'തജാവുബ്' പ്ലാറ്റ്ഫോമിന്റെ തട്ടിപ്പ്; മുന്നറിയിപ്പുമായി മന്ത്രാലയം

Mail This Article
മസ്‌കത്ത്∙ 'തജാവുബ്' പ്ലാറ്റ്‌ഫോം ഒരിക്കലും ഉപയോക്താക്കളിൽ നിന്ന് ബാങ്കിങ് വിവരങ്ങളോ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളോ ആവശ്യപ്പെടില്ലെന്ന് ഒമാൻ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം അറിയിച്ചു. തജാവുബിൽ നിന്നാണെന്ന് തെറ്റിധരിപ്പിച്ച് സ്വകാര്യ സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടുന്ന സന്ദേശങ്ങളെക്കുറിച്ച് അതീവ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
നിർദ്ദേശങ്ങൾ, പരാതികൾ, റിപ്പോർട്ടുകൾ എന്നിവ സമർപ്പിക്കാനുള്ള ഒമാന്റെ ദേശീയ പ്ലാറ്റ്‌ഫോമാണ് 'തജാവുബ്'. പ്ലാറ്റ്‌ഫോമിലെ പ്രത്യേക ടീമുകൾക്ക് അപേക്ഷകൾ പരിഗണിക്കുന്നതിന് ആവശ്യമായ കൂടുതൽ വിവരങ്ങൾക്കായി ഉപയോക്താക്കളെ ബന്ധപ്പെടാം. എന്നാൽ അത്തരം ആശയവിനിമയങ്ങളിൽ ഒരിക്കലും വ്യക്തിഗത സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിലുള്ള സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ തട്ടിപ്പായി കണക്കാക്കണം. അവ അവഗണിക്കുകയും ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ഉടൻ തന്നെ അധികാരികളെ അറിയിക്കുകയും ചെയ്യണം. വിവിധ മന്ത്രാലയങ്ങൾ, മുനിസിപ്പൽ സേവനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ, പരാതികൾ, റിപ്പോർട്ടുകൾ, അന്വേഷണങ്ങൾ എന്നിവയ്ക്കായി ആരംഭിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് 'തജാവുബ്'.