വന്യമൃഗാക്രമണം തടയാൻ 'ഓപൺ സീസൺ' അനുവദിക്കണം: എം. എ. നിഷാദ്

Mail This Article
ദുബായ് ∙ കേരളത്തിലെ വനമേഖലയിൽ ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ 'ഓപൺ സീസൺ' അനുവദിക്കണമെന്ന് സംവിധായകൻ എം.എ.നിഷാദ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലടക്കം, വംശനാശം നേരിടാത്തതും എന്നാൽ മനുഷ്യ ജീവന് അപകടമുണ്ടാക്കുന്നതുമായ വന്യജീവികളെ വകവരുത്താനുള്ള നിശ്ചിത സമയം അനുവദിക്കുന്ന 'ഓപൺ സീസൺ' നടപ്പിലാക്കുന്നുണ്ട്.
എന്നാൽ ഇന്ത്യയിൽ ഇതുവരെ ഇതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. വനം മൃഗങ്ങൾക്കുള്ളതാണ്. അതിൽ മനുഷ്യൻ അതിക്രമിച്ച് കടക്കേണ്ടതില്ല. മൃഗങ്ങളുടെ അരികിലേയ്ക്ക് മനുഷ്യൻ കടന്നുചെന്ന് വനസമ്പത്ത് കൈക്കലാക്കാൻ ശ്രമിക്കുമ്പോഴാണ് അവ ഭയചകിതരാകുന്നതും നാട്ടിലേക്കിറങ്ങി അക്രമാസക്തരാകുന്നതും. ആദിവാസികൾക്കില്ലാത്ത അവകാശം വനത്തിന്റെ കാര്യത്തിൽ മറ്റാർക്കും വേണ്ടതില്ല.
മനുഷ്യൻ കാടിനുള്ളിൽ കയറി റിസോർട്ടും മറ്റും സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ കാടുകളിൽ പതിയിരിക്കുന്ന യഥാർഥ വില്ലന്മാരെ പുറത്തുകൊണ്ടുവരുന്ന തന്റെ ഏറ്റവും പുതിയ മലയാള ചിത്രമായ 'ലേർക്കി'ന്റെ (LURK) വിശേഷങ്ങൾ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുകയായിരുന്നു നിഷാദ്. ദുബായിലെ കൃഷ്ണകലാ മൂവിസിന്റെ പിന്തുണയോടെ നിഷാദിന്റെ തന്നെ കേരള ടാക്കീസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

വനമേഖലയിൽ ജീവിക്കുന്ന മനുഷ്യർ ഇന്ന് ഏറെ വിഷമതകൾ അനുഭവിക്കുന്നു. മണ്ണിനോടും പ്രകൃതിയോടും പടവെട്ടി ജീവിക്കുന്നവർക്ക് ഇന്ന് വന്യജീവികളുടെ ആക്രമണങ്ങളെയും നേരിടേണ്ടി വരുന്നു. ഇതുമൂലം അവരുടെ ജീവിതം ദുസ്സഹമാണ്. ജീവനും സ്വത്തിനും സംരക്ഷണം കിട്ടാത്ത അവസരത്തിൽ ലേർക്ക് പോലെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം.

വയനാട്ടിലെ ആദിവാസികൾ നേരിടുന്ന ഭൂമിയുടമസ്ഥാവകാശ പ്രശ്നങ്ങളും ആത്മഹത്യാപരമ്പരയും കാണിച്ചുതന്ന പകൽ (2006), നഗരത്തിലെ ഭൂ മാഫിയ, അധികാര ദുരുപയോഗം, ഇതുവഴിയുള്ള സംഘർഷം എന്നവ പ്രമേയമാക്കിയ വൈരം (2009), കേരള-തമിഴ്നാട് അതിർത്തിയിൽ ജല പ്രശ്നം പറഞ്ഞ കിണർ (2018) തുടങ്ങിയ നിഷാദ് സംവിധാനം ചെയ്ത ചിത്രങ്ങളുടെ ശ്രേണിയിലേയ്ക്കാണ് ലേർക്ക് എത്തുന്നത്. എന്നാൽ, ഇതിൽ കൊമേഴ്സ്യൽ ഘടകങ്ങളും ഉണ്ട്. ആരാണ് യഥാർഥ വേട്ടക്കാരൻ, മനുഷ്യനാണോ അല്ല മൃഗങ്ങൾ തന്നെയാണോ എന്ന് ഈ ചിത്രത്തിലൂടെ കാണിച്ചു തരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിഷാദ് കഥയെഴുതി അദ്ദേഹവും ജുബിൻ ജേക്കബും തിരക്കഥയൊരുക്കുന്ന ലേർക്കിൽ സൈജു കുറുപ്പ്, സുധീർ കരമന, മഞ്ജുപിള്ള, ടി.ജി.രവി, ജാഫർ ഇടുക്കി, പ്രശാന്ത് അലക്സാണ്ടർ, പ്രശാന്ത് മുരളി, അജു വർഗീസ്, മുത്തുമണി, സോഹൻ സിനുലാൽ, സരിത കൊക്കു, വിജയ് മേനോൻ, അഖിൽ നമ്പ്യാർ തുടങ്ങിയ വൻ താരനിരയുണ്ട്. പ്രവാസികളായ രണ്ട് പേർക്കടക്കം ഒട്ടേറെ പുതുമുഖങ്ങൾക്കും അവസരം നൽകി.

ഫിറോസ് അബ്ദുല്ല, ബിജു കാസിം എന്നീ പ്രവാസികളെയും നാടക രംഗത്ത് തിന്ന് സീതാ മനോജ് (ബംഗളുരു), ഷീജ ബക്കപ്പാടി (മുംബൈ) എന്നീ നടിമാരെയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. എം.എ.നിഷാദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുമോളാണ് നായിക. രജീഷ് റാമാണ് ഛായാഗ്രഹണം.
പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്. മിനീഷ് തമ്പാൻ-മനു മഞ്ജിത് ടീമിന്റെ ഒരു പാട്ടുമുണ്ട്. 20 ദിവസം കൊണ്ട് വയനാട്, കുട്ടിക്കാനം എന്നീ വനമേഖലയിൽ ചിത്രീകരണം പൂർത്തിയാക്കിയ ലേർക്കിന്റെ പോസ്റ്റ് പ്രൊഡക് ഷൻ ജോലികൾ നടന്നുവരുന്നു. എന്നാൽ റീലീസ് തിയതി തീരുമാനിച്ചിട്ടില്ല. ഒരു തമിഴ് ചിത്രം ഉൾപ്പെടെ എം,എ.നീഷാദിന്റെ 120ാമത്തെ ചിത്രമാണ് ലേർക്ക്.