ചെലവുകുറഞ്ഞ സുരക്ഷിത പേയ്മെന്റ് കാർഡുമായി യുഎഇ; 'ജയ്‌വാൻ' വിപണിയിൽ ലഭ്യം: അറിയാം വിശദമായി

Mail This Article
അബുദാബി ∙ യുഎഇയുടെ ദേശീയ പേയ്മെന്റ് കാർഡ് സ്കീമായ ജയ്‌വാൻ വിപണിയിൽ ലഭ്യം. ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡെബിറ്റ്, പ്രിപെയ്ഡ്, ഗിഫ്റ്റ്, ക്രെഡിറ്റ് കാർഡുകളായി ഉപയോഗിക്കാം.
ബിസിനസുകാർ ഉൾപ്പെടെ മുഴുവൻ ഉപയോക്താക്കളുടെയും ആവശ്യങ്ങൾക്കനുസരിച്ച് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പേയ്മെന്റ് സംവിധാനങ്ങൾ അനിവാര്യമായ സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു സവിശേഷ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. യുഎഇ കേന്ദ്രബാങ്കിന്റെ അനുബന്ധ സ്ഥാപനമായ അൽ എത്തിഹാദ് പേയ്മെന്റ്സ് ആണ് ജയ്‌വാൻ കാർഡിന് പിന്നിൽ.
∙ എന്താണ് ജയ്‌വാൻ കാർഡ്?
ഫോർ ദി യുഎഇ, ബൈ ദി യുഎഇ എന്ന ആശയത്തിൽ പിറവിയെടുത്ത ജയ്‌വാൻ കാർഡ് യുഎഇയുടെ ദേശീയ പേയ്മെന്റ് കാർഡ് സ്‌കീമാണ്. ആഗോള നെറ്റ്‌വർക്കുകൾക്ക് പുറമേ, രാജ്യത്തിനകത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വ്യക്തിഗത പരിഹാരങ്ങൾ നൽകുകയാണ് ലക്ഷ്യം.

∙ എന്താണ് ലക്ഷ്യം?
ആഗോള കാർഡ് നെറ്റ്‌വർക്കുകൾ വഴിയാണ് ഇത്രയും കാലം യുഎഇയിലെ ഭൂരിഭാഗം ഇടപാടുകളും നടന്നിരുന്നത്. ജയ്‌വാൻ ലക്ഷ്യമിടുന്നത് ദേശീയ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും സുരക്ഷിതമായ ലോക്കൽ പേയ്മെന്റ് സംവിധാനമായി മാറാനുമാണ്.
∙ ജയ്‌വാനിലെ കാർഡുകൾ എത്ര തരം?
1. ഡെബിറ്റ് കാർഡുകൾ: ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതാണിത്. മൊത്തം ചെലവുകൾക്ക് അനുയോജ്യം.
2. പ്രിപെയ്ഡ് കാർഡുകൾ: നിശ്ചിത തുക മാത്രം ലോഡ് ചെയ്യാവുന്നതാണ്. യാത്ര, സമ്മാനങ്ങൾ, കൃത്യമായ ബജറ്റുകൾ എന്നിവയ്‌ക്ക് ഉപകരിക്കും.
3. ക്രെഡിറ്റ് കാർഡുകൾ: താൽക്കാലികമായി ഉണ്ടാകില്ലെങ്കിലും ഭാവിയിൽ ആവശ്യം വന്നാൽ മാത്രമാണ് ഈ കാർഡ് അവതരിപ്പിക്കുക.

∙രാജ്യാന്തര ഇടപാടുകൾക്ക് ഉപയോഗിക്കാനാകുമോ?
ജയ്‌വാൻ കാർഡ് യുഎഇയിലും രാജ്യാന്തര തലത്തിലും ഉപയോഗിക്കാം. വീസ, മാസ്റ്റർകാർഡ്, യൂണിയൻ പേ, ഡിസ്കവർ പോലുള്ള ആഗോള നെറ്റ്‌വർക്കുകളുമായി കരാറുകളുണ്ട്.
∙ സവിശേഷതകൾ:
∙ഇഎംവി ചിപ്പ്, ടോക്കനൈസേഷൻ എന്നിവയ്ക്ക് പുറമെ ഉയർന്നതലത്തിലുള്ള ഫ്രോഡ് മോണിറ്ററിങ് ഉപയോഗിച്ച് ഇടപാടുകളും സുരക്ഷിതമാക്കും.
∙ ടാപ്-ടു-പേ, ഡിജിറ്റൽ വാലറ്റ് സപ്പോർട്ട്.
∙ ദേശീയ സാമ്പത്തിക സംരക്ഷണവും പ്രാദേശിക സേവനങ്ങൾക്ക് ആനുകൂല്യങ്ങളും.
∙ ഉപയോക്താക്കൾക്ക് പ്രയോജനങ്ങൾ എന്തൊക്കെ?
∙ സുരക്ഷിതവും വേഗത്തിലുമുള്ള ഷോപ്പിങ് അനുഭവം (ഓൺലൈനായാലും സ്റ്റോറിൽ നേരിട്ടെത്തിയുമുള്ള ഷോപ്പിങ് ആയാലും).
∙ എൻഎഫ് സി ടാപ്-ആൻഡ്-പേ സൗകര്യം.
∙ പ്രാദേശിക ഓഫറുകൾ, ഡിസ്‌ക്കൗണ്ടുകൾ, പ്രത്യേക സേവനങ്ങളിലേയ്ക്ക് പ്രവേശനം.
∙ വിദേശരാജ്യങ്ങളും സേവനം ലഭ്യം.
∙ ബിസിനസുകൾക്ക് പ്രയോജനകരം.
∙ പേയ്മെന്റ് പ്രോസസിങ് ചെലവ് കുറവ്.
∙ ചെറുകിട വ്യാപാരികൾക്കും ലാഭകരമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം.
∙ പണം കൈമാറ്റം ചെയ്യുന്നതിലുള്ള ആധികാരികത രാജ്യത്തിനുള്ളിൽ തന്നെ നിലനിര്‍ത്തുന്നു.
ചെലവ് നിയന്ത്രിക്കുന്നതിന് പ്രീ പെയ്ഡ് കാർഡുകൾ അനുയോജ്യമാണ്. യാത്രകൾക്കും സമ്മാനങ്ങൾ നൽകുന്നതിനും നിശ്ചിത തുക ചെലവഴിക്കുന്നതിനുമെല്ലാം കാർഡ് സുരക്ഷിതമായി ഉപയോഗിക്കാം. ജയ്വാന്റെ ക്രെഡിറ്റ് കാർഡുകൾ ഭാവിയിൽ ആവശ്യാനുസരണം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
∙ ജയ്‌വാൻ കാർഡ് എങ്ങനെ സ്വന്തമാക്കാം?
ജയ്‌വാൻ കാർഡുകൾ യുഎഇയിലെ ബാങ്കുകൾ വഴി ലഭിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്ക് ജയ്‌വാൻ കാർഡ് നൽകുന്നുണ്ടോ എന്നറിയാൻ കസ്റ്റമർ കെയർ അല്ലെങ്കിൽ ബാങ്കിന്റെ വെബ്സൈറ്റ് പരിശോധിക്കാം. എമിറേറ്റ്സ് എൻബിഡി, ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കമേഴ്സ്യൽ ബാങ്ക്, മഷ്റഖ് ബാങ്ഖ്, ദുബായ് ഇസ്‌ലാമിക് ബാങ്ക് എന്നിവയാണ് നിലവിൽ ജയ്‌വാൻ കാർഡ് അനുവദിക്കുന്നത് (പൂർണ ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും).
ബാങ്കിൽ അക്കൗണ്ട് ഉണ്ടാക്കുകയോ അല്ലെങ്കിൽ നിലവിലുള്ള അക്കൗണ്ടിലൂടെ കാർഡിനായി അപേക്ഷിക്കുകയോ ചെയ്യാം. ജയ്‌വാൻ ഡെബിറ്റ് കാർഡ് നേടാൻ നിങ്ങളുടെ ബാങ്കിൽ ചെക്കിങ് അല്ലെങ്കിൽ സേവിങ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം. പ്രീപെയ്ഡ് കാർഡുകൾക്ക് ചില ബാങ്കുകൾ അക്കൗണ്ട് ഇല്ലാതെ പോലും നൽകിയേക്കാം. ഓൺലൈൻ വഴിയോ, ബ്രാഞ്ചിൽ നേരിട്ടെത്തിയോ ചെയ്യാം.
∙ ആവശ്യമുള്ള രേഖകൾ
അപേക്ഷയുടെ ഭാഗമായി പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി പകർപ്പ്. താമസരേഖ (വീസ പകർപ്പ്), നിലവിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (അല്ലെങ്കിൽ പുതിയത് തുടങ്ങുക) എന്നീ രേഖകൾ നൽകണം. അപേക്ഷ ലഭിച്ച ശേഷം 2-7 പ്രവൃത്തി ദിനങ്ങൾക്കകം ജയ്‌വാൻ കാർഡ് ലഭിക്കും. എന്നാൽ ചില ബാങ്കുകൾ ഡിജിറ്റൽ കാർഡുകൾ ഉടൻ തന്നെ ഓൺലൈൻ വഴി നൽകും. കാർഡ് ലഭിച്ച ഉടൻ എസ്എംഎസ്/മൊബൈൽ ആപ്പ്/കസ്റ്റമർ സർവീസ് വഴി ആക്റ്റിവേറ്റ് ചെയ്യാം. അതിനുശേഷം എടിഎം, സ്റ്റോർ, ഓൺലൈൻ ഷോപ്പിങ്, ട്രാവൽ, എന്നിവയ്‌ക്ക് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
∙ ഭാവിയിലേക്ക് ഒരു ചുവടുവയ്പ്
ജയ്‌വാൻ കാർഡ് എന്നത് യുഎഇയുടെ സാമ്പത്തികാവകാശവും ഡിജിറ്റൽ സ്വയംപര്യാപ്തതയും ഉറപ്പാക്കുന്ന ഭാവിയുടെ ചവിട്ടുപടിയാണ്. ഉപയോക്താക്കളും വ്യാപാരികളും ഒരുപോലെ ആനുകൂല്യം നേടുന്ന ഈ പദ്ധതി, രാജ്യത്തിന്റെ സമഗ്രമായ സാമ്പത്തിക ദിശയെ പിന്തുണയ്ക്കുന്ന വലിയൊരു സംരംഭമാണിത്.