ADVERTISEMENT

ദുബായ് ∙ സമ്പുഷ്ടീകരിക്കുന്ന യുറേനിയം ഇറാൻ ആയുധ നിർമാണത്തിന് ഉപയോഗിക്കില്ലെന്നതു സംബന്ധിച്ചു ധാരണയായെന്നും ഇറാൻ - അമേരിക്ക ആണവ ഉടമ്പടി ഉടൻ യാഥാർഥ്യമാകുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ നിർദേശങ്ങൾ തത്വത്തിൽ ഇറാൻ അംഗീകരിച്ചുവെന്നും ഇരു രാജ്യങ്ങളും ആണവ കരാറിന്റെ പടിവാതിലിലാണെന്നും യുഎഇ സന്ദർശനത്തിനിടെ ട്രംപ് വെളിപ്പെടുത്തി.

സമാധാനം സ്ഥാപിക്കുന്നതു സംബന്ധിച്ചു ദീർഘ നാളായി ഇറാനുമായി ഗൗരവത്തിലുള്ള ചർച്ച നടക്കുകയാണ്. സമാധാന സ്ഥാപനത്തിന് രണ്ടു മാർഗങ്ങളുണ്ട്. ഒന്നാമത്തേത് അനുരഞ്ജനത്തിന്റേതാണ് രണ്ടാമത്തേത് അക്രമത്തിന്റേതും. രണ്ടാമത്തെ മാർഗം തിരഞ്ഞെടുക്കുന്നതിനോടു താൽപര്യമില്ലെന്നും ട്രംപ് പറഞ്ഞു. 

അതേസമയം, ഭിന്നതകൾ പൂർണമായും തീർത്തിട്ടില്ലെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണം, ആണവ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ഒമാന്റെ മധ്യസ്ഥതയിൽ 4 ഘട്ടങ്ങളായി നടന്ന ഇറാൻ – അമേരിക്ക ചർച്ച കഴിഞ്ഞ ഞായറാഴ്ച പൂർത്തിയായിരുന്നു. യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന നിലപാടിൽ ഇറാൻ അയവു വരുത്തിയിട്ടില്ല.

അമേരിക്കയുടെ അറിവോടും സാന്നിധ്യത്തിലും ആണവ സമ്പുഷ്ടീകരണം നടത്താമെന്ന നിർദേശം ചർച്ചയുടെ നാലാം ഘട്ടത്തിൽ അമേരിക്ക മുന്നോട്ടു വച്ചിരുന്നു. സ്വന്തം മണ്ണിൽ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന കാര്യത്തിൽ ആരുമായി ഒത്തുതീർപ്പിനോ കീഴടങ്ങലിനോ ഇല്ലെന്നാണ് ഈ നിർദേശത്തോട് ഇറാന്റെ പ്രതികരണം. പുതിയതായി അമേരിക്ക എന്തെങ്കിലും നിർദേശംവച്ചതായി അറിവില്ലെന്നും ഇറാൻ പ്രതികരിച്ചു.

ആണവ വിഷയത്തിലെ തർക്കം നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന നിലപാടിലാണ് അമേരിക്കയും ഇറാനും. എന്നാൽ, അഭിപ്രായ ഭിന്നത പരിഹരിക്കാനുള്ള ഫോർമുല ഉരുത്തിരിഞ്ഞാൽ മാത്രമേ, പുതിയ ആണവ കരാർ യാഥാർഥ്യമാകു.  അമേരിക്കൻ ഉപരോധം പിൻവലിച്ചാൽ ഒരുപക്ഷേ, ഇറാൻ ആണവ കരാറിനു വഴങ്ങിയേക്കുമെന്ന സൂചന ഇറാനിലെ ചില നേതാക്കൾ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സമ്പുഷ്ടീകരിക്കുന്ന യുറേനിയം സമാധാന ആവശ്യത്തിന് ഉപയോഗിക്കാനും ഇക്കാര്യത്തിൽ രാജ്യാന്തര നിരീക്ഷകരെ അനുവദിക്കുന്നതിനും ഇറാൻ തയാറായേക്കുമെന്നും സൂചനയുണ്ട്.

English Summary:

Trump says US close to a nuclear deal with Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com