മരണത്തിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ; സൗദിയിൽ മലയാളി യുവാവിന്റെ മൃതദേഹം ഒരു മാസമായി മോർച്ചറിയിൽ

Mail This Article
ദമാം∙ സൗദി കിഴക്കൻ പ്രവിശ്യയിൽ മരിച്ച കോഴിക്കോട് പറമ്പിൽ ബസാറിനടുത്ത് ചാലിൽ താഴം കൊണ്ടുകട്ടികയിൽ വീട്ടിൽ താമസിക്കുന്ന ഫ്രെഡറിക് പ്രേംകുമാർ കുന്ദറിന്റെ മകൻ റെനോൾഡ് കിരണിന്റെ (34) മൃതദേഹം നാട്ടിലെത്തിക്കുന്നതിലുള്ള അനിശ്ചിതത്വം തുടരുന്നു. ദമാമിൽ സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന റെനോൾഡിനെ കഴിഞ്ഞ ഏപ്രിൽ 12ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മകന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മാതാപിതാക്കളായ ഫ്രെഡറിക് പ്രേംകുമാർ കുന്ദറും എഡീന വിമലയും പരാതി നൽകിയതാണ് മൃതദേഹം ഒരു മാസമായി മോർച്ചറിയിൽ സൂക്ഷിക്കാൻ കാരണം. സൗദി പൊലീസിന്റെയും ഫൊറൻസിക് പരിശോധനകളിലും പോസ്റ്റ്മോർട്ടത്തിലും മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് ലഭിച്ചിട്ടും മാതാപിതാക്കൾ സമ്മതപത്രം നൽകാത്തതാണ് കാലതാമസത്തിന് കാരണമെന്ന് സാമൂഹ്യ പ്രവർത്തകനും ലോകകേരളാസഭാംഗവുമായ നാസ് വക്കം പറഞ്ഞു.
എംകെ രാഘവൻ എംപി മുഖാന്തിരം വിദേശകാര്യമന്ത്രാലയത്തിലും മുഖ്യമന്ത്രി പിണറായി വിജയനും മാതാപിതാക്കൾ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യൻ എംബസി ചുമതലപ്പെടുത്തിയതനുസരിച്ച് നാസ് വക്കം നിയമനടപടികൾ പൂർത്തിയാക്കുകയും റിപ്പോർട്ട് എംബസിക്ക് ലഭ്യമാക്കുകയും ചെയ്തു. കാര്യങ്ങൾ വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്.

മാതാപിതാക്കളുടെ സമ്മതപത്രം ലഭിച്ചാൽ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയൂ. സൗദിയിലെ നിയമമനുസരിച്ച് അന്വേഷണം പൂർത്തിയാക്കിയ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ പരമാവധി രണ്ടു മാസമാണ് അനുവദിച്ചിട്ടുള്ളത്. അതിനുശേഷം സൗദി സർക്കാർ നിയമനടപടികൾക്കായി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മൃതദേഹം ഇവിടെ സംസ്കരിക്കേണ്ടിവരും. അതിനാൽ വീട്ടുകാർ എത്രയും പെട്ടെന്ന് മൃതദേഹം ഏറ്റുവാങ്ങണമെന്ന് നാസ് വക്കം അഭ്യർഥിച്ചു.
സൗദിയിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനോ ഇവിടെ സംസ്കരിക്കുന്നതിനോ വീട്ടുകാരുടെ സമ്മതപത്രം എത്രയും വേഗം എംബസിയിൽ എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും നാസ് വക്കം ഓർമിപ്പിച്ചു.