യുഎഇയിൽ കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് മൂന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി

Mail This Article
അബുദാബി ∙ യുഎഇ കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് പരുക്കേറ്റ മൂന്ന് ഏഷ്യൻ ജീവനക്കാരെ ദേശീയ ഗാർഡ് രക്ഷപ്പെടുത്തി. യുഎഇയുടെ പ്രാദേശിക ജലപരിധിയിയിൽ ഇന്ന്(ഞായർ) നടന്ന അടിയന്തര മെഡിക്കൽ ഇവാക്വേഷൻ ഓപറേഷനിൽ ദേശീയ ഗാർഡിനൊപ്പം കോസ്റ്റ് ഗാർഡ്, തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങളും പങ്കാളികളായി.
സ്പെഷ്യൽ റെസ്ക്യു കാനോ ഉപയോഗിച്ച് രക്ഷാ സംഘങ്ങൾ കപ്പൽലിൽ നിന്ന് മൂന്ന് ഏഷ്യൻ പൗരന്മാരെ വിജയകരമായി പുറത്ത് എത്തിച്ചു. സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി.
ഇതിനുമുൻപ്, കഴിഞ്ഞയാഴ്ച കപ്പലിൽ തീപിടിത്തത്തെ തുടർന്ന് ഗുരുതര പരുക്കേറ്റ 50-വയസ്സുകാരനായ ഇന്ത്യൻ നാവികനെ അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റിയിലേക്ക് ഹെലികോപ്റ്ററിൽ മാറ്റിയിരുന്നു. അത്യാധുനിക റസ്ക്യു എയർക്രാഫ്റ്റ് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. കൂടാതെ, കഴിഞ്ഞ മാസം തീ പിടിച്ച മറ്റൊരു കപ്പലിൽ നിന്ന് 10 ഏഷ്യൻ നാവികരെയും ദേശീയ ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു.