ഒമാനില്‍ നാല് മാസത്തിനിടെ ആയിരത്തിലേറെ തീപിടിത്തങ്ങള്‍

Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ വാണിജ്യ സ്ഥാപനങ്ങള്‍, താമസ കെട്ടിടങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവിടങ്ങളിലായി 1,204 തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി.
മേയ് മാസത്തില്‍ താപനില ക്രമാനുഗതമായി ഉയര്‍ന്ന സാഹചര്യത്തില്‍ തീപിടിത്ത സാധ്യതയും വര്‍ധിച്ചു. തെറ്റായ രീതിയിലുള്ള വൈദ്യുത ഇന്‍സ്റ്റാളേഷന്‍, എയര്‍ കണ്ടീഷനറുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിലെ അശ്രദ്ധ തുടങ്ങിയവയാണ് തീപിടിത്തങ്ങളുടെ പ്രധാന കാരണങ്ങളെന്ന് സിവില്‍ ഡിഫന്‍സ് ഫസ്റ്റ് ലെഫ്റ്റനന്റ് അലി ബിന്‍ സെയ്ദ് അല്‍ ഫാര്‍സി പറഞ്ഞു.
മേയ്, ജൂണ്‍ തുടങ്ങി വേനല്‍ക്കാലത്ത് തീപിടിത്തങ്ങളില്‍ ആപേക്ഷികമായ വര്‍ധനവുണ്ടാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആളുകളുടെ സുരക്ഷിതമല്ലാത പ്രവര്‍ത്തനങ്ങളും ശരിയായ രീതിയില്‍ സൗകര്യങ്ങള്‍ ഇല്ലാതിരിക്കലോ ഇതിന് കാരണമാകുന്നുവെന്നും അലി ബിന്‍ സെയ്ദ് അല്‍ ഫാര്‍സി പറഞ്ഞു.
സുരക്ഷ ഉറപ്പാക്കാം
∙ വൈദ്യുതി ഉപകരണങ്ങള്‍ സുരക്ഷിതാമാണെന്ന് ഉറപ്പാക്കുക
∙ ഉറങ്ങുമ്പോഴോ പുറത്തുപോകുമ്പോഴോ വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക
∙ തുറന്ന സ്ഥലങ്ങളില്‍ തീയിടുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് ചൂടുള്ള സമയങ്ങളില്‍
∙ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ കത്തുന്ന വസ്തുക്കള്‍ സൂക്ഷിക്കരുത്
∙ വീട്ടിലും വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ അഗ്നിശമന ഉപകരണങ്ങള്‍ സൂക്ഷിക്കുക, ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കുക
∙ തീപിടിത്തമുണ്ടായാല്‍ ഉടന്‍ തന്നെ 9999 എന്ന എമര്‍ജന്‍സി നമ്പറിലോ, 24343666 എന്ന നമ്പറിലോ വിളിച്ച് അറിയിക്കുക