വിപുലമായ സൗകര്യങ്ങൾ; തീർഥാടകരെ കാത്ത് മിനാ

Mail This Article
മക്ക ∙ ഹജ് തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഒരുക്കി സൗദി റോയൽ കമ്മിഷൻ. ഹജ് അനുഷ്ഠാന സമയങ്ങളിൽ തീർഥാടകർ ഏറ്റവും കൂടുതൽ ചെലവഴിക്കുന്ന മിനാ താഴ്‌വരയിൽ 200 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സജ്ജമാക്കി.
മക്ക, മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. മിനാ താഴ്‌വരയിൽ രണ്ടു നില ടെന്റുകൾ ഒരുക്കി. ബഹുനില ശുചിമുറികളും സജ്ജം. 3 റൂട്ടുകളിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് സ്കൂട്ടർ സേവനങ്ങളും ലഭ്യം. ഇതിനുപുറമെ മിനായിലെ വിവിധ സ്ഥലങ്ങളിലായി 71 എമർജൻസി സെന്ററുകൾ, വിശ്രമ കേന്ദ്രങ്ങൾ, തണൽ സ്ഥലങ്ങൾ, 400 ശീതീകരിച്ച വാട്ടർ സ്റ്റേഷനുകൾ എന്നിവയും ഒരുക്കി.
400 ബസുകൾ
തീർഥാടകരുടെ യാത്രയ്ക്ക് അത്യാധുനിക സൗകര്യങ്ങളുള്ള 400 ബസുകൾ നിരത്തിലിറക്കി. 12 റൂട്ടുകളിലും 431 സ്റ്റോപ്പുകളിലും 4 സെൻട്രൽ ബസ് സ്റ്റേഷനുകളിലുമായി ബന്ധിപ്പിച്ചാണ് ഇവ സർവീസ് നടത്തുക.
റബർ ഫ്ലോറിങ് നടപ്പാത
ചൂട് കുറയ്ക്കാനായി 1.7 ചതുരശ്ര കിലോമീറ്റർ നടപ്പാതകളിൽ റബർ ഫ്ലോറിങ് ചെയ്തു. പ്രദേശങ്ങളിൽ 10,000 തണൽ മരങ്ങൾ വച്ചുപിടിപ്പിച്ചു. മുസ്ദലിഫ, അറഫ, മിന എന്നിവിടങ്ങളിലെ നടപ്പാതകളും ഈ തരത്തിൽ നവീകരിച്ചിട്ടുണ്ട്.