പാർക്കിങ് തർക്കത്തെ തുടർന്ന് വെടിവയ്പ്: കൊല്ലപ്പെട്ടത് അമ്മയും രണ്ട് പെൺമക്കളും; 11 കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mail This Article
റാസൽഖൈമ ∙ റാസൽഖൈമയിൽ കഴിഞ്ഞ ദിവസം വാഹന പാർക്കിങ് തർക്കം മൂലമുണ്ടായ വെടിവയ്പിൽ മരിച്ചത് മാതാവും രണ്ടു പെൺമക്കളും. 66 വയസ്സുള്ള മാതാവും അവരുടെ 36, 38 വയസ്സുള്ള രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. 47 വയസ്സുള്ള മൂന്നാമത്തെ മകൾക്ക് ഗുരുതര പരുക്കേൽക്കുകയും 11 വയസ്സുകാരൻ വെടിയേൽക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു. യെമൻ പൗരനായ 55 വയസ്സുകാരനാണ് പ്രതി. ഇയാളെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 20 വർഷമായി യുഎഇയിൽ താമസിക്കുന്ന അന്യരാജ്യക്കാരായ കുടുംബമാണ് ഈ മാസം 5ന് രാത്രി 11ന് ദുരന്തത്തിൽപ്പെട്ടത്. സംഭവം രാജ്യത്തെയൊന്നാകെ ഞെട്ടിച്ചു. തങ്ങളുടെ കുടുംബത്തിന് സംഭവിച്ചത് വൻ ദുരന്തമാണെന്നും നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ മഹിർ സാലിം വഫൈ പറഞ്ഞു.
പാർക്കിങ് തർക്കം ആരംഭിച്ചപ്പോൾ എന്റെ അമ്മയും നാലു സഹോദരിമാരും വീട്ടിലുണ്ടായിരുന്നു. ഇടയ്ക്ക് പ്രതി അക്രമാസക്തനായി. അയാൾ മുന്നറിയിപ്പില്ലാതെ വെടിവയ്ക്കാൻ തുടങ്ങി. യാസ്മിൻ (38) ആണ് ആദ്യം വെടിയേറ്റ് മരിച്ചത്. തോക്കെടുത്തപ്പോൾ ഭയന്നോടിയ യാസ്മിന്റെ തലയ്ക്കാണ് വെടിയേറ്റത്. ഇതുകണ്ട് മുന്നോട്ട് വന്ന രണ്ടാമത്തെ യുവതിയെയും വെടിവച്ചിട്ടു. ഈ ദുരന്തം ഒഴിവാക്കാൻ ഓടിച്ചെന്ന മാതാവിനെയും അക്രമി വെറുതെ വിട്ടില്ല. മൂന്ന് പേരും സംഭവ സ്ഥലത്ത് മരിച്ചുവീണു. ഇതെല്ലാം കണ്ടിരുന്ന ഒരാളുടെ 11 വയസ്സുകാരനായ മകന് യുവതി മൊബൈൽ ഫോൺ കൈമാറി പൊലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു. ഇതുകണ്ട് കുട്ടിയെ അക്രമി വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് അവന് രക്ഷപ്പെടാൻ കഴിഞ്ഞു.
എല്ലാവരുടെയും മൃതദേഹങ്ങൾ പിന്നീട് സംസ്കരിച്ചു. മരിച്ചു പോയ 2 സഹോദരിമാർക്കും കുടുംബമുണ്ട്. ഒരാൾക്ക് ആറ് മക്കളുണ്ടെന്നും മഹിർ പറഞ്ഞു. ഇവരുടെ മൂത്ത കുട്ടിക്ക് 15 വയസ്സു മാത്രമേയുള്ളൂ. ഈ രാജ്യം വളരെ സുരക്ഷിതമാണ്. വളരെ മനുഷ്യത്വപരമായാണ് ഇവിടുത്തെ ഭരണാധികാരികൾക്ക് എല്ലാവരോടുമുള്ള സമീപനം. അതുകൊണ്ട് തന്നെ നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് മഹിർ പറഞ്ഞു.