മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ റാസൽഖൈമ ഭരണാധികാരി പങ്കെടുത്തു

Mail This Article
റാസൽഖൈമ / റോം ∙ വത്തിക്കാനിൽ നടന്ന ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുത്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായിട്ടാണ് അദ്ദേഹം പങ്കെടുത്തത്.
ഇറ്റാലിയൻ തലസ്ഥാനമായ റോമിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒട്ടേറെ രാഷ്ട്രത്തലവന്മാരുടെയും നേതാക്കളുടെയും ലോക പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സമാധാനം, സഹവർത്തിത്വം, സാംസ്കാരിക സംവാദം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ലിയോ പാപ്പ വിജയിക്കട്ടെ എന്ന് ഷെയ്ഖ് സൗദ് ആശംസിച്ചു.
മാനുഷിക ദൗത്യങ്ങളോടുള്ള പ്രതിബദ്ധതയും ആഗോളതലത്തിൽ സമാധാനം, സഹവർത്തിത്വം, സഹിഷ്ണുത എന്നിവ ഏകീകരിക്കുന്നതിന് ലിയോ പതിനാലാമൻ മാർപാപ്പയുടെ കൂടെ പ്രവർത്തിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്. 2019 ൽ അബുദാബിയിൽ അൽ അസ്ഹർ ഗ്രാൻഡ് ഇമാം പ്രഫ. അഹമ്മദ് അൽ-തായ്ബും കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയും ഒപ്പുവച്ച മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയിലൂടെ, ലോകമെമ്പാടുമുള്ള മതങ്ങൾക്കിടയിൽ സഹിഷ്ണുത, സമാധാനം, സംഭാഷണം എന്നീ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചതായും അദ്ദേഹം പറഞ്ഞു.