ഗ്രാൻഡ് കനാലിന് മുന്നിലെ ആഡംബര നിർമതി; ട്രംപിനെ സ്വീകരിച്ച് റിറ്റ്സ് കാർട്ടൺ, അറിയാം ഹോട്ടലിന്റെ വിശേഷങ്ങൾ

Mail This Article
അബുദാബി∙ മധ്യപൂർവദേശ സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ യുഎഇയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അബുദാബിയിൽ താമസിക്കുന്നത് ഗ്രാൻഡ് കനാലിന്റെ തീരത്തുള്ള ആഡംബര റിറ്റ്സ് കാർട്ടൺ ഹോട്ടലിൽ. 2013ൽ തുറന്ന ഈ ഹോട്ടൽ അബുദാബി നാഷനൽ ഹോട്ടലിന്റെ ഉടമസ്ഥതയിലും യുഎസിലെ മാരിയറ്റ് ഇന്റർനാഷനലിന്റെ നിയന്ത്രണത്തിലുമാണ് പ്രവർത്തിക്കുന്നത്.
ഷെയ്ഖ് സായിദ് ഗ്രാൻഡ് പള്ളിയുടെ സമീപമുള്ള ഈ ഹോട്ടലിൽ 504 റൂമുകളും 15 വില്ലകളുമുണ്ട്. റിനൈസൻസും വെനീസും ആധാരമാക്കിയ വാസ്തുശില്പചാതുരിയിലാണ് റിസോർട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ട്രംപ് താമസിക്കാൻ സാധ്യതയുള്ള 250 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള റോയൽ സ്യൂട്ടിൽ രണ്ട് ബെഡ്‌റൂമുകളും മാർബിൾ കുളിമുറികളുമുണ്ട്. ലെബനീസ്, ഏഷ്യൻ വിഭവങ്ങൾ ഉൾപ്പെടെ ലഭിക്കുന്ന എട്ട് റസ്റ്ററന്റുകൾ ഹോട്ടലിന്റെ മറ്റൊരു പ്രത്യേകതയാണ്.
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്ക് 20 മിനിറ്റ് മാത്രം സഞ്ചരിച്ചാൽ മതി. ഹോട്ടൽ റൂമുകൾ 1,000 ദിർഹം മുതൽ നിരക്കുകളിൽ ലഭ്യമാകും. റോയൽ സ്യൂട്ടിന് 70,000 ദിർഹം വരെ നൽകണം. 57 ഏക്കർ പൂന്തോട്ടത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ വലിയ ബാൾറൂമും ഒട്ടേറെ മീറ്റിങ് ഹാളുകളുമുണ്ട്. ഇത് ട്രംപിന്റെ സന്ദർശനത്തിന് ഗുണകരമാകുമെന്ന് കരുതുന്നു.