156 പ്രവാസികൾക്ക് ഒമാൻ പൗരത്വം; ഉത്തരവ് പുറപ്പെടുവിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്

Mail This Article
മസ്കത്ത്∙ 156 പ്രവാസികൾക്ക് ഒമാൻ പൗരത്വം അനുവദിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്തിടെ പരിഷ്കരിക്കുകയും കൂടുതൽ ലളിതമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുൽത്താൻ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. പൊതുതാൽപര്യവും മുൻനിർത്തിയാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്.
പൗരത്വവുമായി ബന്ധപ്പെട്ട അപേക്ഷകൾ ആഭ്യന്തര മന്ത്രാലയത്തിലാണ് സമർപ്പിക്കേണ്ടത്. മന്ത്രാലയം ഈ അപേക്ഷകൾ പഠിക്കുകയും, നിയമങ്ങളിൽ പറഞ്ഞിട്ടുള്ള നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. മതിയായ കാരണങ്ങൾ ബോധിപ്പിക്കാതെ ഏതൊരു അപേക്ഷയും മന്ത്രാലയത്തിന് നിരസിക്കാവുന്നതാണ്. പൗരത്വ വിഷയങ്ങളോ അതുമായി ബന്ധപ്പെട്ട തർക്കങ്ങളോ പരിഗണിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു രാജ്യത്തിന്റെ പൗരത്വം അനുവദനീയമല്ല. ആഭ്യന്തര മന്ത്രിയുടെ പ്രത്യേക ശുപാർശയുടെ അടിസ്ഥാനത്തിൽ രാജകീയ ഉത്തരവ് ഉണ്ടായാൽ മാത്രമേ ഇതിന് മാറ്റമുണ്ടാകൂ. പിതാവ് പൗരത്വം ഉപേക്ഷിക്കുന്നതു കാരണം പ്രായപൂർത്തിയാകാത്തവർക്ക് ഒമാനി പൗരത്വം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. ആഭ്യന്തര മന്ത്രിയുടെ ശുപാർശ പ്രകാരം ഒമാനി പൗരത്വം നൽകാനും, പിൻവലിക്കാനും, എടുത്തുമാറ്റാനും, പുനഃസ്ഥാപിക്കാനും സാധിക്കും.
ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്ഥാപിക്കപ്പെട്ടതോ ആയ ആളുകൾ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള പൗരാവകാശങ്ങൾക്ക് അർഹരായിരിക്കും. പൗരത്വം നൽകിയെന്നോ പുനഃസ്ഥാപിച്ചെന്നോ ഉള്ള രാജകീയ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന തീയതി മുതലാണ് ഈ അവകാശങ്ങൾ ലഭിക്കുക.