കുന്ന വിദഗ്ധരുടെ ഒരു വലിയ നിരയും ഇവിടെയുണ്ട്.
ഈ ലോകോത്തര നിലവാരത്തിലുള്ള സെന്റർ ഒമാനിൽ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ഇത് നമ്മുടെ ജനങ്ങൾക്ക് അത്യാധുനിക പുനരധിവാസ ചികിത്സ അവരുടെ സമീപത്ത് തന്നെ ലഭ്യമാക്കാൻ സഹായിക്കുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ പ്ലാനിങ്, ഹെൽത്ത് റഗുലേഷൻ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് ബിൻ സാലിം അൽ മന്ദാരി അഭിപ്രായപ്പെട്ടു.
ഒമാനിലെയും ഈ മേഖലയിലെയും രോഗികൾക്ക് ലോകോത്തര പുനരധിവാസ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ആസ്റ്റർ അൽ റഫ വാക്ക് എഗെയ്ൻ അഡ്വാൻസ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷൻ ഹോസ്പിറ്റലെന്ന് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. എല്ലാവർക്കും പ്രാപ്യമായ നൂതന രോഗീകേന്ദ്രീകൃത പരിചരണം എന്ന ഞങ്ങളുടെ ലക്ഷ്യത്തിലെ ഒരു സുപ്രധാന നിമിഷമാണിത്. ഒമാനിലെ ഈ അഡ്വാൻസ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷൻ ഹോസ്പിറ്റലിൻ്റെ ഉദ്ഘാടനം ഒരു വഴിത്തിരിവാണ് എന്നും ആസ്റ്റർ ഡി എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്‌ടർ ഗ്രൂപ്പ് സിഇഒ അലിഷ മൂപ്പൻ കൂട്ടിച്ചേർത്തു.
ന്യൂറോ റിഹാബിലിറ്റേഷനിലെ മുൻനിര ദാതാവ് എന്ന നിലയിൽ ഒമാനിലേക്ക് അത്യാധുനിക റോബോട്ടിക് റിഹാബിലിറ്റേഷൻ കൊണ്ടുവരാൻ ആസ്റ്ററുമായി സഹകരിക്കുന്നതിൽ വാക്ക് എഗെയ്‌ന് വളരെയധികം സന്തോഷമുണ്ടെന്ന് വാക്ക് എഗെയ്ൻ ഇന്ത്യ സിഇഒ ഡോ. സച്ചിൻ കന്ധാരി പറഞ്ഞു.