സൗദിയിൽ ചൂടേറുന്നു; വിവിധയിടങ്ങളിൽ പൊടിക്കാറ്റ് ശക്തം

Mail This Article
റിയാദ് ∙ സൗദിയിൽ വേനൽ ചൂട് കനക്കുന്നു. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിൽ പൊടിക്കാറ്റ് ശക്തം.
ജിദ്ദ, റാബിഗ്, ബഹ്‌റ, അൽ കാമിൽ, ഖുലൈസ് എന്നീ ഗവർണറേറ്റുകളിൽ, തുറന്ന പ്രദേശങ്ങളിലും ഹൈവേകളിലും ഉൾപ്പെടെ, വാഹനമോടിക്കുന്നവർക്ക് കാഴ്ച തടസ്സമുണ്ടാക്കുന്ന വിധം കനത്ത കാറ്റ് വൈകിട്ട് 6 മണി വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രധാനമായും അഞ്ച് മേഖലകളിൽ അന്തരീക്ഷ താപ നില ഗണ്യമായി ഉയരും.
ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. ജസാൻ, അസീർ മേഖലകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇറാഖിൽ നിന്ന് തുടങ്ങുന്ന സീസനൽ 'ബവാരിഹ്' കാറ്റിന്റെ ഫലമായി വർഷത്തിൽ ഇക്കാലയളവിൽ പൊടികാറ്റ് സാധാരണമാണെന്ന് കാലാവസ്ഥ ഗവേഷകനായ അബ്ദുൽ അസീസ് അൽ ഹുസൈനി സ്ഥിരീകരിച്ചു. അടുത്തിടെ രൂപപ്പെട്ട പൊടിക്കാറ്റ് സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളെ ബാധിക്കുകയും പിന്നീട് മധ്യമേഖലയിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.