കാഴ്ചകളുടെ പുത്തൻ ലോകം തീർത്ത് ലൂവ്റ് അബുദാബി മ്യൂസിയം

Mail This Article
അബുദാബി ∙ കാഴ്ചകളുടെ കലവറയൊരുക്കി ലൂവ്റ് അബുദാബി മ്യൂസിയം പുതിയ പ്രദർശനത്തിന് ഒരുങ്ങുന്നു. വൈവിധ്യമാർന്ന കലാപാരമ്പര്യങ്ങളും കാഴ്ചപ്പാടുകളും സമന്വയിപ്പിച്ചുള്ള പ്രദർശനം നൂറ്റാണ്ടുകളുടെയും ഭൂഖണ്ഡങ്ങളുടെയും കഥ പറയും. ചരിത്ര പാരമ്പര്യങ്ങൾ, സമകാലിക ആവിഷ്കാരങ്ങൾ എന്നിവയിലൂടെ സാംസ്കാരിക സംഭാഷണത്തിന്റെയും കലാപരമായ കണ്ടെത്തലിന്റെയും കേന്ദ്രമാവുകയാണ് മ്യൂസിയം.
മ്യൂസി ഡു ലൂവ്റ്, ഫ്രാൻസ് മ്യൂസിയം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മംലൂക്സ്: ലെഗസി ഓഫ് ആൻ എംപയർ എന്ന പ്രദർശനത്തിലൂടെയാണു തുടക്കം. മംലൂക്ക് രാജവംശത്തിലേക്കും അതിന്റെ സാംസ്കാരിക സ്വാധീനത്തിലേക്കും ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതാണു പ്രദർശനം. തുടർന്ന് ആർട് ഹിയർ 2025, റിച്ചാർഡ് മില്ലെ ആർട് പ്രൈസ്, റിച്ചാർഡ് മില്ലെ എന്നിവയുമായി സഹകരിച്ച് ജിസിസി, ജപ്പാൻ എന്നിവിടങ്ങളിലെ സമകാലിക കലാകാരന്മാരുടെയും മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിലെയും കലാകാരന്മാരുടെ സൃഷ്ടികൾ ഉൾപ്പെടുത്തി മറ്റൊരു പ്രദർശനവും ഒരുക്കുന്നുണ്ട്. മ്യൂസി നാഷനൽ പിക്കാസോ പാരിസ്, ഫ്രാൻസ് മ്യൂസിയം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പിക്കാസോ, ദി ഫിഗർ എന്ന പ്രദർശനത്തിൽ മനുഷ്യ രൂപത്തോടുള്ള പിക്കാസോയുടെ വിപ്ലവകരമായ സമീപനവും കാണാം.
സന്ദർശകർക്ക് പ്രചോദനാത്മകമായ അനുഭവങ്ങൾ നൽകാനാണു നവീന പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് ലൂവ്റ് അബുദാബി ഡയറക്ടർ മാനുവൽ റബാത് പറഞ്ഞു. സാംസ്കാരിക പൈതൃകവും പുതുമയും ആഘോഷിക്കുന്ന മാസ്റ്റർപീസുകൾ പ്രദർശിപ്പിച്ച് പൗരസ്ത്യ, പാശ്ചാത്യ കലാ പാരമ്പര്യങ്ങൾ തമ്മിലുള്ള വ്യത്യാസം അനുഭവിച്ചറിയാനുള്ള അവസരം കൂടിയാണിതെന്നും കൂട്ടിച്ചേർത്തു.

ഇതിലൂടെ അർഥവത്തായ സാംസ്കാരിക കൈമാറ്റത്തിനുള്ള ഒരു ഇടം എന്ന നിലയിൽ മ്യൂസിയത്തിന്റെ പങ്കു വീണ്ടും ഊട്ടിയുറപ്പിക്കുകയാണ്. വ്യത്യസ്ത സംസ്കാരങ്ങളിലും കാലഘട്ടങ്ങളിലും കലാപരമായ ആവിഷ്കാരത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് പകരാനും ഇതുവഴി സാധിക്കുന്നുവെന്നും പറഞ്ഞു.