പുതിയ ജോലിയിൽ പ്രവേശിക്കാൻ പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Mail This Article
അൽഹസ∙ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിലെ അൽഹസയിൽ അന്തരിച്ചു. പുതിയ ജോലിയിൽ പ്രവേശിക്കാനായി പോകുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഗോകുൽ സ്ട്രീറ്റിൽ പി.പി ഹൗസിൽ മുഹമ്മദ് നൗഫൽ പുത്തൻ പുരയിൽ (41) ആണ് മരിച്ചത്.
കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലുള്ള സ്ഥാപനത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ രാവിലെ പോകുന്നതിനിടെ വാഹനത്തിൽ വെച്ച് നൗഫലിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ ഹുഫൂഫിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ദുബായിൽ ജോലി ചെയ്തിരുന്ന നൗഫൽ ആറ് മാസം മുൻപാണ് ദമാമിൽ ജോലിക്കായി എത്തിയത്. തുടർന്ന് ഹുഫൂഫിലെ കമ്പനിയിൽ സ്ഥിരം ജോലി ലഭിച്ചതിനെ തുടർന്ന് അങ്ങോട്ടുള്ള യാത്രയിലായിരുന്നു അന്ത്യം.
പോക്കറും നഫീസയുമാണ് നൗഫലിന്റെ മാതാപിതാക്കൾ. ഭാര്യ റാനിയ. രണ്ട് മക്കളുണ്ട്. അൽഹസ കെഎംസിസി യുടെ നേതൃത്വത്തിൽ നൗഫലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട്.