പൈലറ്റ് ഉറങ്ങി, വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; തിരിച്ചറിയാൻ കഴിയാത്തവിധം കത്തിയമർന്ന് മൃതദേഹങ്ങൾ: അഗ്നിക്കിരയായ പ്രതീക്ഷകൾക്ക് 15 വയസ്സ്

Mail This Article
ദുബായ് ∙ സാധാരണക്കാരായ ഒട്ടേറെ പ്രവാസികളുടെ സ്വപ്നങ്ങൾ പാതിവഴിയിൽ അഗ്നിക്കിരയാക്കിയ മംഗളൂരു വിമാന ദുരന്തത്തിന് മേയ് 22 ന് 15-ാം വാർഷികം. അപകടത്തിന്റെ കണ്ണീരിൽ കുതിർന്ന ഓർമകളിൽ നിന്ന് ഇനിയും മോചിതരാകാത്ത പ്രവാസി കുടുംബങ്ങളേറെ.
2010 മേയ് 22ന് പുലർച്ചെ 6.20 നാണ് 158 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്. ദുബായിൽ നിന്ന് പുറപ്പെട്ട ഐഎക്സ് 812 വിമാനം മംഗളൂരു ബജ്പെ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് തെന്നിമാറി വലിയ കുഴിയിലേക്ക് പതിക്കുകയായിരുന്നു. ലാൻഡിങ് സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറി ഇറങ്ങി നേരെ സിഗ്നൽ ടവറുമായി ഇടിച്ച് താഴെയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ തകർന്നതോടെ തീപിടിക്കുകയായിരുന്നു.
അപകടാന്വേഷണ റിപ്പോർട്ട് പ്രകാരം പൈലറ്റ് ക്യാപ്റ്റൻ സ്ലാറ്റ്കോ ഗ്ലുസിക്കയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പിശകാണ് അപകടത്തിന് കാരണമായത്. കോ പൈലറ്റിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് സ്ലാറ്റ്കോ ലാൻഡിങ് തുടരുകയായിരുന്നു. വിമാനം റൺവേയിൽ ഉചിതമായ സ്ഥലത്ത് ടച്ച്‌ഡൗൺ ചെയ്യാതെയുള്ള ലാൻഡിങ്ങും ബ്രേക്കിങ്ങും വൈകിയതും അപകടത്തിൽ കലാശിച്ചു.
കണ്ണൂർ, കാസർകോട്, മംഗളൂരു സ്വദേശികളായ 152 യാത്രക്കാരും ആറ് വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കഫ്റ്റീരിയ, ഗ്രോസറി തുടങ്ങിയ സ്ഥാപനങ്ങളിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്നവർ മുതൽ ഉയർന്ന തസ്തികകളിൽ പ്രവർത്തിക്കുന്നവരും ബിസിനസുകാരും വരെ മരണത്തിന് കീഴടങ്ങി. സന്ദർശക വീസയിലെത്തി മടങ്ങുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. പരുക്കുകളോടെ രക്ഷപ്പെട്ടവരിൽ മിക്കവരും പിന്നീട് പ്രവാസ ജീവിതം ഉപേക്ഷിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മനസിൽ ഇന്നും നോവുന്ന ഓർമയായി വിമാനദുരന്തത്തിന് ഇരയായവരുടെ മുഖങ്ങളുമുണ്ട്.
ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗളൂരുവിലേത്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തിക്കരിഞ്ഞുപോയതിനാൽ ഒന്നിച്ച് സംസ്കരിക്കുകയായിരുന്നു. അപകടത്തിൽ തിരിച്ചറിയാൻ കഴിയാത്ത 12 മൃതദേഹങ്ങൾ ഫാൽഗുനി നദിക്കരയിലെ കുളൂർ-തന്നിർഭാവി റോഡരികിൽ സംസ്‌കരിച്ചു. ഇവിടെയാണ് 2018-ൽ പുതിയ സ്മാരകം നിർമിച്ചത്. എല്ലാ വർഷവും മേയ് 22-ന് ജില്ലാതലത്തിൽ അനുസ്മരണ ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. വിമാനദുരന്തത്തിന്റെ ഓർമയ്ക്ക് അപകടം നടന്ന സ്ഥലത്ത് ചെറിയൊരു സ്മാരകം നിർമിച്ചിരുന്നുവെങ്കിലും അതിപ്പോൾ കാടുപിടിച്ച അവസ്ഥയിലാണ്.
എന്നാൽ, മരിച്ചവരോടുള്ള അനാദരവായി ഇവരുടെ കുടുംബാംഗങ്ങൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകാനും അധികൃതർ വൈമുഖ്യം കാണിച്ചു. പലരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും നിയമയുദ്ധം നടത്തിയാണ് അർഹതപ്പെട്ടത് സ്വന്തമാക്കിയത്. നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യണമെന്നും മറ്റ് നടപടികൾ പെട്ടെന്ന് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാസർകോട് മുൻ എംപി പി.കരുണാകരൻ മംഗ്ലുരുവിലെ എയർ ഇന്ത്യാ ഓഫിസിന് മുൻപിൽ ധർണ നടത്തിയിരുന്നു.
അപകടമുമുണ്ടായ ഉടൻ സിവിൽ വ്യോമയാന, എയർ ഇന്ത്യ, എയർപോർട്ട് ഉദ്യോഗസ്ഥരും ജീവനക്കാരും സംഭവ സ്ഥലത്ത് ഓടിയെത്തി നാട്ടുകാരോടൊപ്പം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു. 2010 ജൂൺ മൂന്നിന് ഇന്ത്യൻ ഗവൺമെന്റ് എയർ സ്റ്റാഫ് മുൻ വൈസ് ചീഫ് എയർ മാർഷൽ ബുഷാൻ നിൽകാന്ത് ഗോഖലെയെ അന്വേഷണച്ചുമതല ഏൽപിച്ചു. സാധാരണ പറന്നിറങ്ങുന്ന സ്ഥലത്ത് നിന്ന് 2000 അടി(610 മീറ്റർ) മാറിയതാണ് അപകടത്തിന് കാരണമായത്. പൈലറ്റ് കോക് പിറ്റിൽ ഉറങ്ങിയതാണ് ഇതിന് വഴിവച്ചത്. ഈ ദുരന്തം ഇന്ത്യയിലെ വിമാനസുരക്ഷാ മാനദണ്ഡങ്ങൾക്കുള്ള വലിയ മുന്നറിയിപ്പായി മാറി. പൈലറ്റ് പരിശീലനം, റൺവേ സുരക്ഷ, വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയും ഈ ദുരന്തം ഓർമപ്പെടുത്തുന്നു.
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരുക്കേറ്റവർക്ക് അരലക്ഷം രൂപയും അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നാഷനൽ റിലീഫ് ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. അന്നത്തെ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയും രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ചു. മൊൻട്രിയൽ കോൺവൻസേഷൻ പ്രകാരമുള്ള 72 ലക്ഷം രൂപ വീതം ദുരന്തത്തിന് ഇരയായ ഓരോ കുടുംബത്തിനും നൽകാനും സിവിൽ വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. 12 വയസ്സിന് മുകളിലുള്ളവർക്ക് 10 ലക്ഷം രൂപയും താഴെയുള്ളവർക്ക് അഞ്ച് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും വിമാനക്കമ്പനിയും താത്കാലിക നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എയർ ഇന്ത്യ ജോലിയും വാഗ്ദാനം ചെയ്തു. പക്ഷേ, ഇതിൽ പലതും യാഥാർഥ്യമായില്ല. എന്ത് നഷ്ടപരിഹാരം ലഭിച്ചാലും തങ്ങളുടെ പ്രിയപ്പെട്ടവർ ഇനി തിരിച്ചുവരില്ലല്ലോ എന്നാണ് ദുഃഖാർത്തരായ കുടുംബാംഗങ്ങൾ പറയുന്നത്.
∙ നാട്ടിൽ വീണ്ടും കാണാമെന്ന് പറഞ്ഞിട്ട്...
പ്രിയപ്പെട്ട ഇബ്രാഹിം ഖലീൽ, അന്ന് ദുബായിൽ വച്ച് പിരിയുമ്പോൾ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർമയുണ്ട്. നാട്ടിൽ വീണ്ടും കാണാം എന്ന വാക്കു പാലിക്കാതെ പ്രിയ ജ്യേഷ്ഠ സഹോദരാ, നിങ്ങൾ പൊയ്ക്കളഞ്ഞല്ലോ - മംഗളൂരു വിമാനാപകടം നഷ്ടപ്പെടുത്തിയ അടുത്ത ബന്ധുവും കാസർകോട്ടെ കലാ, കായിക, സാമൂഹിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യവുമായിരുന്ന ഇബ്രാഹിം ഖലീൽ തളങ്കരയുടെ മുഖം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ നിസാർ തളങ്കരയുടെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മായുന്നില്ല.

വ്യക്തിപരമായി മാത്രമല്ല, രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ തന്നെ വലിയ നഷ്ടമാണ് ഇബ്രാഹിം ഖലീലിന്റെ വിയോഗത്തിലൂടെ സംഭവിച്ചത്. കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം ഒട്ടനവധി പാവപ്പെട്ടവർക്ക് കൈത്താങ്ങായിരുന്നു. മംഗളൂരു വിമാനാപകടം സംഭവിക്കുന്നതിന് ഒരാഴ്ച മുൻപായിരുന്നു അദ്ദേഹം യുഎഇയിലെത്തിയത്. അത്രയും ദിവസം ഞങ്ങൾ ഒന്നിച്ചു തന്നെയായിരുന്നു. വളരെ പെട്ടെന്നായിരുന്നു ആ വിമാനത്തിൽ മടങ്ങാൻ അദ്ദേഹം തീരുമാനിച്ചത്. അതേസമയം, ഞാൻ മറ്റൊരു വിമാനത്തിൽ തിരുവനന്തപുരത്തേയ്ക്കും യാത്രയായി. നാല് ദിവസത്തിന് ശേഷം കാസർകോട്ട് വീണ്ടും കാണാം എന്ന് പറഞ്ഞായിരുന്നു പിരിഞ്ഞത്. എന്നാൽ വിധി ബാക്കി വച്ചത് മറ്റൊന്നായിരുന്നു-നിസാർ തളങ്കര പറഞ്ഞു.

തിരുവനന്തപുരത്ത് താമസിച്ച ഹോട്ടലിലെത്തിയപ്പോഴാണ് ഞാനറിയുന്നത്, മംഗലാപുരത്ത് വിമാനാപകടമുണ്ടായെന്നും ഒട്ടേറെ ജീവനുകൾ പൊലിഞ്ഞെന്നും. അതിൽ എന്റെ പിതാവിന്റെ അടുത്ത ബന്ധു കൂടിയായ ഇബ്രാഹിം ഖലീൽ തളങ്കരയുമുണ്ടെന്ന് ഉറപ്പായപ്പോൾ ആകെ തകർന്നുപോയി. വിദ്യാഭ്യാസ, കലാ കായിക രംഗത്തെല്ലാം ഇബ്രാഹിം ഖലീൽ അവിഭാജ്യ ഘടകമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കാസർകോടിന് തന്നെ വലിയ നഷ്ടമാണുണ്ടാക്കിയത്.
അദ്ദേഹത്തെ കൂടാതെ, നേരിട്ടറിയാവുന്നവരും അല്ലാത്തവരുമായ ഒട്ടേറെ പേർക്ക് അന്ന് ജീവൻ നഷ്ടപ്പെട്ടു. ഓരോ മേയ് 22 ഉം ആ ഓർമകൾ ജ്വലിപ്പിക്കുന്നു. നാട്ടിലേക്കുള്ള യാത്രയിൽ എന്നെന്നേയ്ക്കുമായി വിടപറഞ്ഞവരേ, നിങ്ങൾക്ക് ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു.