രണ്ട് പൊതു അവധികൾക്കിടയിൽ പ്രവൃത്തി ദിനം വന്നാൽ അവധി; ഖത്തറിൽ ഇനി പൊതു അവധികൾ ഇങ്ങനെ

Mail This Article
ദോഹ ∙ ഖത്തറിന്റെ ഔദ്യോഗിക പൊതു അവധികൾ സംബന്ധിച്ച മന്ത്രിതല തീരുമാനത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അംഗീകാരം. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ ഗസറ്റ് പ്രകാരം ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) അവധി റമസാന്റെ 28–ാമത്തെ ദിവസം മുതൽ ശവ്വാൽ മാസത്തിലെ നാലാമത്തെ ദിവസം വരെയായിരിക്കും. ഈദ് അൽ അഥ (ബക്രീദ് ) അവധി ദുൽ ഹജ്ജിന്റെ 9–ാം ദിവസം മുതൽ 13–ാമത്തെ ദിവസം വരെ ആയിരിക്കും.
ചെറിയ പെരുന്നാൾ, ബക്രീദ് അവധികൾക്ക് ശേഷം ഡിസംബർ 18ന് ദേശീയ ദിനത്തിലാണ് അടുത്ത അവധി വരുന്നത്. രണ്ട് അവധി ദിവസങ്ങൾക്കിടയിലായി ഒരു പ്രവൃത്തി ദിനം വന്നാൽ അത് അവധി ദിനങ്ങളിൽ ഉൾപ്പെടുത്തും. ഔദ്യോഗിക പൊതു അവധികൾക്കിടയിൽ വാരാന്ത്യം കടന്നു വന്നാൽ വാരാന്ത്യ ദിനങ്ങളും പൊതു അവധി ദിനങ്ങളായി കണക്കാക്കുമെന്നും ഗസറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.