ADVERTISEMENT

മസ്‌കത്ത് ∙ വേനലവധി പടിവാതിൽക്കലെത്തി നിൽക്കെ ഉയർന്ന ടിക്കറ്റ് നിരക്കിൽ നിന്നും രക്ഷ നേടാൻ നേരത്തെ നാടുപിടിച്ച് പ്രവാസി മലയാളികൾ. നൂറുകണക്കിന് പ്രവാസി കുടുംബങ്ങളാണ് ഓരോ ദിവസവും നാട്ടിലേക്ക് മടങ്ങുന്നത്. ജൂൺ ആദ്യ ദിനങ്ങളിലാണ് ഇന്ത്യൻ സ്കൂളുകൾ അവധി ആരംഭിക്കുന്നതെങ്കിലും മേയ് രണ്ടാം വാരത്തോടെ തന്നെ പലരും നാടണഞ്ഞു. വരും ദിവസങ്ങളിലും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവരേറെ.

മേയ് 20ന് ശേഷം ഉയർന്നു തുടങ്ങുന്ന ടിക്കറ്റ് നിരക്ക് ബലി പെരുന്നാളും കഴിഞ്ഞ് ജൂൺ അവസാന വാരത്തിലാണ് കുറയുന്നത്. അതിനാൽ തന്നെ, നേരത്തെ നാട്ടിലെത്തി ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ് പലരും. ബജറ്റ് എയർലൈനുകളിൽ അടക്കം മൂന്നിരട്ടി വരെ ഉയർന്ന നിരക്കാണ് ടിക്കറ്റുകൾക്ക് ഈടാക്കുന്നത്. കണക്ഷൻ വിമാനങ്ങളിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളില്ല.

നിലവിൽ മസ്‌കത്തിൽ നിന്നും കേരള സെക്ടറുകളിലേക്ക് 44 റിയാൽ മുതലാണ് എയർ ഇന്ത്യ എക്സ്പ്രസിലും സലാം എയറിലും ടിക്കറ്റ് നിരക്ക്. എന്നാൽ, മേയ് 22ന് ഇതേ റൂട്ടുകളിൽ നിരക്ക് 76 റിയാലിന് മുകളിലാണ്. മേയ് 26 മുതലുള്ള ടിക്കറ്റ് ലഭിക്കാൻ 100 റിയാലിന് മുകളിൽ നൽകണം. ഒമാൻ എയർ നിരക്കുകൾ ഇതിലും ഏറെ ഉയർന്നതാണ്.

പുതിയ അധ്യയന വർഷം ആരംഭിച്ചതിനാൽ പ്രവാസി കുടുംബങ്ങളിൽ ഭൂരിഭാഗവും ചെറിയ പെരുന്നാളിന് നാടണഞ്ഞിരുന്നില്ല. സ്കൂൾ അവധി ആരംഭിച്ച ശേഷമെത്തുന്ന ബലി പെരുന്നാളിന് നാടുപിടിക്കാൻ കാത്തുനിൽക്കുന്നവർക്ക് ടിക്കറ്റ് നിരക്ക് ഇരുട്ടടിയാകും. നാലംഗ കുടുംബത്തിന് നാട്ടിലേക്കുള്ള യാത്രക്ക് ടിക്കറ്റ് ഇനത്തിൽ മാത്രം 500 റിയാലോളം ചെലവ് വരും. മടക്ക യാത്രാ ചെലവ് വേറെയും.

ഇന്ത്യൻ സ്കൂളുകളിൽ ജീവനക്കാർക്ക് ഒന്നര മാസത്തിലേറെയും വിദ്യാർഥികൾക്ക് അതിൽ കൂടുതലും അവധി ലഭിക്കും. ഓരോ സ്കൂളുകളും അവധി ആരംഭിക്കുന്ന തീയതികളിൽ അറിയിച്ച് രക്ഷിതാക്കൾക്ക് ഇതിനോടകം സർക്കുലർ അയച്ചിട്ടുണ്ട്. ഓഗസ്റ്റ് ആദ്യ വാരത്തിലാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്.

അതേസമയം, അവധിക്കാലത്തെ ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം നാട്ടിലേക്കുള്ള യാത്രക്ക് പകരം അയൽ നാടുകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ ഒരുങ്ങുന്നവരും പ്രവാസികളിലുണ്ട്. ഉംറ തീർഥാടനത്തിന് അവധിക്കാലം തിരഞ്ഞെടുക്കുന്നവരും പ്രവാസി മലയാളികൾക്കിടയിൽ നിരവധിയാണ്.

English Summary:

High ticket prices for airfare during summer vacation. A family of four would spend around 500 riyals just on tickets to travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com